Skip to main content
Kochi

 Kerala-High-Court

നഴ്സുമാരുടെ ശമ്പള പരിഷ്‌കരണ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ആശുപത്രി ഉടമകള്‍ക്ക് സര്‍ക്കാരിനെ സമീപിക്കാമെന്നും സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചയാകാമെന്നും കോടതി പറഞ്ഞു. കേസ് ഒരു മാസം കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

 

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ശമ്പള വര്‍ധനയ്ക്ക് 2017 ഒക്ടോബര്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യവും ഉണ്ടാകും.

 

സര്‍ക്കാര്‍ വിജ്ഞാപനം അനുസരിച്ചുള്ള ശമ്പളം നല്‍കുന്നത് അപ്രായോഗീകമാണെന്ന് കാട്ടിയാണ് ആശുപത്രി ഉടമകളുടെ സംഘടന കോടതിയെ സമീപിച്ചത്. എന്നാല്‍, സുപ്രീംകോടതി നിയമിച്ച പ്രത്യേക സമിതി നിര്‍ദേശിച്ചതിലും കുറഞ്ഞ ശമ്പളമാണ് പല ആശുപത്രികളിലും നഴ്‌സുമാര്‍ക്ക് നല്‍കുന്നതെന്ന് ഹൈക്കോടതി വിലയിരുത്തി.