Skip to main content

medical-ordinance

രണ്ട് സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ക്രമവിരുദ്ധമായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ ഭാവിയെ മുന്നില്‍ അവതരിപ്പിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ അവരുടെ ആ നടപടിയെ സാധൂകരിക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. അതാണ് ഇപ്പോള്‍ സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്. ഓര്‍ഡിനന്‍സ് റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ആ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള യഥാര്‍ത്ഥ കാരണത്തെ വെളിവാക്കുന്നു. പ്രതിപക്ഷവും ഭരണപക്ഷവും കൈകോര്‍ത്തുകൊണ്ടാണ് ഈ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. അതിനിടെ നിയമസഭയില്‍ അപശബ്ദമായത് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം മാത്രമാണ്.

 

ഒറ്റവാക്കില്‍, മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ണമായും അഴിമതിയില്‍ മുങ്ങി എന്നാണ് സുപ്രീംകോടതിയുടെ പരാമര്‍ശത്തില്‍ നിന്ന് വ്യക്തമാകുന്നത്. ആ അഴിമതിയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും അധികാരത്തെ കവര്‍ന്നെടുത്തുകൊണ്ട് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് ഈ ഓര്‍ഡിനന്‍സ് ഇറക്കിയത്. ഓരോ മലയാളിയും ലജ്ജിക്കേണ്ട അവസ്ഥ. കോളേജ് മാനേജുമെന്റുകളുടെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയോട് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞിതിങ്ങനെ 'കേരളത്തിനെക്കുറിച്ച് ഒന്നും പറയേണ്ട,അവിടെ എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം. ക്രമവിരുദ്ധമായി പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥികളെ ഞങ്ങള്‍ പുറത്താക്കി. ഞങ്ങളുടെ വിധിയെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. എന്നിട്ട് ആ ഓര്‍ഡിനന്‍സ് സംരക്ഷിക്കാന്‍ രാജ്യത്തെ മികച്ച അഭിഭാഷകരെ ഇറക്കി, ഞങ്ങള്‍ക്കെല്ലാമറിയാം'.  

 

ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ ഈ വിധിയോട് നടത്തിയ പ്രതികരണം കേരളത്തിന്റെ പൊതുസാമൂഹിക അവസ്ഥയുടെ നിര്‍വികാരത പ്രകടമാക്കുന്നു. കാരണം, അല്ലായിരുന്നുവെങ്കില്‍ അത്തരത്തിലൊരു പ്രസ്താവന ഈ വിധിക്ക് ശേഷവും നടത്താന്‍ അവര്‍ തയ്യാറാകുമായിരുന്നില്ല. രണ്ട് മാനേജ്‌മെന്റുകളുടെ താല്‍പര്യ സംരക്ഷണം പോട്ടെ, ഈ 180 പേര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങി നമ്മുടെ സമൂഹത്തിലേക്കല്ലേ ഇറങ്ങുന്നതെന്ന് ചിന്തിക്കാനുള്ള സാമാന്യ ഔചിത്യം പോലും ആരോഗ്യവകുപ്പ് മന്ത്രി മാനിച്ചില്ല. മറിച്ച് 180 വിദ്യാര്‍ത്ഥികളുടെ ഭാവിയെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് എന്ത് ചെയ്താലും സമൂഹം നിര്‍വികാരമായി നോക്കിക്കൊള്ളും എന്ന വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പൊതുപ്രവര്‍ത്തകയായ മന്ത്രിയുടെ ധാരണയാണ് അതിലൂടെ പുറത്ത് വരുന്നത്. ലൈഗികാരോപണങ്ങളും പീഡനക്കേസുകളും നിറഞ്ഞ് നില്‍ക്കുന്ന കേരള സാമൂഹ്യാന്തരീക്ഷത്തില്‍ വളമില്ലാതെ വിളവെടുക്കാന്‍ പറ്റുന്ന കൃഷി തന്നെയാണ് ഇത്തരം വിദ്യാഭ്യാസ കച്ചവടങ്ങളും അതിനോട് ബന്ധപ്പെട്ട് നില്‍ക്കുന്ന അഴിമതിയുമെന്ന് നമുക്ക് തിരിച്ചറിയാം.

 

Tags