സ്വര്‍ണ്ണക്കടത്ത് കേസില്‍ കേരളാ പോലീസ് എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഡി.ജി.പിക്ക് കത്ത് നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷണ വിധേയമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ അതില്‍ നിന്ന് ലഭിച്ച പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് എന്‍.ഐ.എ അന്വേഷിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ ഈ കേസില്‍ ദുരുപയോഗം ചെയ്തിട്ടുണ്ട്. സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നമുള്ള വിസിറ്റിങ് കാര്‍ഡ് അടിച്ച് താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണെന്ന മട്ടില്‍ സ്വപ്‌ന സുരേഷ് ആളുകളെ പരിചയപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനങ്ങളില്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം കടത്തിയെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഇത്തരം ഗുരുതരമായ ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്ന കേസില്‍ എന്‍.ഐ.എ അന്വേഷണം വേറൊരു ദിശയിലാണ് നീങ്ങുന്നത്. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള ആക്ഷേപങ്ങളില്‍ സംസ്ഥാന പോലീസ് അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം.