Skip to main content

ek bharat bhushan

 

പ്രതിസന്ധികൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അതിവിദഗ്ധമായി താണ്ടുന്നു. ആ പ്രതിസന്ധികളുടെ പ്രത്യേകത അവ അദ്ദേഹത്തിന്റെ വ്യക്തിപരമായ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ടവയാണ് എന്നുള്ളതാണ്. ഒന്ന്‍ പരിഹരിക്കുമ്പോള്‍ അടുത്തത് എന്ന രീതിയില്‍ സംസ്ഥാനം പ്രതിസന്ധികളിൽ നിന്ന് പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തുന്നു. അതിൽ പലതും ദൂരവ്യാപകമായ ദോഷകര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയും. ഉമ്മൻചാണ്ടി കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ തരണം ചെയ്ത തന്റെ പ്രതിസന്ധികളിലൂടെ കണ്ണോടിച്ചാൽ ഇത് വ്യക്തമാകും. സാമൂഹികവും വ്യക്തിപരവുമായ മൂല്യ-ഔചിത്യ മാനദണ്ഡങ്ങളെപ്പോലും വിപരീതാത്മകമായി അവ ബാധിച്ചു. ഓരോ പ്രതിസന്ധി കാലഘട്ടത്തിന്റേയും ദൈർഘ്യം ഏതാണ്ട് എട്ടു മാസം മുതൽ ഒരു വർഷത്തോളമാണ്. ഇടവേളകളിൽ ചെറിയ പ്രതിസന്ധികളും. അങ്ങിനെ മുഴുവൻ സമയ പ്രതിസന്ധി തരണം ചെയ്യലിലാണ് മുഖ്യമന്ത്രിയുടെ സമയത്തിന്റേയും ഊർജത്തിന്റേയും മുഖ്യഭാഗം ചെലവഴിക്കുന്നത്. ഈ സാഹചര്യത്തിൽ സംഭവിച്ച ഏറ്റവും വലിയ അപകടം ഭരണസംവിധാനത്തിന്റെ സ്തംഭനവും തകർച്ചയുമാണ്.

 

രാഷ്ട്രീയ നേതൃത്വത്തെക്കുറിച്ച് തെല്ലും മതിപ്പില്ലാത്ത സംവിധാനമായി സിവിൽ സർവീസ് മാറിയിരിക്കുന്നു. മരവിച്ച മട്ടിൽ നീങ്ങുന്ന ഒന്നായിക്കഴിഞ്ഞു സംസ്ഥാനത്തെ ഭരണസംവിധാനം. സോളാർ വിഷയത്തെ തുടർന്ന് എല്ലാവിധ അഭിമാനവും നഷ്ടപ്പെട്ട രാഷ്ട്രീയ നേതൃത്വത്തെയാണ് ഉദ്യോഗസ്ഥ സംവിധാനം പിന്നീട് നേരിട്ടത്. അത് ഭരണ നേതൃത്വം നൽകുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛാശക്തിയേയും ധാർമ്മികതയേയും ബാധിക്കുകയുണ്ടായി. അതിൽ നിന്ന് ഇപ്പോൾപോലും രാഷ്ട്രീയ നേതൃത്വത്തിന് മുക്തമാകാൻ കഴിഞ്ഞിട്ടില്ല. അതിന്റെ ഉത്തമ ഉദാഹരണമാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ. സോളാർ വിഷയം വരെ ഉണ്ടായിരുന്ന പ്രതിച്ഛായയല്ല ഉമ്മൻ ചാണ്ടിക്ക് അതിനുശേഷമുള്ളത്. അതുവരെ ഉണ്ടായിരുന്നതിന്റെ വിപരീതമായ പ്രതിച്ഛായയാണ് അദ്ദേഹത്തിലേക്ക് വന്നു ചേർന്നത്. ഭരണത്തിൽ തുടരുന്നതിനുവേണ്ടി ഏതറ്റവും വരെ പോകുന്ന, ഏതു തന്ത്രങ്ങൾക്കും രൂപം നൽകുന്ന, ഏതു നീക്കുപോക്കുകൾക്കും തയ്യാറാകുന്ന വ്യക്തിത്വം എന്ന ധാരണയാണ് ഉമ്മൻ ചാണ്ടി പുതുതായി ആർജിച്ചിരിക്കുന്നത്. അതിനാൽ പുതിയ വിവാദങ്ങൾ ഉണ്ടാകുമ്പോൾ  ഒരു കാരണവശാലും മന്ത്രിസഭയ്ക്ക് ഒന്നും സംഭവിക്കില്ല എന്ന ധാരണ ഉദ്യോഗസ്ഥ തലത്തിലും സമൂഹത്തിലും രൂപപ്പെട്ടിട്ടുണ്ട്. അതിലൂടെ സംഭവിച്ചത് കേവലമായ സാമൂഹിക മൂല്യങ്ങളുടേയും ഔചിത്യങ്ങളുടേയും മരണമാണ്. അത് ഉദ്യോഗസ്ഥ തലത്തില്‍ പല രൂപത്തിലാണ് ബാധിച്ചിട്ടുള്ളത്. ഉത്തരവാദിത്വമില്ലായ്മ, ആരും ചോദിക്കാൻ ഉണ്ടാവില്ല എന്ന വിശ്വാസം, ചോദിക്കാൻ ആർക്കാണ് ധാർമികത ഉള്ളത് എന്ന സ്വാഭാവിക തോന്നൽ, അഴിമതി, മെല്ലെപ്പോക്ക് എന്നിങ്ങനെ.

 

ഉദ്യോഗസ്ഥ സംവിധാനത്തിന് തെല്ലും ബഹുമാനവും സ്വീകാര്യതയുമില്ലാത്ത ഭരണനേതൃത്വമാണ് ഇന്നിപ്പോൾ സംസ്ഥാനത്തുളളത്. അതിന്റെ ഉത്തമ ഉദാഹരണമാണ് സ്ഥാനമൊഴിയാൻ പോകുന്ന ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷൺ 2015 ജനുവരി ഏഴിലെ മന്ത്രിസഭായോഗത്തിൽ പൊട്ടിത്തെറിച്ചതായുള്ള വാർത്ത. സംസ്ഥാനത്തെ ഉദ്യോഗസ്ഥ പ്രമുഖനായ അദ്ദേഹത്തിന്റെ സ്വന്തം കാര്യങ്ങൾ അവതരിപ്പിക്കാനുള്ള വേദിയല്ല മന്ത്രിസഭായോഗം. സംസ്ഥാനത്തിന്റെ ഭരണത്തിൽ മന്ത്രിസഭ ചർച്ച ചെയ്ത് തീരുമാനമെടുക്കുമ്പോൾ ആവശ്യമുള്ള വിവരങ്ങളും ആവശ്യപ്പെടുന്ന നിർദ്ദേശങ്ങളും നൽകി മന്ത്രിസഭയെ സഹായിക്കുക എന്നതാണ് അദ്ദേഹത്തിന്റെ അതിലെ ഉത്തരവാദിത്വം. അല്ലാതെ ചർച്ചയിൽ മന്ത്രിസഭാംഗങ്ങളെപ്പോലെ ഇടപെടാൻ പോലുമുള്ള അധികാരം അദ്ദേഹത്തിനില്ല. എന്നിട്ടാണ് അദ്ദേഹത്തിന്റെ തന്നെ കീഴിലുള്ള വിജിലൻസ് അദ്ദേഹത്തിനെതിരെ നടത്തുന്ന അന്വേഷണത്തിൽ അദ്ദേഹം കുപിതനായി പൊട്ടിത്തെറിച്ചത്. അങ്ങനെ പൊട്ടിത്തെറിക്കാൻ പറ്റിയ മന്ത്രിസഭയാണ് എന്ന ബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഭരത് ഭൂഷൺ പൊട്ടിത്തെറിച്ചത്. ഇത് കൊടിയ അച്ചടക്ക ലംഘനമാണ്. ചീഫ് സെക്രട്ടറി തന്നെ അച്ചടക്ക ലംഘനത്തിൽ ഏർപ്പെടുകയാണെങ്കിൽ അത്തരത്തിലൊരു സംസ്ഥാനത്ത് ഉദ്യോഗസ്ഥ സംവിധാനത്തിൽ അച്ചടക്കം എങ്ങിനെ നിലനിർത്താൻ കഴിയുമെന്ന പ്രസക്തമായ ചോദ്യവും ഉയരുന്നു. കീഴുദ്യോഗസ്ഥന് മേലുദ്യോഗസ്ഥന്റെ നടപടികൾ ദോഷകരമെന്ന് തോന്നുന്ന പക്ഷം കീഴുദ്യോഗസ്ഥന് മേലുദ്യോഗസ്ഥന്റെ നേർക്ക് തട്ടിക്കയറുകയും പൊട്ടിത്തെറിക്കുകയുമാകാമെന്ന മാതൃകയാണ് ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹം മന്ത്രിസഭായോഗത്തിൽ പൊട്ടിത്തെറിച്ചപ്പോൾ സംസ്ഥാനത്തെ ജനങ്ങളുടേയും ജനായത്ത സംവിധാനത്തിന്റെ പവിത്രതയേയും നിലനിൽപ്പിനേയും കാത്തുസൂക്ഷിക്കാൻ ഭരണഘടനാപരമായി ബാധ്യസ്ഥപ്പെട്ട മന്ത്രിമാർ അദ്ദേഹത്തെ ന്യായീകരിച്ചു സംസാരിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇത്തരം മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളതെന്ന അറിവാണ് ഭരത് ഭൂഷണെ ഈ അച്ചടക്ക ലംഘനത്തിന് പ്രേരിപ്പിച്ചത്.

 

ജനങ്ങൾക്കും തങ്ങൾക്കും ഗുണകരമാകുന്ന വിധമുള്ള നല്ല ശീലങ്ങൾ നന്നേ കുറവുളളവരാണ് സംസ്ഥനത്തെ സർക്കാറാപ്പീസുകളിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും. ചില മാമൂലുകളുടെ പുറത്ത് അവശേഷിച്ചിരുന്ന അല്ലറചില്ലറ സവിശേഷതകൾകൂടി ഇല്ലാതാകുന്നതിലേക്ക് നയിക്കുന്നതായിപ്പോയി ഭരത് ഭൂഷൺ മന്ത്രിസഭായോഗത്തിൽ സ്വന്തം കാര്യം ഉന്നയിച്ച് പൊട്ടിത്തെറിച്ചതും അതിനെ അംഗീകരിച്ചുകൊടുക്കുകയും ചെയ്ത മുഖ്യമന്ത്രിയുൾപ്പടെയുള്ള മന്ത്രിസഭാംഗങ്ങളും. രാഷ്ട്രീയ നേതൃത്വത്തിലൂടെ തകർന്നടിഞ്ഞ ഉദ്യോഗസ്ഥ സംവിധാനത്തിലെ  മര്യാദകളിൽ അവശേഷിക്കുന്നവ സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറിയിലൂടെ ഇല്ലായ്മ ചെയ്തിരിക്കുന്നു. ഇതിന്റെ തിക്തഫലം പേറേണ്ടിവരിക ഇവിടുത്തെ സാധാരണ ജനങ്ങളും നാടുമാണ്.

Tags