സുപ്രീം കോടതിയുടെ പരമാധികാരി ചീഫ് ജസ്റ്റിസ് ആണെന്നെന്ന കാര്യത്തില്‍ സംശയമില്ലെന്ന് സുപ്രീം കോടതി. കേസുകള്‍ വിവിധ ബെഞ്ചുകള്‍ക്കു വീതംവച്ചു നല്‍കുന്നതിനുള്ള അധികാരം ചീഫ് ജസ്റ്റിസിനാണ്. കേസുകള്‍ ബെഞ്ചുകള്‍ക്ക് വിഭജിച്ച് നല്കുന്നതില് ചീഫ് ജസ്റ്റിസിനുള്ള അധികാരത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് മുന്‍ നിയമമന്ത്രിയും അഭിഭാഷകനുമായ ശാന്തി ഭൂഷനാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസുകള്‍ വിഭജിക്കുന്ന സമയത്ത് കൊളീജിയത്തിലെ അംഗങ്ങളുമായി ചര്‍ച്ച ചെയ്ത് ഏത് ബെഞ്ചിനു നല്‍കണമെന്ന് തീരുമാനിക്കണമെന്ന ഹര്‍ജിക്കാരന്റെ നിര്‍ദേശം പ്രായോഗികമല്ലെന്ന് കോടതി പറഞ്ഞു. അടിയന്തര സ്വഭാവമുള്ള കേസുകളാകും കോടതിക്കു മുന്നിലെത്തുക. ഈ സമയത്ത് കൊളിജീയം കൂടി തീരുമാനമെടുക്കുക എന്നത് അപ്രായോഗികമാണെന്ന് കോടതി പറഞ്ഞു