Skip to main content

 

യു.എസ് പ്രസിഡന്റ് എന്ന നിലയില്‍ ഒരുപക്ഷെ തന്റെ അവസാന ഏഷ്യാ സന്ദര്‍ശനത്തില്‍ ബരാക് ഒബാമ എന്തായിരിക്കും ഒരു വിടവാങ്ങല്‍ ഓര്‍മ്മയായി പ്രതീക്ഷിച്ചിരുന്നത്? ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2009 നവംബറില്‍ തന്റെ ആദ്യ സന്ദര്‍ശനത്തില്‍ ജപ്പാന്‍ ചക്രവര്‍ത്തിയ്ക്ക് മുന്നില്‍ തല കുനിച്ച് വണങ്ങിയതാണ് ഒബാമ. അതിന് തന്റെ രാജ്യത്ത് ഏറെ വിമര്‍ശനവും ഒബാമയ്ക്ക് കേള്‍ക്കേണ്ടി വന്നു. എന്നാല്‍, ആചാരമര്യാദകള്‍ പിന്തുടരുന്നതില്‍ ഏഷ്യന്‍ സംസ്കാരങ്ങള്‍ പുലര്‍ത്തുന്ന, പലപ്പോഴും അമിതമായ, ഉത്സാഹം ഇന്തോനേഷ്യയില്‍ ബാല്യം ചിലവഴിച്ച ഒബാമയ്ക്ക് അറിയാത്തതാവില്ല. അങ്ങനെയുള്ള ഒബാമയുടെ നേരെ അദ്ദേഹത്തിന്റെ അവസാന സന്ദര്‍ശനത്തില്‍ ഉണ്ടായ മര്യാദാലംഘനങ്ങളെ എങ്ങനെയാണ് മനസിലാക്കാന്‍ കഴിയുക?

 

ജി-20, ആസിയാന്‍ ഉച്ചകോടികള്‍ക്കായി 2016 സെപ്തംബറില്‍ കിഴക്കന്‍ ഏഷ്യയിലെത്തിയ ഒബാമയ്ക്ക് ലഭിച്ച വരവേല്‍പ്പ് തന്നെ അവിശ്വനീയമാം വിധത്തില്‍ മര്യാദകള്‍ ലംഘിച്ചുള്ളതായിരുന്നു. ജി-20 ഉച്ചകോടിക്കായി ചൈനയിലെ ഹാങ്ചൌവില്‍ തന്റെ വിമാനത്തിന്റെ മുന്‍വശത്ത് പടികള്‍ ലഭ്യമാകാതെ കാത്തിരുന്ന ഒബാമയ്ക്ക് പുറകുവശത്തെ വാതിലിലൂടെ ഇറങ്ങേണ്ടിവന്നു. എന്ന് മാത്രമല്ല, രാഷ്ട്രമേധാവികളുടെ സ്വീകരണത്തില്‍ പതിവായ ചുവപ്പ് പരവതാനി ഉണ്ടായതുമില്ല. കേവലം സംഘാടന പാളിച്ചയായി കണക്കാക്കാന്‍ കഴിയുന്ന ഒന്നല്ല ഇത്. ഇത്തരം അന്താരാഷ്ട്ര സമ്മേളനങ്ങള്‍ വിജയകരമായി നടത്തുന്നതില്‍ പ്രത്യേക അഭിമാനം കണ്ടെത്തുകയും രാജ്യത്തിന്റെ തന്നെ അഭിമാന പ്രശ്നമായി മാറ്റുകയും ചെയ്യുന്ന രാജ്യമാണ് ചൈന. 2008-ലെ ബീജിങ്ങ് ഒളിമ്പിക്സ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. ഹാങ്ചൌവില്‍ ഉച്ചകോടി നടന്ന രണ്ട് ദിവസം നഗരം തന്നെ അധികാരികള്‍ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിച്ചതാണ്. ഹാങ്ചൌവിലെത്തിയ മറ്റൊരു രാഷ്ട്രനേതാവിനും ചുവപ്പ് പരവതാനി ലഭിക്കാതെ പോയിട്ടില്ല. യു.എസ് പ്രതിനിധി സംഘവുമായല്ലാതെ മറ്റാരുമായും അധികൃതരുടെ ഭാഗത്ത് നിന്ന്‍ പ്രശ്നവും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ബോധപൂര്‍വ്വമായ ഒരു തീരുമാനം ഇതിനു പിന്നിലുണ്ടായിട്ടുണ്ടോ എന്ന സംശയം ന്യായമാണ്.

 

യഥാര്‍ത്ഥത്തില്‍ ഈ ആചാരനിഷേധം തന്നെയാണ് ഒബാമയ്ക്ക് ചൈന നല്‍കുന്ന വിടവാങ്ങലിന്റെ പ്രത്യേകത. ആചാരങ്ങളുടെ മൂല്യം അറിയുന്നയാള്‍ക്ക് അത് നിഷേധിക്കുമ്പോള്‍ അത് അവഹേളനമായി മാറുന്നു. ലവോസില്‍ ആസിയാന്‍ ഉച്ചകോടിയ്ക്ക് പുറപ്പെടുന്നതിന് മുന്‍പായി വാര്‍ത്താസമ്മേളനത്തില്‍ നയതന്ത്ര മര്യാദകളുടെ എല്ലാ സീമകളും ലംഘിച്ച് ഒബാമയെ പച്ചത്തെറി വിളിക്കാന്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെര്‍ട്ടിനെ ഭാഗികമായി പ്രേരിപ്പിച്ചതും ചൈനയുടെ ഈ അവഹേളനം തന്നെയായിരിക്കും. ഇത്തരം പരാമര്‍ശങ്ങള്‍ക്ക് പൊതുവേ കുപ്രസിദ്ധിയാര്‍ജിച്ച വ്യക്തിയാണ് ഡ്യുട്ടെര്‍ട്ട്. എന്നാല്‍, യു.എസിന്റെ മുന്‍ കോളനിയായ ഫിലിപ്പീന്‍സില്‍ പരമ്പരാഗതമായി യു.എസിനെ അനുകൂലിച്ചും ആശ്രയിച്ചും നില്‍ക്കുന്ന ഭരണാധികാരികളില്‍ നിന്ന്‍ വ്യത്യസ്തമായി ചൈനയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ്‌ ഡ്യുട്ടെര്‍ട്ട്.      

 

എന്നാല്‍, അവഹേളനം മാത്രമല്ല, ഒബാമയ്ക്ക് നല്ലൊരു സമ്മാനം നല്‍കാനും ചൈന മറന്നിട്ടില്ല. തന്റെ ഭരണ കാലയളവിന്‍റെ ഹരിത പൈതൃകമായി ഒബാമ കണക്കാക്കുന്ന കാലാവസ്ഥ വ്യതിയാനം കുറയ്ക്കുന്നതിനുള്ള പാരീസ് ഉടമ്പടി നടപ്പാക്കുമെന്ന് ഉച്ചകോടിയ്ക്ക് മുന്നോടിയായി തന്നെ ചൈന പ്രഖ്യാപിച്ചിരുന്നു. 2015-ലെ യു.എന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനം ഈ ഉടമ്പടി അംഗീകരിക്കാന്‍ ഒബാമ വ്യക്തിപരമായി തന്നെ ഏറെ ശ്രമിച്ചിരുന്നു. ഉച്ചകോടിയ്ക്കിടെ ചൈനയുടെ പ്രസിഡന്റ് ശി ജിന്‍പിങ്ങുമായി മൂന്ന്‍ മണിക്കൂര്‍ നീണ്ട രാത്രിനടത്തവും ചര്‍ച്ചയും ഒബാമ നടത്തി.

 

അപ്പോള്‍, ചോദ്യം ഒരുവശത്തെ ഈ അവഹേളനത്തിന്റെ കാരണം എന്തായിരിക്കും എന്നതാണ്. പ്രസിഡന്റായ ആദ്യ ടേമില്‍ പ്രഖ്യാപിച്ച ഏഷ്യാ നയം തന്നെയാണ് ഒരു പ്രധാന പ്രകോപനം. ഇറാഖിലും അഫ്ഗാനിസ്ഥാനിലും നിന്ന്‍ സൈനികമായ പിന്‍വാങ്ങല്‍ പ്രഖ്യാപിച്ചതിനൊപ്പം യു.എസ് വിദേശനയത്തിന്റെ കേന്ദ്രബിന്ദു (pivot) ആയി (കിഴക്കന്‍) ഏഷ്യയെ പ്രഖ്യാപിച്ച ഈ നയം തങ്ങളെ ഒതുക്കുന്നതിനുള്ള ഒരു നടപടിയായാണ്‌ ചൈനയില്‍ വ്യാഖ്യാനിക്കപ്പെട്ടത്. പിന്നീട് കേന്ദ്രബിന്ദു എന്നതിന് പകരം പുനര്‍സമതുലനം (rebalance) എന്ന കുറേക്കൂടി മയമുള്ള പ്രയോഗത്തിലേക്ക് യു.എസ് മാറിയത് ഈ വ്യാഖ്യാനത്തിന് കൂടുതല്‍ സാധുത നല്‍കുകയും ചെയ്തു. പ്രഖ്യാപനത്തിനു പിന്നാലെ സൈനികമായ തലത്തില്‍ കാര്യമായ നടപടി ഒന്നും യു.എസിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെങ്കിലും ബന്ധത്തില്‍ വീണ വിള്ളല്‍ പരിഹരിക്കാനുള്ള ശ്രമങ്ങളും ഉണ്ടായില്ല. ഒബാമയുടെ രണ്ടാം ടേമില്‍ പശ്ചിമേഷ്യയിലെ പ്രശ്നങ്ങള്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. ഇതിനിടയില്‍ യു.എസും റഷ്യയും തമ്മിലുള്ള ബന്ധം വഷളായതും അതനുസരിച്ച് റഷ്യ-ചൈന സൗഹൃദം കൂടുതല്‍ ശക്തമായതും യു.എസിനെ സംബന്ധിച്ച ചൈനയുടെ ധാരണകളെ പിന്നെയും വിപരീതാത്മകമാക്കി. കിഴക്കന്‍ ചൈനാ കടലിലും തെക്കന്‍ ചൈനാ കടലിലും ചൈനയും യു.എസ് സഖ്യരാഷ്ട്രങ്ങളായ അയല്‍രാജ്യങ്ങളും തമ്മില്‍ ഉള്ള തര്‍ക്കങ്ങളെ കൂടുതല്‍ രൂക്ഷമാകുകയും അവയില്‍ ചൈന കൂടുതല്‍ കടുത്ത നിലപാടുകള്‍ സ്വീകരിക്കുകയും മേഖലയില്‍ ഉണ്ടായിരുന്ന സ്ഥിരത അല്‍പ്പമെങ്കിലും ഉലഞ്ഞതുമാണ് ഇതിന്റെയെല്ലാം അനന്തര ഫലം.  

 

എന്നാല്‍, ഇപ്പോള്‍ ഒബാമ നേരിട്ട അവഹേളനം ഒരു സൂചന കൂടി നല്‍കുന്നുണ്ട്. ചൈനയും റഷ്യയും തമ്മിലുള്ള യു.എസ് ബന്ധം ഇന്നത്തെ നിലയില്‍ തണുത്ത് പോകുന്നതിന് പ്രധാന പങ്ക് ഒബാമയുടെ ആദ്യ ടേമില്‍ വിദേശകാര്യ സെക്രട്ടറി ആയിരുന്ന ഹില്ലരി ക്ലിന്റനുണ്ട്. 1995-ല്‍ ബീജിങ്ങില്‍ നടന്ന യു.എന്‍ വനിതാ കോണ്‍ഫറന്‍സിലെ പ്രസംഗം മുതല്‍ ചൈനയെ വെല്ലുവിളിക്കാന്‍ മടിക്കാത്ത ഒരാളാണ് ഹില്ലരി. വിദേശകാര്യ സെക്രട്ടറി എന്ന നിലയില്‍ മനുഷ്യാവകാശ പ്രശ്നങ്ങളിലും തെക്കന്‍ ചൈനാ കടല്‍ പ്രശ്നത്തിലുമെല്ലാം ചൈനയ്ക്കെതിരെ കടുത്ത നിലപാടുകളാണ് ഹില്ലരി സ്വീകരിച്ചിട്ടുള്ളത്. ഒബാമയുടെ വിദേശനയത്തിലെ ഏറ്റവും പ്രധാന കോട്ടത്തിലും (ചൈനയും റഷ്യയുമായുള്ള തണുത്ത ബന്ധം) പ്രധാന പരാജയത്തിലും (ലിബിയയിലെ ഇടപെടല്‍) നേരിട്ട് ഉത്തരവാദിത്വമുള്ള ഹില്ലരിയ്ക്ക് അദ്ദേഹത്തിന്റെ പ്രധാന നേട്ടത്തില്‍ (ഇറാനും ക്യൂബയുമായുള്ള ബന്ധം സാധാരണ നിലയിലേക്ക് നീങ്ങിയത്) ഒരു പങ്കുമില്ല എന്നത് ശ്രദ്ധേയമാണ്. കാരണം, നവംബറില്‍ നടക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹില്ലരി ജയിക്കുകയും തന്റെ ഇതുവരെയുള്ള നിലപാടുകള്‍ തന്നെ നയവുമായി മാറുകയാണെങ്കില്‍ ലോകരാഷ്ട്രീയത്തിന്റെ ഗതിയെങ്ങോട്ട്‌ എന്ന സൂചനകള്‍ അതിലുണ്ട്. അങ്ങനെയൊരു സ്ഥിതിയില്‍ ലോകത്തെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികള്‍, യു.എസും ചൈനയും, (ഒപ്പം ലോകത്തെ ഏറ്റവും വലിയ രണ്ട് സൈനിക ശക്തികള്‍, യു.എസും റഷ്യയും,) തമ്മിലുള്ള ബന്ധം മാത്സര്യത്തിന്റേതായി മാറാന്‍ സാധ്യത കൂടുതലാണ്. അപ്പോള്‍, പ്രതികരണങ്ങള്‍ കേവലം മര്യാദാലംഘനങ്ങളില്‍ ഒതുങ്ങുമോ എന്നതാണ് ലോകസമാധാനത്തിന് മുന്നില്‍ ഇപ്പോഴുള്ള ചോദ്യചിഹ്നം.     


അഭിപ്രായങ്ങള്‍ എഴുതാം: mail@lifeglint.com