Skip to main content
Lucknow

kuldeep singh sengar

ഉന്നാവോ ബലാത്സംഗക്കേസില്‍ പ്രതിയായ ബി.ജെ.പി എംഎല്‍എ കുല്‍ദീപ് സിങ് സെഗാര്‍ കസ്റ്റഡിയില്‍. ഇന്ന് വെളുപ്പിന് വീട്ടിലെത്തിയാണ് സി.ബി.ഐ കുല്‍ദീപിനെ കസ്റ്റഡിയിലെടുത്തത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹില്‍ നടന്ന അര്‍ദ്ധരാത്രി പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി.

 

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 363, 366, 376, 506 വകുപ്പുകള്‍പ്രകാരം ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയവയും പോസ്‌കോ നിയമപ്രകാരവുമാണ് കുല്‍ദീപിനെതിരെ കേസെടുത്തിരിക്കുന്നത്. ഉന്നാവോ ബലാത്സംഗ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ഇന്നലെ അലഹബാദ് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

 

കഴിഞ്ഞ വര്‍ഷം ജൂണില്‍ താന്‍ ബലാത്സംഗത്തിനിരയായെന്ന് ചൂണ്ടിക്കാട്ടി ഉന്നാവ സ്വദേശിയായ 16കാരിയാണ് പരാതി നല്‍കിയത്. ഒമ്പത് മാസത്തോളമായി തനിക്ക് എവിടെനിന്നും നീതി ലഭിച്ചില്ലെന്നും പെണ്‍കുട്ടി പറയുന്നു. നീതി കിട്ടിയില്ലെന്നാരോപിച്ച് ഞായറാഴ്ച പെണ്‍കുട്ടിയും പിതാവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാ ശ്രമം നടത്തിയതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയും ചെയ്തു.

 

തുടര്‍ന്ന് സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ പരാതി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. ഈ സംഘം ബുധനാഴ്ച രാത്രി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലും ഉയരുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുത്തുമാണ് സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് വിട്ടത്.

 

 

Tags