ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ഭരണമുറപ്പിച്ച് ബിജെപി. ഗുജറാത്തില്‍ തുടര്‍ച്ചയായ ആറാം തവണയാണ് ബിജെപി അധികാരത്തിലേക്ക് വരുന്നത്. വോട്ടെണ്ണലില്‍ ഒരു ഘട്ടത്തില്‍ പിന്നിട്ടുനിന്നശേഷം ലീഡ് തിരിച്ചുപിടിച്ചാണ് ബിജെപി ഗുജറാത്തില്‍ ഭരണമുറപ്പിച്ചത്. നിലവില്‍ 105 സീറ്റുകളില്‍ ബിജെപിയും 74 സീറ്റുകളില്‍ കോണ്‍ഗ്രസും മൂന്നിടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുകയാണ്. ആകെ 182 സീറ്റുകളുള്ള ഗുജറാത്തില്‍ കേവലഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്. സംസ്ഥാനത്തു നടത്തിയ ഒന്‍പത് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്കു വിജയം പ്രവചിച്ചിരുന്നു.
വെസ്റ്റ് രാജ്‌കോട്ടില്‍ കടുത്ത മല്‍സരം നേരിട്ട ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും പട്ടേല്‍ സ്വാധീന മേഖലയായ മെഹ്‌സാനയില്‍ മല്‍സരിച്ച ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും ജയിച്ചുകയറി. വഡ്ഗാമില്‍ മത്സരിച്ച തേടിയ ദലിത് യുവനേതാവ് ജിഗ്‌നേഷ് മേവാനിയും വിജയിച്ചു. എന്നാല്‍, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ അര്‍ജുന്‍ മോഡ്‌വാഡിയ, ശക്തിസിങ് ഗോഹില്‍ എന്നിവര്‍ പരാജയപ്പെട്ടു.
ഹിമാചല്‍ പ്രദേശില്‍ ബിജെപി തുടക്കം മുതലേ ലീഡ് ചെയ്യുകയാണ്. അവിടെ കേവലഭൂരിപക്ഷത്തിന് ആവശ്യമായ 35 സീറ്റുകളും പിന്നിട്ട് ബിജെപി വ്യക്തമായ മുന്‍തൂക്കം നേടിക്കഴിഞ്ഞു. തുടക്കം മുതലെ ലീഡ് കൈവിടാതെയാണ് ബി.ജെ.പി മുന്നേറുന്നത്. ഇവിടെ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുമെന്ന് വ്യക്തമായിട്ടുണ്ട്.