കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് ബസുകളില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. സീറ്റുകള്‍ക്കനുസരിച്ച് മാത്രമേ ആളുകളെ കയറ്റാവൂ എന്നാണ് കോടതി നിര്‍ദേശം. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ്, ഡീലക്‌സ്, സൂപ്പര്‍ ഡീലക്‌സ് ബസുകള്‍ക്കെല്ലാം ഉത്തരവ് ബാധകമാണ്.പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ഉയര്‍ന്ന ടിക്കറ്റ് നിരക്കുള്ള ബസുകളില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ യാത്രക്കാര്‍ക്ക് അവകാശമുണ്ട്. സാധാരണ ബസുകളിലെ തിരക്ക് കണക്കിലെടുത്താണ് യാത്രക്കാര്‍ ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് ബസുകളെ ആശ്രയിക്കുന്നത്. അങ്ങനെ കൂടുതല്‍ പണം നല്‍കി യാത്ര ചെയ്യുന്നവര്‍ക്ക് ഇരുന്ന് സൗകര്യം പോലെ യാത്ര ചെയ്യാന്‍ അര്‍ഹതയുണ്ട്. മോട്ടോര്‍ വാഹന ചട്ടത്തിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇത് കെഎസ്ആര്‍ടിസി പാലിച്ചേ മതിയാവൂ എന്നും കോടതി പറഞ്ഞു.
ഹ്രസ്വദൂര യാത്രക്കാരായിരുന്നു ബസുകളില്‍ നിന്ന് യാത്രചെയ്യുന്നത് എന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ല എന്ന് കോടതി വ്യക്തമാക്കി. ഇപ്പോള്‍ ഹൈക്കോടതി ഉത്തരവ് അനുസരിക്കുക, അതിനുശേഷം വേണമെങ്കില്‍ സംസ്ഥാനസര്‍ക്കാരിന് മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്യാമെന്നും കോടതി വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സിക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന വിധിയാണിത്.