മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കോടതിയില്‍ 23-ന് ചീഫ് സെക്രട്ടറി ഹാജരാകണോ എന്നത് സംബന്ധിച്ച് വീണ്ടും നിയമോപദേശം തേടും എന്നാണ് വിവരം. കോടതി ആവശ്യപ്പെട്ടാല്‍ ഹാജരാകുമെന്ന് ഇതേക്കുറിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് ഡല്‍ഹിയില്‍ പ്രതികരിച്ചു.
സുപ്രീംകോടതി വിധി നടപ്പാക്കാനായി ഇതുവരെ സ്വീകരിച്ച നടപടികളാണ് സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഉള്ളത്. മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കാന്‍ നോട്ടീസ് പതിച്ചു, പൊളിക്കാനുള്ള ടെണ്ടര്‍ നടപടികള്‍ തുടങ്ങി എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദീകരിക്കും. പാരിസ്ഥിതിക ആഘാതം കൂടാതെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാനായി കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെടും.
കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ചീഫ് സെക്രട്ടറി 23-ന് എത്തണമെന്നാണ് സുപ്രീംകോടതി വിധിയിലുള്ളത്. കോടതി ഉത്തരവ് നടപ്പാക്കിത്തുടങ്ങിയെന്ന് അറിയിക്കുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച ചീഫ് സെക്രട്ടറി ഹാജരാകണോ എന്നതില്‍ നിയമോപദേശം തേടാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ നീക്കം. ഹാജരാകാന്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ കോടതിയിലെത്തൂ എന്ന് ചീഫ് സെക്രട്ടറി ദില്ലിയില്‍ പറഞ്ഞു.
ഡല്‍ഹിയിലെ കേരളാ ഹൗസില്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിന്റെ സ്റ്റാന്റിംഗ് കോണ്‍സലുമായി ചര്‍ച്ച നടത്തി. അതിന് ശേഷമാണ് കോടതിയില്‍ നല്‍കാനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലോ, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയോ ഹാജരാകില്ലെന്ന് വ്യക്തമാക്കിയിരുന്നു.