2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ ചരിത്രത്തിൽ രേഖപ്പെടുത്തുക ഇന്ത്യൻ ജനായത്തത്തിന്റെ ജീർണ്ണതയുടെ കേരള ഉദാഹരണമായിട്ടായിരിക്കും. അതിൽ നിന്ന് വർത്തമാനകാലത്തെ ഒരു രാഷ്ട്രീയ പാർട്ടിക്കോ ഒരു നേതാവിനോ ഒഴിഞ്ഞുനിൽക്കാനാവില്ല. കോൺഗ്രസ്സിലെ അഴിമതിക്കെതിരെയുള്ള നിലപാട് കോൺഗ്രസ്സ് ഹൈക്കമാൻഡിന്റെ മുന്നിൽ അവതരിപ്പിച്ചുവെന്നാണ് വി.എം സുധീരൻ തന്നെ പറയുന്നത്. കെ. ബാബുവും അടൂർ പ്രകാശും ഉൾപ്പടയുള്ളവർ കളങ്കിതരായവരാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അദ്ദേഹം ആ നിലപാട് സ്വീകരിച്ചത്. എന്നാൽ, കഴിഞ്ഞ അഞ്ചു കൊല്ലമായി കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള അഴിമതി ആരോപണങ്ങളാണ് ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ളവർ നേരിട്ടത്. ജനവും ഈ ആരോപണങ്ങൾ വിശ്വസിക്കുന്നു. കാരണം പണം കൊടുത്തവർ തുറന്നു പറയുന്നു. ലൈംഗികത ദുരുപയോഗിച്ചുകൊണ്ട് അധികാരത്തിന്റെ ഇടനാഴികളിൽ സ്വാധീനം സൃഷ്ടിച്ച സരിത എസ്. നായര്‍ തന്നെ പലതും പുറത്തുവിടുന്നു. ഈ സാഹചര്യത്തിലെല്ലാം സുധീരൻ ഉമ്മൻ ചാണ്ടി സർക്കാരിനെ ന്യായീകരിക്കുകയായിരുന്നു. കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷന്‍ എന്ന നിലയിൽ അന്നദ്ദേഹത്തിന് ഇപ്പോൾ ഹൈക്കമാൻഡിന്റെ മുന്നിൽ സ്വീകരിച്ച നിലപാട് സ്വീകരിക്കാമായിരുന്നു. എന്നാൽ സുധീരൻ എ.കെ ആന്റണിയുടെ പിൻബലത്താൽ കാത്തിരിക്കുകയായിരുന്നു. ഉമ്മൻ ചാണ്ടിയെയും കൂട്ടരെയും പരമാവധി ദുഷിപ്പിച്ച് ആ ദുഷിപ്പിനിടയിൽ ആദർശത്തിന്റെ സുഗന്ധവുമായി പ്രചാരണം നയിച്ച് വീണ്ടും യു.ഡി.എഫിനെ വിജയിപ്പിച്ച് മുഖ്യമന്ത്രിസ്ഥാനം കൈക്കലാക്കാമെന്ന കണക്കുകൂട്ടലിൽ.
ഓരോ സന്ദർഭത്തിലും സുധീരൻ കാപട്യത്തെ ആദർശമെന്ന പേരിൽ അവതരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. അതാകട്ടെ സ്വന്തം താൽപ്പര്യത്തിലേക്ക് എത്തിപ്പെടുന്നതിനും. അഴിമതിയെ കൂട്ടുപിടിച്ച് അധികാരത്തിലെത്തുന്നതിനേക്കാൾ അപകടകരവും ദുരന്തവുമാണ് ആദർശത്തെ കൂട്ടുപിടിച്ച് അതിനെ അധികാരത്തിനുള്ള കുറുക്കുവഴിയായി ഉപയോഗിക്കുന്നത്. കാരണം ജനം ആദർശത്തെ തെറ്റിദ്ധരിക്കും. അതോടൊപ്പം ആദർശമുണ്ടെന്ന് കരുതി അതില്ലാത്ത കൈകളിലേക്ക് അധികാരത്തെ ഏൽപ്പിക്കുകയും ചെയ്യും.
ഹൈക്കമാൻഡിന്റെ മുന്നിൽ കേരളത്തിലെ അഴിമതിക്കെതിരെയുളള നിലപാടെടുത്ത സുധീരൻ എന്തുകൊണ്ട് ഈ അഴിമതികൾ നടന്നുകൊണ്ടിരുന്നപ്പോൾ നിശബ്ദനായിരുന്നെന്നും മിക്കപ്പോഴും അവയെയൊക്കെ ന്യായീകരിച്ചതെന്നും വ്യക്തമാക്കേണ്ടതാണ്. കെ.എം മാണിയെയൊക്കെ പരസ്യമായി ന്യായീകരിക്കാനും സുധീരൻ രംഗപ്രവേശം ചെയ്യുകയുണ്ടായി. കളങ്കിതരായ മന്ത്രിമാർ തെരഞ്ഞെടുപ്പിൽ നിന്നു മാറി നിൽക്കണമെന്ന് ഹൈക്കമാൻഡിന്റെ മുന്നിൽ ആവശ്യപ്പെട്ട സുധീരൻ എന്തുകൊണ്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മത്സരത്തിൽ നിന്ന് മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടില്ല? സുധീരന്റെ ആദർശ നിലപാടിന്റെ കാപട്യം വ്യക്തമായി വെളിവാക്കുന്നു ഈ സമീപനം. കാരണം യു.ഡി.എഫ് മന്ത്രിസഭയിൽ ഏറ്റവും കൂടുതൽ കളങ്കിതമായത് മുഖ്യമന്ത്രിയാണ്. ജനമധ്യത്തിൽ അവ്വിധം ഏറ്റവും കൂടുതിൽ കാണപ്പെടുന്നതും ഉമ്മൻ ചാണ്ടിയാണ്. അൽപ്പമെങ്കിലും ആദർശത്തിന്റെ പക്ഷത്ത് സുധീരനും ആന്റണിയും നിൽക്കുകയായിരുന്നെങ്കിൽ ആദ്യം മത്സരരംഗത്തു നിന്നു മാറിനിൽക്കാൻ ആവശ്യപ്പെടേണ്ടിയിരുന്നത് ഉമ്മൻ ചാണ്ടിയോട് തന്നെയായിരുന്നു.
ഈ പശ്ചാത്തലത്തിൽ സുധീരന്റെ നിലപാടിനെ എതിർത്ത് ഹൈക്കമാൻഡിനെ മുട്ടുകുത്തിച്ച ഉമ്മൻ ചാണ്ടിയുടെ നിലപാടാണ് അൽപ്പവും കൂടി മാന്യതയുള്ളത്. കുറഞ്ഞ പക്ഷം വ്യക്തമായ ഒരു കാഴ്ചപ്പാട് അതിൽ പ്രതിഫലിക്കുന്നു. അഞ്ച് മന്ത്രിമാരെയും മത്സരിപ്പിക്കുന്നില്ലെങ്കിൽ താനും മാറിനിൽക്കുമെന്നുള്ള ഉമ്മൻ ചാണ്ടിയുടെ നിലപാട് അതാണ്.
ഇപ്പോൾ സരിത പോലീസ് കസ്റ്റഡിയിലായിരുന്നപ്പോളെഴുതിയ കത്തും പുറത്തായിരിക്കുന്നു. അതിലെ മുഖ്യവിഷയം മുഖ്യമന്ത്രി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നുള്ളതാണ്. ഇതിനകം തന്നെ കേരളം മാധ്യമങ്ങളിലൂടെ ചർച്ച ചെയ്ത് മലയാളിയുടെ കോശസ്മൃതികളിൽ അടിച്ചുകയറ്റിയതാണ് ആ കത്ത്. മജിസ്‌ട്രേറ്റ് മുമ്പാകെ സരിത കത്തിലുള്ള വിവരം വെളിപ്പെടുത്തിയപ്പോൾ മജിസ്‌ട്രേറ്റ് അത് രേഖപ്പെടുത്താൻ അശക്തനായതും കേരളം കണ്ടതാണ്. നിലവിലുള്ള നിയമമനുസരിച്ച് സരിത ഈ ആരോപണം ഉന്നയിച്ച സ്ഥിതിക്ക് വ്യക്തമായ നിയനടപടികൾ സ്വീകരിക്കാൻ ഭരണസംവിധാനത്തിന് ബാധ്യതയുണ്ട്. അടിസ്ഥാന രഹിതമാണെങ്കിൽ ഒരു സ്ത്രീ ഇവ്വിധം ആരോപണം ഉന്നയിക്കുന്നത് നിർത്തലാക്കുന്നതിനുള്ള നിയമ നടപടികൾ സ്വീകരിക്കപ്പെടേണ്ടതുമാണ്. എന്തുകൊണ്ട് ഇതുവരെ സർക്കാർ അത്തരത്തിലുള്ള നടപടികളിലേക്ക് നീങ്ങിയില്ല എന്നുള്ളതും ആദർശ ധീരരായ നേതാക്കൾ അതാവശ്യപ്പെട്ടില്ല എന്നുള്ളതും പ്രസക്തമാണ്. കാരണം രാഷ്ട്രീയ രംഗത്തേയും പൊതു രംഗത്തേയും മോശമാക്കുന്ന പ്രവൃത്തിയാണത്.
ഇപ്പോൾ സരിതയുടെ കത്ത് പുറത്തു വന്നതിന്റെ പിന്നിലും നിഷ്കളങ്കത്വമാവില്ലെന്ന് നിഷ്കളങ്കത വിട്ടുമാറാത്ത കുട്ടികൾക്കു പോലും ബോധ്യപ്പെടുന്നതാണ്. കാരണം അതിന്റെ പ്രത്യക്ഷ ഗുണം ലഭിക്കുക തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിനാണ്. അതുകൊണ്ടാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഗതിവിഗതികളിലെ ഏറ്റവും ഇരുണ്ട അദ്ധ്യായമായിരിക്കും നുറു ശതമാനം സാക്ഷരതയുടെയുൾപ്പടെ അനേകം കാര്യങ്ങളുടെ പേരിൽ അഹങ്കരിക്കുന്ന കേരളത്തിൽ ഇക്കുറി നടക്കുന്ന തെരഞ്ഞെടുപ്പ്.