എ.കെ ആന്റണി ചില സന്ദർഭങ്ങളിൽ ചില പ്രസ്താവനകൾ നടത്തും. അത് ഏതു വിഷയത്തിലാണോ ആ വിഷയത്തിന്റെ ഗതി നിർണ്ണയിക്കുകയും അതോടുകൂടി ആ വിഷയം പുതിയ ഒരു മാനം കൈവരിക്കുകയും ചെയ്യും. കൊട്ടിയൂർ ബലാൽസംഗത്തിന്റെ കാര്യത്തിൽ അദ്ദേഹം നടത്തിയ പ്രസ്താവന ഇങ്ങനെയൊക്കെയാണ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത ആ മനുഷ്യനെ വൈദികൻ എന്ന് വിശേഷിപ്പിക്കാൻ പാടില്ല, അയാളെ സാധാരണ ക്രിമിനലിനോടെന്ന പോലെ വേണം പെരുമാറാൻ, തക്കതായ ശിക്ഷ ഉറപ്പാക്കണം, കേരളത്തെ ഇനിമേൽ ദൈവത്തിന്റെ നാട് എന്നു വിളിക്കരുത്.
ആന്റണിയുടെ പ്രസ്താവനയിലൂടെ കൊട്ടിയൂർ ബലാൽസംഗവിഷയം റോബിൻ വടക്കുംചേരി എന്ന വ്യക്തിയിലേക്ക് ആന്റണി ചുരുക്കി. ലോകം അവസാനിക്കുന്ന നിമിഷം വരെ സമൂഹത്തിൽ കുറ്റവാസനയുള്ളവരുണ്ടായിരിക്കും. ‘ദൈവം’ മനുഷ്യനു നൽകിയിരിക്കുന്ന ഒരു സ്വാതന്ത്ര്യമാണത്. വിവേചന സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യം പ്രയോഗത്തിൽ വരണമെങ്കിലും രണ്ടവസ്ഥകൾ ഉണ്ടായാലേ കഴിയുകയുള്ളു. പ്രപഞ്ചത്തിലെ ജീവിതം ഈ രണ്ടു ധ്രുവങ്ങൾക്കിടയിലാണ് ചിട്ടപ്പെട്ടിട്ടുള്ളത്. ആ വിവേചനം ഉള്ളതുകൊണ്ടാണ് റോബിൻ വടക്കുംചേരി ചെയ്തത് ബലാൽസംഗമായി മാറുന്നതും അത് മനുഷ്യനു ചേർന്നതല്ലാത്തതുമായി കരുതപ്പെടുന്നത്. അതിനാൽ കേരളം ദൈവത്തിന്റെ നാടു തന്നെ.
റോബിനിലെ കുറ്റവാസനയ്ക്ക് അനേക ഘടകങ്ങളുണ്ട്. ഒരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല. റോബിൻ എങ്ങനെയുള്ള വ്യക്തിയാണെന്ന് ഈ സംഭവം ഉണ്ടാകും മുൻപുതന്നെ സഭയ്ക്കുള്ളിലുള്ളവർക്കും പുറത്തുള്ളവർക്കും അറിവുള്ളതു തന്നെ. അപകടകരവും മറ്റുള്ളവർക്കു ഭീഷണിയുമാകുന്ന കുറ്റകൃത്യവാസനയുള്ളവരെ സമൂഹത്തിൽ നിന്ന് മാറ്റിപ്പാർപ്പിക്കുക, അതിലൂടെ നവീകരിക്കുക. അതിനുള്ള ഇടമാണ് ജയിൽ. ഇതെല്ലാം മനുഷ്യന്റെ വിവേചന ശേഷിയിൽ നിന്നുരുത്തുരിഞ്ഞുവന്ന സാമൂഹികക്രമ സംവിധാനങ്ങളാണ്.
റോബിൻ ചെയ്ത കുറ്റങ്ങൾക്ക് നമ്മുടെ നിയമവ്യവസ്ഥ ശിക്ഷാനടപടികൾ അനുശാസിക്കുന്നുണ്ട്. അത് അതിന്റെ നിലയിൽ നടക്കട്ടെ. എന്നാൽ ഇത്തരം ഒരു കുറ്റവാളി എങ്ങനെ കൊട്ടിയൂർ ഇടവക വികാരിയായി? ഇദ്ദേഹം സഭയുടെ പ്രമുഖ സ്ഥാപനങ്ങളുടെ നിയന്ത്രണ സ്ഥാനത്തെത്തിയിരുന്നു. ആരാണ് ഇദ്ദേഹത്തെ ഇതെല്ലാം ഏൽപ്പിച്ചത്? ഭൗതിക ജീവിതത്തിന്റെയും ആത്മീയതയുടെയും പൊരുളറിയുന്ന രൂപതാ അദ്ധ്യക്ഷനും സഭാനേതൃത്വവും അതിന്റെ സംവിധാനങ്ങളുമാണ് ഇദ്ദേഹത്തില്‍ ചുമതലകള്‍ ഏൽപ്പിച്ചത്. റോബിൻ കുറ്റകൃത്യവാസനയുള്ള വ്യക്തിയാണെന്ന് അറിവില്ലെന്നു സഭാദ്ധ്യക്ഷൻ പറഞ്ഞാൽ കുഞ്ഞാടുകളുടെ ഗ്രാഹ്യശേഷി പോലും ഇടയർക്കില്ലെന്ന് സമ്മതിക്കേണ്ടിവരും. അപ്പോൾ, അബദ്ധവശാൽ സംഭവിച്ചതല്ല റോബിൻ സഭയ്ക്കുള്ളിൽ നേടിയ അപ്രമാദിത്തം.
കൊട്ടിയൂർ ബലാൽസംഗക്കേസ് പുറത്തു വന്നപ്പോൾ ഒരു കത്തോലിക്കാ വിശ്വാസി ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇതായിരുന്നു: 'ഒരു കത്തോലിക്കാ വിശ്വാസിയെന്ന നിലയിൽ ഈ വാർത്ത കേട്ടപ്പോൾ ആദ്യം അനിർവചനീയമായ ദുഖം തോന്നി. പിന്നീട് ഇതിലുൾപ്പെട്ട ആൾ ആരാണെന്നു മനസ്സിലായപ്പോൾ സന്തോഷം തോന്നി.' എന്തുകൊണ്ട് ഇതു സംഭവിച്ചു എന്നുള്ളതിന് ആദ്യം ഉത്തരം കണ്ടെത്തണം. എന്തായാലും റോബിന്റെ ആത്മീയ ശ്രേഷ്ഠതയല്ല അതിനുള്ള കാരണം.
റോബിൻ എന്ന അധമവികാരങ്ങളുടെ നിയന്ത്രണത്തിലുളള വ്യക്തി ചെയ്ത ക്രൂരതയുടെ ഫലമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് സന്തതി ജനിച്ചു. ആ പ്രസവം നടത്തിയ ആശുപത്രിയും സഭയ്ക്കും റോബിനും നിയന്ത്രണമുള്ളയിടം. അതിനു ശേഷം വൈത്തിരിയിലെ അനാഥാലയത്തിൽ കുട്ടി കന്യാസ്ത്രീകളാൽ സ്വീകരിക്കപ്പെട്ടത്, തുടർന്ന്‍ ബാലനീതി നിയമപ്രകാരം സ്ഥാപിതമായതും ജുഡീഷ്യല്‍ അധികാരമുള്ളതുമായ ശിശുക്ഷേമ സമിതിയുടെ അദ്ധ്യക്ഷനായ വൈദികനും അംഗവും ഡോക്ടറുമായ കന്യാസ്ത്രീയും സ്വീകരിച്ച നടപടികൾ. ഇതെല്ലാം വളരെ വ്യക്തമായി സൂചിപ്പിക്കുന്നത് രൂപതയുടെ മേലധികാരിയുടെ നിർദ്ദേശമില്ലാതെ ഇവരൊന്നും ഈ നടപടികൾ സ്വീകരിക്കില്ല എന്നതാണ്. ശിശുക്ഷേമ സമിതിയുടെ അദ്ധ്യക്ഷനായ വൈദികനാകട്ടെ, ഇതേ രൂപതയുടെ പൊതുജന സമ്പര്‍ക്ക ഓഫീസറും ആണ്. ഒടുവിൽ റോബിന് വിദേശത്തേക്കു കടക്കാനുള്ള ഒത്താശയും സഭയുടെ ഭാഗത്തു നിന്നുണ്ടാകുന്നു.
റോബിൻ വ്യക്തിപരമായ അപാകതകളാൽ കുറ്റവാളിയായതാണ്. എന്നാൽ റോബിന്റെ കുറ്റവുമായി തട്ടിച്ചുനോക്കുമ്പോൾ സഭാനേതൃത്വം ഏർപ്പെട്ടിരിക്കുന്ന കുറ്റകൃത്യത്തിന്റെ ആഴവും പരപ്പും ആ സഭയ്ക്ക് മാത്രമല്ല പൊതുസമൂഹത്തിന്റെ സമാധാന ജീവിതത്തിനു നേരേ ഭീഷണിയുയർത്തുന്നതാണ്. അതിനാൽ ഇതിനെ ഒറ്റപ്പെട്ട ഒരു കുറ്റവാളിയുടെ വിഷയമായി കാണുന്നത് ആത്മാർഥ വിശ്വാസികളായ കത്തോലിക്കാ സഭാംഗങ്ങളോടും പൊതുസമൂഹത്തോടും ചെയ്യുന്ന മഹാപരാധമായിരിക്കും. മാറുന്ന വർത്തമാനകാല സാഹചര്യത്തിൽ കൊടിയ കുറ്റവാസനയുള്ളവരുടെ പിടിയിലേക്ക് സഭാനേതൃത്വം അമരുമെന്നതിൽ സംശയമില്ല. അതിനാൽ ഈ വിഷയം ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ടതോ സഭാനേതൃത്വവുമായി ബന്ധപ്പെട്ടതോ ആയ വിഷയം മാത്രമല്ല. പൊതുസമൂഹത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്‌നമാണ്. അതിനാൽ ഈ സംഭവത്തെ ഒരു വൈദികന്റെ കുറ്റകൃത്യത്തിലേക്കു കൊണ്ടുവന്നു ചുരുക്കിക്കാണിക്കുന്നത് സാമൂഹ്യപരമായ അനീതിയാണ്.