മുംബൈയില്‍ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്ന് വീണ് മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഒ.എന്‍.ജി.സി) ജീവനക്കാരുമായി പോയ ഹെലിക്കോപ്റ്ററാണ് തകര്‍ന്നു വീണത്. ഹെലിക്കോപ്റ്ററില്‍ അഞ്ച് ഒഎന്‍ജിസി ജീവനക്കാരും രണ്ട് പൈലറ്റുമാരുമാണ് ഉണ്ടായിരുന്നത്. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഒ.എന്‍.ജി.സിയിലെ പ്രൊഡക്ഷന്‍ ഡെപ്യൂട്ടി മാനേജര്‍മാരായ കോതമംഗലം സ്വദേശി ജോസ് ആന്റണി(54), ചാലക്കുടി സ്വദേശി വി.കെ ബിന്ദുലാല്‍ ബാബു(48),തൃശൂര്‍ പൂങ്കുന്നം സ്വദേശി പി.എന്‍ ശ്രീനിവാസന്‍ (59) എന്നിവരാണ് മരിച്ച മലയാളികള്‍.
കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ശനിയാഴ്ച രാവിലെ 10.30തോടെയാണ് മുംബൈയിലെ ജുഹു തീരത്ത് നിന്ന് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. തീരത്തു നിന്നും 30 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചായിരുന്നു എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായത്.