എട്ടും പൊട്ടും തിരിയാത്ത പാവം പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന മട്ടില്‍ നില്‍ക്കുകയാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍. ഓരോ ദിവസവും ഓരോ കശ്മലന്‍മാര്‍ വന്ന് കൈക്ക് പിടിച്ചു കൊണ്ടുപോയി ചതിച്ച് വഴിയിലുപേക്ഷിക്കുകയാണ്. എന്നിട്ട് കുറ്റമെല്ലാം ചതിക്കപ്പെട്ട സര്‍ക്കാരിനാണ്! ചതിയന്മാര്‍ കേമന്മാരായി ഞെളിഞ്ഞു നടക്കുന്നു. കാലാവധി പൂര്‍ത്തിയാകാറായപ്പോഴാണ് പിണറായി സര്‍ക്കാരിനെ ചൂഴ്ന്നു നിന്ന ഈ ചതിക്കഥകള്‍ ഒന്നൊന്നായി പുറത്തു വന്നു തുടങ്ങുന്നത്. അക്കൂട്ടത്തില്‍ ഒടുവിലത്തേതാണ് ആഴക്കടല്‍ ചതി.
കേരളത്തെ എങ്ങനെയും ഒന്നു വികസിപ്പിച്ചു കളയാമെന്നു കരുതി ചെയ്ത നല്ല കാര്യത്തിനാണ് ആരും പ്രതീക്ഷിക്കാത്ത ആന്റി ക്ലൈമാക്‌സ്. ഇതു കുത്തിപ്പൊക്കിക്കൊണ്ടുവന്ന രമേശ് ചെന്നിത്തലയെ എങ്ങനെ പ്രാകാതിരിക്കും. പ്രതിപക്ഷനേതാവ് പുലിയാണെന്നു കാണിക്കാന്‍ ഇങ്ങേര് ചെയ്തു കൂട്ടുന്നതെല്ലാം സര്‍ക്കാരിന്റെ കിറ്റു വികസന തുടര്‍ ഭരണ സ്വപ്നങ്ങളെ തകര്‍ക്കുമോ എന്നാണ് ഭയം. ആശ്രയം അയ്യപ്പ സ്വാമി മാത്രം!
അല്ലെങ്കില്‍ ഒരു നല്ല കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടിട്ട്, ആസകലം നാറി കരപറ്റേണ്ടിവരുമായിരുന്നുവോ? വികസിപ്പിച്ച് വികസിപ്പിച്ച് കേരളത്തെ ദൈവത്തിന്റെ സ്വര്‍ഗ്ഗ ഭൂമിയാക്കാമെന്നായിരുന്നുവല്ലോ അധികാരത്തില്‍ കയറും മുമ്പ് പിണറായി സഖാവ് നല്‍കിയ വാഗ്ദാനം. അത് അക്ഷരം പ്രതി പാലിക്കണമല്ലോ മുഖ്യമന്ത്രിയും മന്ത്രിമാരും.
മധുര മനോജ്ഞ ചൈന വിട്ട് ലോക പോലീസ് എന്ന് നമ്മള്‍ ആക്ഷേപിച്ചിട്ടുള്ള അമേരിക്കയിലേക്ക് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വരെയുള്ളവര്‍ വച്ചു പിടിച്ചത് അവിടം കാണാനുള്ള പൂതി കൊണ്ടൊന്നുമായിരുന്നില്ലല്ലോ. പത്തു പുത്തന്‍ എവിടെ നിന്നെങ്കിലുമൊക്കെ സംഘടിപ്പിച്ചു കൊണ്ടുവന്ന് നമ്മുടെ നാടിനെ ഒന്നു വികസിപ്പിക്കണം. അങ്ങനെ അവിടെ ചെന്ന് എത്രയോ പേരെ കണ്ടിരിക്കുന്നു. പണക്കാരെയല്ലാതെ പാവങ്ങളെ കണ്ടിട്ട് അവിടെ നിന്നൊന്നും കിട്ടാനില്ലല്ലോ. കോടീശ്വരന്മാരെ ഒന്നൊന്നായി കണ്ടു. നിക്ഷേപിക്കാമെന്നു പറഞ്ഞവരെ പേര്‍ത്തും പേര്‍ത്തും കണ്ടു. അങ്ങനെ കണ്ടവരില്‍ അമേരിക്കന്‍ കമ്പനിയായ ഇ.എം.സി. മേധാവിയും ഉണ്ടായിരുന്നു. 5000 കോടി കേരളത്തില്‍ മുടക്കാന്‍ പുള്ളി തയ്യാര്‍. പിന്നെ കേരളത്തിലേക്ക് ക്ഷണിക്കുക സ്വാഭാവികം.
നിക്ഷേപക സംഗമത്തില്‍ മേല്‍പ്പടിയാന്‍ പങ്കെടുക്കുന്നു. ആഴക്കടല്‍ മത്സ്യ ബന്ധനത്തിന്റെ പദ്ധതി സമര്‍പ്പിക്കുന്നു. 400 മത്സ്യബന്ധന ട്രോളര്‍ ഉണ്ടാക്കാനുള്ള രൂപരേഖയും പള്ളിപ്പുറത്ത് മത്സ്യമൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയും കൊടുക്കുന്നു. ഹൊ! എന്താ വികസനം. അമേരിക്കന്‍ കമ്പനി മേധാവികളെ മത്സ്യ വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ സ്വന്തം ഓഫീസില്‍ വിളിച്ചു കാണുന്നു. മുഖ്യമന്ത്രിയുടെ വീട്ടില്‍ കൊണ്ടുപോയി കാണിക്കുന്നു. ഉദ്യോഗസ്ഥന്മാര്‍ ഉണര്‍ന്നു പറന്നു പ്രവര്‍ത്തിക്കുന്നു. ധാരണാപത്രങ്ങള്‍ ഒപ്പിടുന്നു. കാര്യങ്ങള്‍ ജഗപൊഗയായി മുന്നേറുന്നു.
അതിനിടയിലായിരുന്നു ഐശ്വര്യ യാത്രക്കിടയില്‍ നിന്നും ആ നിലവിളി ശബ്ദം കേട്ടത്. അതെ, ശബ്ദം ചെന്നിത്തലയുടേതു തന്നെ. നമ്മുടെ ആഴക്കടലു കൊണ്ടുപോകുന്നേ.... ഓടി വായോ എന്നായിരുന്നു അലര്‍ച്ച. ചെവി കൂര്‍പ്പിച്ചപ്പോള്‍ കാര്യം പിടികിട്ടി. അമേരിക്കന്‍ കമ്പനിയുമായി ആഴക്കടല്‍ മീന്‍പിടുത്തത്തിന് സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പുവച്ചിരിക്കുന്നുവെന്നാണ് ഭാവി മുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന ചെന്നിത്തല പറയുന്നത്. സ്വപ്നം പൂവണിയുമോ വല്ലവരും തട്ടിക്കൊണ്ടുപോകുമോ എന്നതൊക്കെ അവിടെ നില്‍ക്കട്ടെ. ചെന്നിത്തല പറയുന്നതില്‍ കഴമ്പുണ്ടെന്ന് മാധ്യമങ്ങളും ഏറ്റുപിടിച്ചതോടെ മേഴ്‌സിക്കുട്ടിയമ്മ ഒരു മേഴ്‌സിയുമില്ലാതെ എല്ലാം നിഷേധിച്ചു. ആരെയും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ലെന്നായി അവര്‍. അമേരിക്കന്‍ വ്യവസായിയുമായി മേഴ്‌സിക്കുട്ടിയമ്മ കൂടിക്കാഴ്ച നടത്തുന്ന ഫോട്ടോ അതാ പുറത്ത്. അതിപ്പോ ഞങ്ങള്‍ തമ്മില്‍ കണ്ടാലെന്തെന്നായി തുടര്‍ പ്രതികരണം. പിന്നെ മുഖ്യനെ ആരെല്ലാം കാണുന്നുവെന്ന് മറ്റൊരു ന്യായം. 400 കപ്പല്‍ ഉണ്ടാക്കുന്നത് നമ്മടെ പാവം മത്സ്യ തൊഴിലാളിക്കാണെന്നു കൂടി തട്ടിയതോടെ എല്ലാം പൊളിഞ്ഞു. തള്ളുമ്പോള്‍ അല്പം മയത്തില്‍ വേണ്ടേ എന്നു സമൂഹ മാധ്യമങ്ങള്‍ ചോദ്യമെറിഞ്ഞതോടെ ട്രോളുകളുടെ ഘോഷയാത്ര. ഉടനെ സാക്ഷാല്‍ മുഖ്യന്‍ രംഗത്ത് വന്നു. ഈ സര്‍ക്കാരിന്റെ നയം ആഴക്കടല്‍ മത്സ്യബന്ധനത്തിനെതിരാണ്. അതിന് വിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അന്വേഷിക്കും. നടപടിയുമെടുക്കും.
ഇതാ എല്ലാം റദ്ദാക്കിയിരിക്കുന്നു. അതേന്നെ... ആ കരാര്‍ വേണ്ടെന്നു വച്ചു. പാവം സര്‍ക്കാരിനെ ആരോ വഴി പിഴപ്പിച്ചതാണത്രേ. പാവങ്ങള്‍ ഇതൊന്നുമറിയാതെയാണ് അമേരിക്കന്‍ കുത്തകകള്‍ കൊണ്ടുവന്ന കടലാസില്‍ ഇക്കണ്ട ഒപ്പെല്ലാം ഇട്ടു കൊടുത്തത്. സത്യത്തില്‍ ചതിക്കുകയായിരുന്നുവത്രേ. സര്‍ക്കാരിന്റെ മൂടുതാങ്ങി ജിഹ്വകളും അതു തന്നെയാണ് പറയുന്നത്. ഇത് കൊടും ചതി. എന്തെങ്കിലും സംഭവിക്കും മുമ്പ് ഏതായാലും തല ഊരിയല്ലോ. ആശ്വാസമായി. ഏതായാലും ബാലന്‍ കെ നായരും ടി.ജി.രവിയും കൂടി കടിച്ചു കീറും മുന്നേ രമേശ് ചെന്നിത്തല എത്തിയത് നന്നായി. അല്ലെങ്കില്‍ പതിവ്രതയായ ഈ പാവം സര്‍ക്കാര്‍ കുട്ടിയെ ആ അമേരിക്കന്‍ കശ്മലന്മാര്‍.... ഹൊ , ചിന്തിക്കാന്‍ പോലും വയ്യ.
വാല്‍ക്കഷണം: അല്ല സര്‍ക്കാരേ, ഇതെത്രാമത്തെ പ്രാവശ്യമാ, ഈ ചതിക്കഥ. എല്ലാം ഉദ്യോഗസ്ഥന്മാരുടെ പുറത്തു വച്ചുകെട്ടുകയല്ലേ. അപ്പോള്‍ മുഖ്യനും മന്ത്രിമാര്‍ക്കും അവിടെന്താ പണി? അല്ല, അറിയാമ്മേലാഞ്ഞിട്ടു ചോദിക്കുവാ.