Skip to main content

sabarimala

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനം. റിപ്പോര്‍ട്ട് നല്‍കാനുള്ള ബോര്‍ഡിന്റെ നീക്കത്തെ ചൊവ്വാഴ്ച പത്തനംതിട്ടയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് ബോര്‍ഡിന്റെ പിന്മാറ്റം.

 

റിപ്പോര്‍ട്ട് കൊടുക്കാന്‍ ഭരണഘടനാ പരമായി വ്യവസ്ഥയില്ലെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ മാത്രം റിപ്പോര്‍ട്ട് നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കരദാസ് വ്യക്തമാക്കി. രാജകുടുംബം പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള ബാധ്യത ദേവസ്വംബോര്‍ഡിനില്ല, ബോര്‍ഡിന് അതിന്റെ നിയമവ്യവസ്ഥയനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ബാധ്യത മാത്രമേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

 

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കീഴിലുള്ള ദേവസ്വംബോര്‍ഡ് സര്‍ക്കാര്‍ താല്‍പ്പര്യത്തിന് വിരുദ്ധമായി ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ കോടതിയെ സമീപിക്കുന്നതിനെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. ഇത്തരത്തില്‍ ബോര്‍ഡ് നീങ്ങിയാല്‍ വടികൊടുത്ത് അടി വാങ്ങിക്കുമെന്നു അദ്ദേഹം പറഞ്ഞിരുന്നു.

 

Tags