Skip to main content
Kochi

e p jayarajan

മുന്‍ മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധുനിയമനക്കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് ഹൈക്കോടതി അംഗീകരിച്ചു.എന്നാല്‍ കേസ് നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു. നിലനില്‍ക്കാത്ത കേസ് ആര്‍ക്കുവേണ്ടി എടുത്തതാണ്. ആരുടെയെങ്കിലും വായടപ്പിക്കാനാണോ കേസെടുത്തതെന്നും കോടതി ചോദിച്ചു. എല്ലാം കോടതിയുടെ തലയില്‍കെട്ടിവച്ച് രക്ഷപ്പെടാനാണോ ശ്രമമെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു.

 

ജയരാജനെതിരായി അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നും നിയമനത്തിലൂടെ ആരും ഒരുതരത്തിലുള്ള നേട്ടമുണ്ടാക്കിയിട്ടില്ലെന്നും കഴിഞ്ഞ ദിവസം  സര്‍ക്കാര്‍  ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസില്‍ സര്‍ക്കാര്‍ ഖജനാവിന് ഒരു രൂപയുടെ നഷ്ടം പോലും ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.

 

ജയരാജന്‍ വ്യവസായ മന്ത്രിയായിരിക്കെ ബന്ധുവായ പി.കെ.സുധീറിനെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് എം.ഡിയായി നിയമിച്ചത് വിവാദമായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ വിജിലന്‍സിന് നല്‍കിയ പരാതിയിലാണ് ജയരാജന്‍, പി.കെ.സുധീര്‍, വ്യവസായവകുപ്പ് സെക്രട്ടറി പോള്‍ ആന്റണി എന്നിവര്‍ക്കെതിരെ കേസെടുത്തത്.

 

എന്നാല്‍ നിയമനം വിവാദമായതോടെ ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് നിലനില്‍ക്കില്ലെന്നാണ് വിജിലന്‍സ് ഡിവൈ.എസ്.പി കെ.വി. മഹേഷ്ദാസ് കോടതിയെ അറിയിച്ചത്.