Skip to main content

ak antonyജീവിച്ചിരിക്കുന്ന ഗാന്ധിയാണ് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിയെന്ന് രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അഭിപ്രായപ്പെട്ടിരിക്കുന്നു. പറഞ്ഞത് രാജ്യത്തിന്റെ പ്രഥമപൗരൻ. ആന്റണി കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമൻ. ആ വിലയിരുത്തലിൽ അടങ്ങിയിരിക്കുന്ന തലങ്ങൾ നോക്കാം.

 

സ്കൂള്‍ പുസ്തകങ്ങളിലൂടെ ഗാന്ധിജിയെ പറ്റി പഠിക്കുന്ന വിദ്യാർഥികൾ മനസ്സിലാക്കുന്നത്

 

1)       ആന്റണി അറിയപ്പെടാതെ പോയ ഗാന്ധി. പ്രഥമപൗരൻ വേണ്ടിവന്നു അത് അറിയിപ്പിക്കാൻ.

2)      വിദ്യാർഥികൾ സംശയിച്ചെന്നിരിക്കും, എന്തുകൊണ്ട് ഇത്രയധികം വാർത്താമാധ്യമങ്ങൾ ഉണ്ടായിട്ടും ജീവിച്ചിരിക്കുന്ന ഗാന്ധി അറിയപ്പെടാതെ പോയത്.

3)      തങ്ങളെ പഠിപ്പിച്ച അധ്യാപകർ എത്ര പൊതുവിജ്ഞാനക്കുറവുള്ളവർ!

4)      വാർത്താമാധ്യമങ്ങൾ നാമമാത്രമായിപ്പോലും ഇല്ലാതിരുന്ന കാലത്ത് ഗാന്ധിജി ഇന്ത്യയുടെ മുക്കിലും മൂലയിലും അറിയപ്പെട്ടതെങ്ങിനെ?

5)      ജീവിച്ചിരിക്കുന്ന ഗാന്ധി എന്തൊക്കെയാണ് ചെയ്തിട്ടുള്ളത്? ഗാന്ധിജി പോലും ചെയ്യാത്ത കാര്യങ്ങൾ ആന്റണി ചെയ്തിരിക്കുന്നു. അതാണ് രാഷ്ട്രപതി ഓർമ്മിപ്പിച്ചത്. പല തവണ മന്ത്രിസ്ഥാനങ്ങൾ രാജിവെച്ചു.

6)      വിദ്യാർഥികൾ സംശയിക്കുന്നു, ഇത്രയധികം തവണ സ്ഥാനങ്ങൾ രാജിവെച്ച ആന്റണി എങ്ങനെ കേന്ദ്രമന്ത്രിസഭയിൽ രണ്ടാമനായി? രാജിവെയ്ക്കൽ നടപടി  അധികാരത്തിന്റെ ഉന്നത ശ്രേണിയിലെത്താൻ ഇത്ര ഉതകുന്നതോ?

7)      അദ്ദേഹം സ്ഥാനങ്ങൾ രാജിവെച്ച ഇടവേളകളില്‍ മാത്രമായിരുന്നില്ലേ സ്ഥാനങ്ങളില്ലാതെ കഴിഞ്ഞത്? അതും ചെറിയ ഇടവേളകൾ.

8)      ജീവിച്ചിരിക്കുന്ന ഗാന്ധിയിലൂടെ ഗാന്ധിജിയെ മനസ്സിലാക്കുമ്പോൾ ആന്റണി ഗാന്ധിജിയേക്കാൾ മുകളിലല്ലേ?

9)      എന്തുകൊണ്ട് കോൺഗ്രസ്സ് പാർടി ഗാന്ധിനിന്ദ കാണിക്കുന്നു? ജീവിച്ചിരിക്കുന്ന ഗാന്ധി ഉണ്ടായിട്ടും സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ജീവിച്ചിരിക്കുന്ന ഗാന്ധിയെ പ്രധാനമന്ത്രിയാക്കിയില്ല!

 

കോൺഗ്രസ്സ് അധ്യക്ഷയും ഉപാധ്യക്ഷനും മനസ്സിലാക്കുന്നത്

 

1)       പ്രണബ് ദായിലെ രാഷ്ട്രീയക്കാരൻ കളി നിർത്തുന്നില്ല.

2)      ആന്റണി ജീവിച്ചിരിക്കുന്ന ഗാന്ധിയാകുമ്പോൾ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമൊന്നും ജീവിച്ചിരിക്കുന്ന ഗാന്ധിമാരല്ല.

3)      ഇന്ദിരാ ഗാന്ധിയുടെ കാലത്ത് കേന്ദ്ര മന്ത്രിസഭയിൽ രണ്ടാമനായിരുന്ന പ്രണബ് മുഖർജിയെ പ്രധാനമന്ത്രിയാക്കാതെ അദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിച്ച മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രിയാക്കിയതിന്റെ വിദ്വേഷം ഇപ്പോഴും മനസ്സിൽ നിന്നുപോയിട്ടില്ല.

4)      കേജ്രിവാൾ പ്രഖ്യാപിച്ച അഴിമതിപ്പട്ടികയിൽ രാഹുൽ ഗാന്ധിയുടെ പേര് വന്ന വാർത്തയോടൊപ്പമാണ് ആന്റണിയെ ജീവിച്ചിരിക്കുന്ന ഗാന്ധിയായുള്ള പ്രഖ്യാപനം വന്നിട്ടുള്ളത്. അത് പ്രത്യക്ഷത്തിൽ രാഹുൽ ഗാന്ധിയല്ല, മറിച്ച് ഇപ്പോഴത്തെ മന്ത്രിസഭയിലെ രണ്ടാമനായ ആന്റണിയാണ് അടുത്ത പ്രധാനമന്ത്രിസ്ഥാനത്തിന് യോഗ്യൻ എന്ന സൂചനയാണ്.

 

സാധാരണക്കാർ മനസ്സിലാക്കുന്നത്

 

1)       ഇന്ത്യയുടെ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി ബുദ്ധിജീവിയും ഇന്ത്യയിലെ തന്നെ തലമുതിർന്ന നേതാവുമാണ്. നെഹ്രു കാലം മുതൽ രാഹുൽ കാലം വരെ നേരിട്ടറിയാവുന്ന, ഗാന്ധികാലത്തേക്കുറിച്ചും അറിവുള്ള നേതാവ്.

2)      അദ്ദേഹം ഗാന്ധിജിയെ മനസ്സിലാക്കിയിട്ടുണ്ടോ? അതോ അദ്ദേഹം ആന്റണിയിലൂടെ ഗാന്ധിജിയെ മനസ്സിലാക്കിയിരിക്കുകയാണോ?

3)      ആന്റണിയുടെ മൗനം രാഷ്ട്രപതിയുടെ പരാമർശം ശരിയായ അടിസ്ഥാനത്തിൽ സ്വീകരിച്ചതിന്റെ ലക്ഷണമാണോ?

4)      ഗാന്ധിമാർഗ്ഗം എന്നത് ഇന്നത്തെ ആന്റണിയുടെ മാർഗ്ഗമാണോ?

Tags