Skip to main content
Delhi

 jishnu_pranoy

ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ. സുപീംകോടതിയെ  അറിയിച്ചു. ജിഷ്ണു പ്രണോയ് കേസ് അന്തര്‍സംസ്ഥാന കേസല്ല, അതിനാല്‍ സി.ബി.ഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നുമാണ് വിശദീകരണം. എന്നാല്‍ സി.ബി.ഐയുടെ ഈ നിലാപാടിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

 

അന്വേഷണത്തിനുള്ള വിജ്ഞാപനം വന്ന് നാല് മാസം എന്തെടുക്കുകയായിരുന്നുവെന്ന് കോടതി സിബിഐയോട് ചോദിച്ചു. ഇത്തരം നിലപാടുകളോട് യോജിക്കാനാവില്ല. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇടപെടേണ്ടി വരുമെന്ന മുന്നറിയിപ്പും സുപ്രീംകോടതി നല്‍കി.

 

കേസിനെ കുറിച്ച് കൂടുതല്‍ അറിയില്ലെന്ന് സി.ബി.ഐ അഭിഭാഷകന്‍ പറഞ്ഞതിനെയും കോടതി വിമര്‍ശിച്ചു. ആരാണ് താങ്കളോട് ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്ന് ചോദിച്ച കോടതി അന്വേഷിക്കാനാവില്ലെന്ന നിലപാട് രേഖാമൂലം അറിയിക്കണമെന്നും ആവശ്യപ്പെട്ടു. കേസ് വീണ്ടും ബുധനാഴ്ച പരിഗണിക്കും.

 

ജിഷ്ണുവിന്റെ അമ്മയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. അന്വേഷണം കൈമാറിക്കൊണ്ടുള്ള വിജ്ഞാപനം ലഭിച്ചില്ലെന്നാണ് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ സിബിഐ കോടതിയെ അറിയിച്ചിരുന്നത്.

 

 

Tags