കെ.കെ മഹേശന്റെ ആത്മഹത്യയും സിസ്റ്റര്‍ അഭയയുടെ കൊലപാതകവും രണ്ടും സമാനമായ സംഭവങ്ങളാണ്. കാരണം, അഭയയുടെ കൊലപാതകം യാദൃശ്ചികമായ ഒരു സംഭവമാണെങ്കില്‍ കെ.കെ മഹേശന്റെ ആത്മഹത്യയില്‍ ഭരണസംവിധാനമാണ് പ്രതി സ്ഥാനത്ത് നില്‍ക്കുന്നത്. എസ്.എന്‍.ഡി.പി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും നിമിത്തമാണ് തന്റെ ആത്മഹത്യ എന്ന വ്യക്തമായ കത്ത് എഴുതി വെച്ചതിന് ശേഷമാണ് കെ.കെ മഹേശന്‍ ആത്മഹത്യ ചെയ്തത്. തനിക്ക് നീതിയും ന്യായവും ലഭ്യമാകില്ലെന്നും താന്‍ ക്രൂശിക്കപ്പെടുമെന്നുമുള്ള ഉത്തമ ബോധ്യം കൊണ്ട് തന്നെയാണ് അദ്ദേഹം അങ്ങനെ ചെയ്തത്.
ഒരു വ്യക്തിക്ക് ഈ സംസ്ഥാനത്ത് നീതിയും ന്യായവും ലഭിക്കില്ലെന്നുള്ള ഉത്തമ ബോധ്യത്തെ തുടര്‍ന്ന് അയാള്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ അവിടെ ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്. വെള്ളാപ്പള്ളിയുടെ ഏറ്റവും അടുത്ത സഹായിയായിരുന്നു കെ.കെ മഹേശന്‍. വെള്ളാപ്പള്ളിക്കെതിരെ മൈക്രോഫിനാന്‍സ് കേസുമായി ബന്ധപ്പെട്ട അന്വേഷണം നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ അന്വേഷണം രാഷ്ട്രീയമായി ഉപയോഗിച്ചു. വെള്ളാപ്പള്ളിക്ക് എതിരെയുള്ള അന്വേഷണം ഉദാസീനമായ രീതിയില്‍ പോകുകയും ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളിയെ ഔദ്യോഗിക നായകനാക്കി പ്രഖ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മൈക്രോഫിനാന്‍സ് കേസ് കെ.കെ മഹേശന് മേല്‍ കെട്ടിവെച്ച് അദ്ദേഹത്തെ ക്രൂശിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് മഹേശന്‍ മനസ്സിലാക്കിയിരുന്നു. അതിന് കാരണം കെ.കെ മഹേശനും വെള്ളാപ്പള്ളിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളായിരുന്നു. കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തനിക്ക് നീതി ലഭിക്കില്ലെന്നും താന്‍ ക്രൂശിക്കപ്പെടുമെന്നുമുള്ള അറിവിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് അദ്ദേഹം ആത്മഹത്യ ചെയ്യുന്നത്.
ഒരു സാധാരണക്കാരന് എതിരെയാണ് ഇങ്ങനെ ഒരു ആത്മഹത്യ കുറിപ്പ് എഴുതി വെച്ചതെങ്കില്‍ അയാള്‍ക്കെതിരെ തീര്‍ച്ചയായും ഇതിനോടകം തന്നെ നിയമനടപടി സ്വീകരിക്കുമായിരുന്നു. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചു എങ്കിലും മൈക്രോഫിനാന്‍സ് കേസില്‍ എന്ന പോലെ ഇതും ഉദാസീനമാകുകയാണ് ഉണ്ടായത്. ഈ പശ്ചാത്തലത്തിലാണ് മഹേശന്റെ ഭാര്യ കോടതിയെ സമീപിക്കുകയും കോടതി ഇതിലെ ആത്മഹത്യാ പ്രേരണ വളരെ പ്രകടമായിട്ടുള്ളത് കണ്ടെത്തുകയും ഉത്തരവ് പ്രഖ്യാപിക്കുകയും ചെയ്തത്.
മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ക്കാനാകില്ലെന്ന് മാരാരിക്കുളം പോലീസ് ഇന്ന് കോടതിയില്‍ അറിയിയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ അഭയയുടെ കേസിന്റെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ കെ.കെ മഹേശന്റെ ആത്മഹത്യയില്‍ മറ്റാരും പ്രേരണ ചെലുത്തിയിട്ടില്ലെന്ന് തെളിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിയും എന്നുള്ളതും വസ്തുതയാണ്.