Skip to main content
Kochi

Thomas Chandy

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റ വിഷയത്തില്‍ സ്റ്റോപ്പ് മെമ്മോ കര്‍ശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടിന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. നിലവില്‍ ഇവിടെ റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.നികത്തിയ മണ്ണ് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

 

പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ കേസ് വീണ്ടും പരിഗണിക്കും, ഇതിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൈയേറ്റത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ കൈനകരി പഞ്ചായത്ത് അംഗം ബി.കെ. വിനോദ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. സര്‍ക്കാരിന്റെ പക്കല്‍ എന്തൊക്കെ രേഖകള്‍ ഉണ്ടെന്ന് അറിയിക്കണമെന്ന് നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു.

 

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി നടത്തിയിട്ടുള്ള കൈയേറ്റം തിട്ടപ്പെടുത്തി സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കണം, അനധികൃതമായി വാങ്ങിയ ഭൂമിയുടെ പട്ടയം റദ്ദാക്കണം, കായല്‍ ഭൂമി പൂര്‍വസ്ഥിതിയിലാക്കി ഡാറ്റാബാങ്കില്‍ ഉള്‍പ്പെടുത്തണം തുടങ്ങിയവയായിരുന്നു ഹര്‍ജിയിലെ ആവശ്യം.