Skip to main content

spirit malayalam movie poster

സംവിധായകന്‍ രഞ്ജിത്ത് മലയാളസിനിമയുടെ ആശ്വാസമാണ്. സംശയമില്ല. അപ്രതീക്ഷിതമായി മനോഹരമായ തിരക്കഥകള്‍ അദ്ദേഹത്തില്‍ നിന്ന്  സംഭവിക്കാറുണ്ട്. അതുപോലെ സംവിധായകനെന്ന നിലയില്‍ കഥ പറയാനുള്ള കഴിവുമുണ്ട്. ആ കഥാകാരന്റെയും തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും സര്‍ഗശേഷിക്ക് സാമൂഹ്യ പ്രശ്നങ്ങളെ തെറ്റില്ലാതെ തന്നെ ആവിഷ്കരിക്കാന്‍ കഴിയും എന്ന് ഇന്ത്യന്‍ റുപ്പീ  നമുക്ക് കാണിച്ചു തന്നതുമാണ്. പക്ഷെ,  അദ്ദേഹത്തിന്റെ സര്‍ഗശേഷിയെ കൃത്രിമമായി പ്രയോഗിച്ച ഗതികേടിന്റെ ദൃശ്യാവിഷ്‌കാരമാണ് സ്പിരിറ്റ് എന്ന സോദ്ദേശ ചലച്ചിത്രം. ആ ചിത്രത്തിനിപ്പോള്‍ ദേശീയ പുരസ്‌കാരം ലഭിച്ചിരിക്കുന്നു. സാമൂഹ്യ പ്രസക്തിയുടെ പേരില്‍.

 

സ്പിരിറ്റിന്  ഫീച്ചര്‍ ചലച്ചിത്രം എന്ന നിലയിലുള്ള പ്രഥമിക യോഗ്യത തന്നെ ഇല്ല. എന്നാല്‍ ഡോക്കുമെന്ററിയുടെ ഡോക്കുമെന്റെഷന്‍ സ്വഭാവമുണ്ടോ, അതുമില്ല. പിന്നെ സാമൂഹ്യ പ്രസക്തി. അത് തീരെയുമില്ലെന്ന് ഒന്നു ഇമ വെട്ടിച്ചുനോക്കിയാല്‍ മനസ്സിലാകും. ഒന്നു കണ്ണടച്ചാലോചിച്ചുനോക്കിയാല്‍ സാമൂഹികമായി വളരെ ദൂരവ്യാപകമായ ദോഷം ചെയ്യുന്ന ചലച്ചിത്രമാണ് സ്പിരിറ്റ്.

 

ബോധമനസ്സെന്ന കവാടത്തിലൂടെ അബോധമനസ്സിന്റെ ആഴങ്ങളുമായി സംവദിച്ച് ആസ്വാദനത്തിലൂടെ അബോധമനസ്സില്‍ അടിഞ്ഞുകൂടുന്ന അദൃശ്യവും അവ്യക്തവും എന്നാല്‍ അതിശക്തവുമായ ധാരണാശകലങ്ങളാണ് ഓരോ സിനിമ കണ്ടു കഴിഞ്ഞിറങ്ങുമ്പോഴും പ്രേക്ഷകരില്‍ സംഭവിക്കുക. ഇത് അറിയാതെ സംഭവിക്കുന്നതും സംഭവിക്കേണ്ടതുമായ ഒന്നാണ്. ഇവിടെയാണ് ഏതു കലയുടേയും ശക്തി നിദ്രകൊള്ളുന്നത്. ഈ ധാരണ വികാരമെന്ന വാഹനത്തിലൂടെയാണ് പ്രേക്ഷകന്റെ ഉള്ളില്‍ പ്രവേശിക്കുന്നത്. ഈ വികാരം വിചാരവുമായി ലീലയിലേര്‍പ്പെടുന്നു. അതിന്റെ സന്തതികളുടെ ഫലമായി കാഴ്ചകള്‍ മാറുന്നു. ഇങ്ങനെ നിലവിലുള്ള ധാരണകളും തെറ്റിദ്ധാരണകളുമൊക്കെ മാറുന്നു. ഉദാഹരണത്തിന് എന്തുകൊണ്ട് സിനിമകളില്‍ നിന്ന്‍ മാദകറാണികളായി പ്രത്യേകം പ്രത്യക്ഷപ്പെട്ടവരുടെ വംശനാശം വന്നു. തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് ഈ വംശനാശത്തിന് തുടക്കം കുറിക്കുന്നത്. മലയാളത്തില്‍ വേണമെങ്കില്‍ ഇത് അനുരാധയോടു കൂടി അവസാനിച്ചു. ഈ വംശനാശത്തിനു കാരണം ഇവരേക്കാള്‍ അല്പവസ്ത്രധാരികളായും ഏതു ചലനവും നായികമാര്‍ തന്നെ ചെയ്തു തുടങ്ങിയതാണ്‌. മാധ്യമങ്ങളും സിനിമാപ്രവര്‍ത്തകരും അതിനെ ഗ്ലാമര്‍ എന്നു വിളിച്ചു. അങ്ങിനെ ഗ്ലാമര്‍ എന്ന പദത്തിനു പുതിയ ഒരു മാനവും കൂടി ലഭിച്ചു. ഗ്ലാമറിനെ കുറിച്ചുള്ള ധാരണയില്‍ മാറ്റം വന്നു. ഗ്ലാമറായി ഒരുങ്ങി വീടിനു പുറത്തിറങ്ങണമെങ്കിലും ഗ്ലാമര്‍ പുതുതായി നേടിയെടുത്ത അര്‍ഥതലത്തിലേക്കുയരും വിധം ഒരുക്കം വേണം. അതും യാഥാര്‍ഥ്യമായി. അതേസമയം, ഗുണപരമായ  ഫലങ്ങളും ഉളവാക്കാന് ചലച്ചിത്രങ്ങള്‍ക്ക് കഴിയും. ഇന്ന് പൊതുസ്ഥലങ്ങളില്‍ പുകവലി കുറഞ്ഞിട്ടുണ്ടെങ്കില്‍ കോടതി വിധിയും നിയമപാലനവും പോലെ തന്നെ അതില്‍ ഒരു പങ്കു വഹിച്ചിട്ടുണ്ട് ചലച്ചിത്രങ്ങളില്‍ നിന്ന് പൊതുവേ അപ്രത്യക്ഷമായ പുകവലി രംഗങ്ങള്‍.

 

സ്പിരിറ്റ് സോദ്ദേശമായി വിളിച്ചുകൂവുന്നു, അമിത മദ്യപാനം രോഗമാണ്. അത് വ്യക്തിയേയും അവന്റെ കുടുംബത്തേയും അവന്റെ ചുറ്റുപാടുകളേയുമൊക്കെ നശിപ്പിക്കും. വ്യക്തിയെ ഭ്രാന്തിന്റെ വക്കിലെത്തിക്കും. എന്നാല്‍ ആ സിനിമയുടെ നിശബ്ദവും ശക്തവും അബോധമനസ്സിലേക്കു അറിയാതെ പോകുന്നതുമായ സന്ദേശം സാമൂഹ്യമദ്യപാനം നല്ലതാണ്, മദ്യാസക്തിയാണ് കുഴപ്പമായുള്ളതെന്ന്. അതായത് മദ്യത്തിന് ഭംഗ്യന്തരേണ സാമൂഹ്യസ്ഥാനം കല്പിച്ചു നല്‍കിയിരിക്കുന്നു. താരതമ്യേന ലഹരി കുറവുളള കള്ള് തന്നെ പത്തുമുപ്പതു വര്‍ഷം മുന്‍പ് കുടിക്കാനായി ആളുകള്‍ ഷാപ്പില്‍ കയറിയിരുന്നത് തലയില്‍ മുണ്ടിട്ട് അധികമാരും കാണാതെയാണ്. ഇന്ന് ബീവറേജസ് കോര്‍പ്പറേഷന്റെ മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് ചാനല്‍ ക്യമാറകള്‍ക്ക് ‘ബൈറ്റ്’ നല്‍കാന്‍  മടിയേതുമില്ല. മദ്യഷാപ്പുകള്‍ ദൂരേക്ക് മാറ്റിസ്ഥാപിച്ചതിന്റെ പേരില്‍ കോട്ടയം ജില്ലയിലെ പാമ്പാടിയില്‍ കഴിഞ്ഞ വര്‍ഷം മദ്യപര്‍ സംഘടിച്ച് തങ്ങളുടെ ആവശ്യമുന്നയിച്ച് ഹര്‍ത്താല്‍ നടത്തി. അതുപോലെ കോഴിക്കോട് യുവാക്കള്‍ തങ്ങള്‍ക്ക് ബിയര്‍ കിട്ടാത്തതിന്റെ പേരില്‍ ഹൈ വോള്‍ട്ടേജ് ധാര്‍മികരോഷം കൊള്ളുന്നത് വന്‍ പ്രാധാന്യത്തോടെ ചാനലുകള്‍ പ്രക്ഷേപണം ചെയ്തു. ഇതെല്ലാം മദ്യത്തിന് ലഭിച്ച സാമൂഹ്യ സ്വീകാര്യതയുടെ പേരിലാണ്.

 

ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മദ്യാസക്തി. ആ മദ്യാസക്തിക്കെതിരെ പ്രത്യക്ഷമായി ആഹ്വാനം നടത്തുന്ന ചിത്രമെന്ന നിലയിലാണ് സമൂഹശ്രദ്ധ സ്പിരിറ്റ് പിടിച്ചുവാങ്ങിയത്. തലസ്ഥാനത്ത് മന്ത്രിമാരെയൊക്കെ വിളിച്ചിരുത്തി കാട്ടി. എല്ലാവരും സമ്മതിച്ചു, ഉഗ്രന്‍ ചിത്രം. എന്നാല്‍ ആ ചിത്രം പറയുന്നത് മിതമായി മദ്യപിക്കുന്നത് അന്തസ്സിന്റെ ഭാഗമാണ്. ഏതാണ്ട് സമാനമായ ആശയമാണ് പിന്നീടുള്ള ഒരു ‘സാമൂഹ്യ-പ്രസക്ത’ ചിത്രത്തിലും രഞ്ജിത്ത് പറഞ്ഞുവച്ചത്. ബാവുട്ടിയുടെ നാമത്തില്‍. അതായത് ഭാര്യാഭര്‍ത്താക്കന്മാരായി കുടുംബമായി ജീവിക്കുമ്പോഴും അല്‍പ്പസ്വല്‍പ്പം അവിഹിതബന്ധമൊക്കെ ആവാം. അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നുള്ളിടത്താണ് വിജയം. സംവിധായകനെന്ന നിലയില്‍ ഇത്തരത്തിലുള്ള ചലച്ചിത്രങ്ങളിറക്കാനുള്ള സമ്പൂര്‍ണ്ണ അവകാശം രഞ്ജിത്തിനുണ്ട്. അത് ചോദ്യം ചെയ്യപ്പെടേണ്ടതല്ല. എന്നാല്‍ സംസ്ഥാന, ദേശീയ സര്‍ക്കാരുകള്‍ നിശ്ചയിക്കുന്ന ജൂറി ഇത്തരത്തില്‍ സാമൂഹികപ്രസക്തിയുടെ പേരില്‍ ചിത്രങ്ങള്‍ക്ക് അംഗീകാരം നല്‍കുമ്പോള്‍ വേണ്ട ശ്രദ്ധ സ്പിരിറ്റിനെ സാമൂഹികപ്രസക്തിയുള്ള സിനിമയായി തിരഞ്ഞെടുത്തതില്‍ കണ്ടില്ല. ആ ജൂറിയുടെ  നിലവാരമാണ് അതിലൂടെ പ്രകടമായതെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. മദ്യത്തിനും വിദഗ്ധമായി കൈകാര്യം ചെയ്യുന്ന  രഹസ്യബന്ധങ്ങള്‍ക്കും സാമൂഹികമായ അംഗീകാരം നാം അബോധമനസ്സിന്റെ ആഴങ്ങളിലേക്ക് സ്വീകരിച്ചിരിക്കുന്നതിന്റെ ലക്ഷണമായും ഈ അവാര്‍ഡിനെ കാണാമെന്നു തോന്നുന്നു.