കര്‍ണാടക മുഖ്യമന്ത്രിയായി ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ വാജുഭായ് വാല സത്യപ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും. വെള്ളിയാഴ്ചയാണ് വിശ്വാസ വോട്ടെടുപ്പ്. വിധാന്‍ സൗധയ്ക്കു മുന്നില്‍ സജ്ജമാക്കിയ പ്രത്യേക വേദിയിലായിരുന്നു ചടങ്ങുകള്‍.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബി.എസ്.പി. നേതാവ് മായാവതി, എസ്.പി. നേതാവ് അഖിലേഷ് യാദവ്, സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ലോക്താന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവ്, ശരത് പവാര്‍തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെപിക്കെതിരെ അണിനിരക്കുന്ന പ്രതിപക്ഷപാര്‍ട്ടികളുടെ സഖ്യം എന്ന നിലയില്‍ കൂടിയാണ് ഈ ഒത്തുകൂടലിനെ രാഷ്ട്രീയലോകം വിലയിരുത്തുന്നത്.