മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോഴെന്താണ് കേന്ദ്ര ഏജന്‍സികള്‍ കൊള്ളരുതാത്തവരായതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ വഴിവിട്ട് പോകുന്നുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാം. എന്നാല്‍ ഇവിടെ അവര്‍ വഴിവിട്ട് പോയിട്ടില്ല. അന്വേഷണം ശരിയായ ദിശയിലാണ്. അവര്‍ സത്യം അന്വേഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിനെയാണ് തമസ്‌കരിക്കുന്നത്.
വിവിധ പദ്ധതികളിലൂടെ ശിവശങ്കര്‍ വഴിവിട്ട് നടത്തിയ സമ്പാദ്യവും നിയമനങ്ങളും കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ മുഖ്യമന്ത്രി എന്തിനാണ് പരിഭ്രാന്തനാകുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. പാര്‍ട്ടി സെക്രട്ടറിയുടെ മകനെ ഇ.ഡി ചോദ്യം ചെയ്യുമ്പോള്‍ പിണറായിക്ക് രോഷമുണ്ടാവുക സ്വാഭാവികമാണ്. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് വിറ്റുണ്ടാക്കുന്ന കോടികളുടെ കണക്ക് പുറത്തുവരുമ്പോള്‍ അദ്ദേഹത്തിന്റെ അസ്വസ്ഥത സ്വാഭാവികമാണെന്നും ചെന്നിത്തല ആരോപിച്ചു.
ശിവശങ്കറിനെ വിജിലന്‍സ് പ്രതിയാക്കിയത് സിബിഐ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അതൊരു കബളിപ്പിക്കലാണ്. ശിവശങ്കര്‍ അഞ്ചാം പ്രതിയാണെങ്കില്‍ ലൈഫ് മിഷന്‍ പദ്ധതി ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയാകേണ്ടതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.