റഫാല്‍ ഇടപാടിലെ വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറണമെന്ന് സുപ്രീം കോടതി. വിലവിവരം മുദ്രവച്ച കവറില്‍ പത്തുദിവസത്തിനകം നല്‍കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. എന്നാല്‍ റഫാലിന്റെ വിലവിവരം ഔദ്യോഗിക രഹസ്യമാണെന്നും ഔദ്യോഗിക രഹസ്യനിയമപ്രകാരം ഇത് പുറത്ത് വിടാനാവില്ലെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഏതൊക്കെ വിവരങ്ങളാണ് പുറത്തുവിടാന്‍ കഴിയാത്തതെന്ന് സത്യവാങ്മൂലം നല്‍കാന്‍ കോടതി പറഞ്ഞു.
അതേ സമയം സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോള്‍ വേണ്ടതില്ല, കാത്തിരിക്കൂ എന്ന് സുപ്രീം കോടതി പറഞ്ഞു. റിലയന്‍സിന്റെ പങ്ക് എന്താണെന്ന് അറിയിക്കാനും പുറത്തുവിടാന്‍ കഴിയുന്ന വിശദാംശങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് ലഭ്യമാക്കാനും കോടതി നിര്‍ദേശിച്ചു. കോടതി റഫാല്‍ സംബന്ധിച്ച ഹര്‍ജികള്‍ നവംബര്‍ 14ന് വീണ്ടും പരിഗണിക്കും.