സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ചിത്രത്തിലെ പ്രധാന വേഷം കൈകാര്യെ ചെയ്ത ആഫ്രിക്കന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ രംഗത്ത്. സാമുവലിന്റെ ആരോപണം ഇങ്ങനെ.
'ഇതൊരു ലോ ബജറ്റ് ചിത്രമാണെന്നറിഞ്ഞ് തന്നെയാണ് അഭിനയിക്കാമെന്നു സമ്മതിച്ചത്. എന്നാല്‍ സിനിമ വിജയിച്ചാല്‍ കൂടുതല്‍ പണം നല്‍കാമെന്ന് നിര്‍മാതാക്കള്‍ എന്നോട് പറഞ്ഞിരുന്നു. എന്നെ സന്തോഷാവാനാക്കിയെ നൈജീരിയയ്ക്ക് അയയ്ക്കൂ എന്നാണ് അവര്‍ എന്നോട് പറഞ്ഞത്. ഞാനിപ്പോള്‍ നൈജീരിയയില്‍ തിരിച്ചെത്തി. പക്ഷെ എനിക്ക് പണം ലഭിച്ചില്ല. എനിക്ക് നാണക്കേടും ലജ്ജയും തോന്നുന്നു. ഇതു വംശീയ വിവേചനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍ മലയാളത്തിലെ മറ്റു യുവതാരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലം എന്തുകൊണ്ട് എനിക്ക് ലഭിച്ചില്ല ? '
'ചിത്രം വിജയമായാല്‍ പ്രതിഫലം കൂട്ടിത്തരാമെന്നു പറഞ്ഞ നിര്‍മാതാക്കള്‍ പിന്നീട് അതെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അങ്ങനെയൊന്ന് അറിഞ്ഞിട്ടേ ഇല്ലെന്ന ഭാവത്തിലായിരുന്നു അവര്‍. ഞാനീ സിനിമയെ സ്‌നേഹിക്കുന്നു. ഇതിന്റെ ഷൂട്ടിങ്ങിനും പ്രമോഷനുമായി ഒരുപാട് കഷ്ടപ്പെട്ടതാണ്. എനിക്ക് കുറച്ചു കൂടി കൂടുതല്‍ പ്രതിഫലത്തിന് അര്‍ഹതയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിര്‍മാതാക്കള്‍ അവരുടെ വാക്ക് പാലിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ അവരോട് ഇക്കാര്യം സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ പ്രതികരിച്ചില്ല. അതുകൊണ്ടാണ് പൊതുസ്ഥലത്ത് ഇങ്ങനെ പറയേണ്ടി വന്നത്.' സാമുവല്‍ പറയുന്നു.
അടുത്ത തലമുറയിലെ കറുത്ത വര്‍ഗക്കാരായ നടന്‍മാര്‍ക്കെങ്കിലും ഇത്തരം പ്രതിസന്ധികള്‍ നേരിടേണ്ടി വരാതിരിക്കാനാണ് തന്റെ ഈ തുറന്നു പറച്ചിലെന്നും സാമുവല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.