ചെത്തുതൊഴിലാളി കുടുംബത്തില്‍ പിറന്ന പിണറായി വിജയന് ഇപ്പോള്‍ സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ വേണമെന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ പ്രസംഗം വിവാദമാക്കിയതിനു പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്നു വിലയിരുത്തല്‍. സുധാകരന്‍ കെ.പി.സി.സി. പ്രസിഡന്റാകുന്നതിനു തടയിടുകയെന്നതായിരുന്നു രമേശ് ക്യാമ്പ് ഇതു കൊണ്ട് ഉദ്ദേശിച്ചത്. സുധാകരനെ കെ.പി.സി.സി. അധ്യക്ഷനാക്കാനുള്ള നീക്കം തന്നെ തന്റെ മുഖ്യമന്ത്രി സ്വപ്നം തകര്‍ക്കാനാണെന്നാണ് ഐ ക്യാമ്പിന്റെ സംശയം.
ഒരു ഗ്രൂപ്പിന്റെയും പിന്‍ബലമില്ലാതെ ഒറ്റയാള്‍ പട്ടാളമായി നീങ്ങുന്നയാളാണ് സുധാകരന്‍. ഹിന്ദു മതവിഭാഗത്തില്‍പ്പെട്ട സുധാകരന്‍ കെ.പി.സി.സി. അധ്യക്ഷനായാല്‍ ജാതി മത സമവാക്യം നിലനിര്‍ത്താന്‍ ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളയാള്‍ മുഖ്യമന്ത്രിയാകുകയെന്നതാണ് സമീപകാലത്തെ കോണ്‍ഗ്രസ് കീഴ്‌വഴക്കം. മുല്ലപ്പള്ളി കെ.പി.സി.സി. പ്രസിഡന്റായാല്‍ പ്രശ്‌നമില്ലേ എന്ന ചോദ്യമുയരാം.
മത്സര രംഗത്തില്ലെങ്കില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഭൂരിപക്ഷമുണ്ടെങ്കില്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നൊരാളെ കെ.പി.സി.സി. അധ്യക്ഷനാക്കി മുഖ്യമന്ത്രി പദമുറപ്പിക്കാമെന്നായിരുന്നു രമേശിന്റെ കണക്കുകൂട്ടല്‍. ഉമ്മന്‍ ചാണ്ടിയെത്തിയതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. അതിനിടെ ഇപ്പോള്‍ സുധാകരന്‍ കെ.പി.സി.സി. അധ്യക്ഷനായാല്‍ ഉടനെ അദ്ദേഹത്തെ മാറ്റാനാവില്ല. സ്വാഭാവികമായും മുഖ്യമന്ത്രി സ്ഥാനത്തിന് ക്രൈസ്തവ സഭകള്‍ അവകാശമുന്നയിക്കും. ഇതോടെ രമേശിന്റെ സ്വപ്ന പദവിയുടെ വാതിലടയും. ഇതു മുന്നില്‍ക്കണ്ടാണ് ആലപ്പുഴയിലുള്ള ഷാനിമോള്‍ ഉസ്മാനെ സുധാകരനെതിരെ ചാവേറാക്കിയത്. പിന്നാലെ സുധാകരനെ ചെന്നിത്തല തള്ളിപ്പറയുകയും ചെയ്തതോടെ സുധാകരന് കളി മനസ്സിലായി. അതുകൊണ്ടാണ് അദ്ദേഹം രമേശിനെതിരെ നിര്‍ദ്ദയം നിറയൊഴിച്ചത്.
സി.പി.എമ്മിനില്ലാത്ത പ്രയാസം ഇക്കാര്യത്തില്‍ ഷാനിമോള്‍ക്കെന്തിനെന്ന ചോദ്യവുമായി സുധാകരന്‍ എത്തിയത് രണ്ടും കല്പിച്ചാണ്. രമേശിനെയും വിട്ടില്ല. പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്നും കൂടി പറഞ്ഞതോടെ ഐശ്വര്യ യാത്രയിലുള്ള രമേശ് വിറച്ചു. യാത്രയാകെ വിവാദത്തില്‍ മുങ്ങുമെന്നുറപ്പായി. ബി.ജെ.പി.യിലെങ്ങാനും ചെന്ന് സുധാകരന്‍ ചേക്കേറിക്കഴിഞ്ഞാല്‍ പിന്നെ പുകില്‍ പറയാനുമില്ല. വെള്ളിയാഴ്ച നേരം പുലര്‍ന്നതു തന്നെ രമേശിന്റെ സുധാകര വാഴ്ത്തുകള്‍ കേട്ടുകൊണ്ടാണ്. സുധാകരന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ല എന്ന് രമേശ് സര്‍ട്ടിഫിക്കറ്റ് നല്‍കി. പിന്നാലെ മാപ്പ് പറഞ്ഞ് ഷാനിമോള്‍. സുധാകരന് പൂര്‍ണ്ണ പിന്തുണയുമായി ഹൈക്കമാന്റും എത്തി.
ഇതൊരു ജാതി അധിക്ഷേപ വിവാദമാക്കി മാറ്റാന്‍ ഇറങ്ങിയവര്‍ സുധാകരന്റെ ജാതി ചികഞ്ഞു നോക്കി പിന്മാറിയതായാണ് വിവരം. പിണറായിയുടെ ജാതിയില്‍ തന്നെയാണ് സുധാകരനും ജനിച്ചത്. അതുകൊണ്ട് ജാതി വിവാദം ക്ലച്ചു പിടിക്കില്ല. ചെത്തുതൊഴിലാളി കുടുംബത്തില്‍ ജനിച്ചതിനാലാണ് ചിലര്‍ തന്നെ ഉള്‍ക്കൊള്ളാന്‍ മടിക്കുന്നതെന്ന് പിണറായി പലവട്ടം പറഞ്ഞിട്ടുണ്ട്. കര്‍ഷക തൊഴിലാളി, നെയ്ത്തുതൊഴിലാളി എന്നൊക്കെ പറയുന്നതില്‍ എന്താണ് അപകീര്‍ത്തികരമായിട്ടുള്ളതെന്നാണ് സുധാകരന്റെ ചോദ്യം. അതു ശരിയാണല്ലോ എന്ന് കോണ്‍ഗ്രസുകാരും പറഞ്ഞു തുടങ്ങിയിരിക്കുന്നു. ജാഥ നയിച്ചു വന്നത് രമേശ് ചെന്നിത്തലയാണെങ്കിലും ഇപ്പോള്‍ നായകനായത് സുധാകരനാണ്. മറു ക്യാമ്പില്‍ ഉമ്മന്‍ ചാണ്ടി ഊറി ചിരിക്കുകയാണ്.