Skip to main content

സംസ്ഥാനത്ത് ട്രാഫിക് കുറ്റങ്ങള്‍ കണ്ടുപിടിച്ച് പോലീസിന് നല്‍കുന്നത് സ്വകാര്യ കമ്പനിയാണെന്നും ട്രാഫിക് പിഴ ചുമത്തുന്നതിലും ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ട്രാഫിക് കുറ്റങ്ങള്‍ കണ്ടുപിടിച്ച് പോലീസിന് നല്‍കുന്നതിന്റെ ചുമതലയില്‍ നിന്ന് സിഡ്‌കോയെ ഒഴിവാക്കി ഇതിന്റെ ചുമതല സ്വകാര്യ കമ്പനിക്ക് നല്‍കി. ഇങ്ങനെ ലഭിക്കുന്ന പിഴയുടെ 90ശതമാനം സ്വകാര്യ കമ്പനിക്ക് സേവന-അറ്റക്കുറ്റപ്പണി ചാര്‍ജായും ബാക്കി 10 ശതമാനം സര്‍ക്കാരിനും ലഭിക്കുന്ന രീതിയില്‍ ഡി.ജി.പി ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചെന്നും ചെന്നിത്തല പറഞ്ഞു. 

രണ്ട് കമ്പനികളാണ് ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാനായി എത്തിയിരുന്നത്. സിഡ്‌കോയും കെല്‍ട്രോണുമായിരുന്നു ആ കമ്പനികള്‍. ഇതില്‍ നിന്നും സിഡ്‌കോയെ പൂര്‍ണ്ണമായും ഒഴിവാക്കി കെല്‍ട്രോണുമായി ചേര്‍ന്ന് സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കാന്‍ ശ്രമിക്കുന്നു എന്ന് ചെന്നിത്തല ആരോപിക്കുന്നു. സിഡ്‌കോ കിട്ടുന്ന തുകയുടെ 40ശതമാനം സര്‍ക്കാരിന് നല്‍കാമെന്ന് വ്യവസ്ഥ വച്ചിട്ടും മീഡിയട്രോണിക്‌സിനായി ഈ നിര്‍ദ്ദേശം തള്ളി കെല്‍ട്രോണിനെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെല്‍ട്രോണ്‍ വഴി മീഡിയട്രോണിക്‌സ് എന്ന സ്വകാര്യ കമ്പനിക്ക് പദ്ധതി നല്‍കാനാണ് നീക്കമെന്നും മീഡിയട്രോണിക്‌സിന് പിന്നില്‍ ഗാലക്‌സോണ്‍ എന്ന വിവാദ കമ്പനി തന്നെയാണെന്നും ചെന്നിത്തല ആരോപിച്ചു. 

ഇതുമായി ബന്ധപ്പെട്ട ഫയലുകളില്‍ ഡി.ജി.പി ഒപ്പ് വയ്ക്കുന്നത് ഒഴികെ മറ്റ് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞെന്നും സ്വകാര്യ കമ്പനിക്ക് വേണ്ടി പോലീസ് ക്വട്ടേഷന്‍ പണി ചെയ്യുകയാണെന്നും ആരോപിച്ചു. ഡി.ജി.പിയ്‌ക്കെതിരെ നിരവധി ആരോപണങ്ങള്‍ പുറത്തുവന്നത് കൊണ്ടാണ് ഈ നടപടികളില്‍ ഒപ്പുവയ്ക്കാത്തതെന്നും മുഖ്യമന്ത്രിയുടെ പങ്കുകൂടി അന്വേഷിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോവുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.  

Tags