വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന് ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകള്‍ അര്‍പ്പിച്ചത്. സഹകരിക്കേണ്ട കാര്യങ്ങളില്‍ പൂര്‍ണമായി സഹകരിച്ചും തിരുത്തേണ്ടവ തിരുത്തിച്ചും ക്രിയാത്മക പ്രതിപക്ഷമായി ഉണ്ടാകും. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കുന്നില്ലെന്നും ഓണ്‍ലൈനായി ചടങ്ങുകാണുമെന്നും ചെന്നിത്തല പറഞ്ഞു. നേരത്തെ സത്യപ്രതിജ്ഞ നടക്കുന്ന സെന്‍ട്രന്‍ സ്റ്റേഡിയത്തിലേക്ക് എത്തേണ്ടതില്ലെന്ന് യു.ഡി.എഫ് നിലപാടെടുത്തിരുന്നു.
ഉച്ചക്ക് ശേഷം മൂന്നരക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ തീരുമാനിച്ചിട്ടുള്ളത്. വൈകിട്ട് അഞ്ചരയോടെ ആദ്യ മന്ത്രിസഭാ യോഗവും നടക്കും. അതേസമയം പ്രതിപക്ഷ നേതാവ് ആരാകുമെന്ന കാര്യത്തില്‍ യു.ഡി.എഫില്‍ ഇതുവരെ തീരുമാനമായിട്ടില്ല. രമേശ് ചെന്നിത്തലയ്‌ക്കൊപ്പം വി.ഡി സതീശന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. പാര്‍ട്ടിയിലെ യുവനിര വി.ഡി സതീശന്‍ തന്നെ എത്തണമെന്നാണ് ആവശ്യപ്പെടുന്നത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 21 മന്ത്രിമാരും പുന്നപ്ര വയലാറിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചാണ് സത്യപ്രതിജ്ഞാ ദിനത്തിന് തുടക്കം കുറിച്ചത്. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാന്‍ ഡല്‍ഹിയില്‍ നിന്നെത്തും. കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് രണ്ടരമീറ്റര്‍ അകലത്തിലാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കസേരകളെല്ലാം ഒരുക്കിയിരിക്കുന്നത്.