Skip to main content

manmohan singhCBI

കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ ക്രമക്കേടുകള്‍ സംബന്ധിച്ച സി.ബി.ഐ അന്വേഷണം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും സി.ബി.ഐയ്ക്കും കുടുക്കായി മാറുന്നു:

 

>> ഒക്ടോബര്‍ 15-ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ളയേയും ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ഹിന്‍ഡാല്‍കോയേയും മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി പി.സി പരഖിനെയും പ്രതിചേര്‍ത്ത് സി.ബി.ഐ കല്‍ക്കരിപ്പാടം അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട 14-ാമത്തെ കേസില്‍ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.

 

>> 2005 ഒക്ടോബറില്‍ ഒഡിഷയിലെ താലാബിരയില്‍ ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ച തീരുമാനത്തില്‍ ക്രമക്കേടുണ്ടെന്നാണ് സി.ബി.ഐ ആരോപണം. പൊതുമേഖലാ സ്ഥാപനമായ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ (എന്‍.എല്‍.സി) പാടം അനുവദിക്കുന്നതിന് ശുപാര്‍ശ ചെയ്ത ശേഷം ഇത് മാറ്റി എന്‍.എല്‍.സിയ്ക്കൊപ്പം ഹിന്‍ഡാല്‍കോയ്ക്കും പാടം അനുവദിക്കാന്‍ എടുത്ത തീരുമാനത്തിലാണ് സി.ബി.ഐ അഴിമതി നടന്നതായി സംശയം പ്രകടിപ്പിക്കുന്നത്. ഈ തീരുമാനം മേലധികാരി അംഗീകരിച്ചു എന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

>> ഈ മേലധികാരി അന്ന്‍ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന പ്രധാനമന്ത്രി തന്നെയാണെന്നും തന്റെ തീരുമാനം മാറ്റാനുള്ള അധികാരമുള്ളയാളാണ് വകുപ്പ് മന്ത്രി എന്നും പരേഖ് വ്യക്തമാക്കുന്നു. സര്‍ക്കാര്‍ നയമനുസരിച്ച് തീരുമാനമെടുത്ത തന്നെ കേസില്‍ പ്രതി ചേര്‍ക്കുകയാണെങ്കില്‍ തീരുമാനം അംഗീകരിച്ച പ്രധാനമന്ത്രിയെ കേസില്‍ എന്തുകൊണ്ട് പ്രതിചേര്‍ക്കുന്നില്ല എന്ന് പരഖ് ആരായുന്നു.

 

>> ആരാണ് പരഖ്? കല്‍ക്കരിപ്പാടം അഴിമതി അന്വേഷണത്തിന് കാരണമായ 2012-ലെ സി.എ.ജി റിപ്പോര്‍ട്ടില്‍ ക്രമക്കേട് പുറത്തുകൊണ്ടുവരുന്നതില്‍ പരഖിന്‍റെ പങ്ക് എടുത്തുപറയുന്നുണ്ട്. കല്‍ക്കരിപ്പാടങ്ങള്‍ മത്സരാധിഷ്ഠിതമായ ലേലത്തിലൂടെ വിതരണം ചെയ്യണമെന്ന് 2004 സെപ്തംബറില്‍ പരേഖ് നിര്‍ദ്ദേശിച്ചതായി സി.എ.ജി റിപ്പോര്‍ട്ട് പറയുന്നു. അന്ന് സഹമന്ത്രിയായിരുന്ന ദാസരി നാരായണ റാവുവിനും സുതാര്യത ഉറപ്പുവരുത്തുന്നതിനായി ലേല നടപടികള്‍ ആരംഭിക്കണമെന്നും പരേഖ് എഴുതിയിരുന്നതായി സി.എ.ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതായത്, പരഖിനെ കുറിച്ച് സി.ബി.ഐയുടേയും സി.എ.ജിയുടേയും റിപ്പോര്‍ട്ടുകള്‍ വ്യത്യസ്ത ചിത്രങ്ങളാണ് നല്‍കുന്നത്.

 

>> ഒക്ടോബര്‍ 19-ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയും സി.ബി.ഐ റിപ്പോര്‍ട്ടിനെ പരോക്ഷമായി തള്ളിക്കളയുന്നു. ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച തീരുമാനം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അറിവോടെയെന്ന്‍ വ്യക്തമാക്കിയ പി.എം.ഒ തീരുമാനം ശരിയാണെന്ന നിലപാടില്‍ പ്രധാനമന്ത്രി ഉറച്ചുനില്‍ക്കുന്നതായും പ്രസ്താവനയില്‍ അറിയിക്കുന്നു. 2005 ഒക്ടോബര്‍ ഒന്നിന് നല്‍കിയ അവസാന അംഗീകാരം പൂര്‍ണ്ണമായും ക്രമപ്രകാരവും അര്‍ഹതയുടെ അടിസ്ഥാനത്തിലാണെന്നുമുള്ള കാര്യത്തില്‍ പ്രധാനമന്ത്രി സംതൃപ്തനാണെന്ന് പ്രസ്താവന. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ ശുപാര്‍ശയും 1996-ല്‍ തന്നെ ഹിന്‍ഡാല്‍കോ ഈ പാടത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നെന്ന വസ്തുതയും കണക്കിലെടുത്താണ് തീരുമാനം മാറ്റിയതെന്ന് പി.എം.ഒ വിശദീകരിക്കുന്നു.

 

>> അഴിമതി നിരോധന നിയമം അനുസരിച്ച് സി.ബി.ഐ രെജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വയം കക്ഷി  (പ്രതി) ചേര്‍ന്ന് സ്വന്തം ഭാഗം വാദിക്കുന്ന പ്രവൃത്തിയാണ്‌ പി.എം.ഒ ചെയ്തത്. എന്നാല്‍, വകുപ്പ് സെക്രട്ടറിയായിരുന്ന പരഖിനെ കേസില്‍ പ്രതിചേര്‍ത്തതോടെ വകുപ്പ് കൈകാര്യം ചെയ്തിരുന്ന പ്രധാനമന്ത്രി ചെകുത്താനും കടലിനും ഇടയില്‍ പെട്ട അവസ്ഥയിലായതോടെ പി.എം.ഒയ്ക്ക് മറ്റ് മാര്‍ഗ്ഗവുമില്ല. കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രം പോലെയല്ല പ്രഥമവിവര റിപ്പോര്‍ട്ടെങ്കിലും സാങ്കേതികമായി മാത്രം കാണാവുന്ന ഒന്നല്ല കല്‍ക്കരിപ്പാടം കേസ്.

 

>> കേസ് അവസാനിപ്പിക്കാന്‍ സി.ബി.ഐ ആലോചിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുപ്രീം കോടതിയുടെ നിരീക്ഷണത്തിലാണ് കല്‍ക്കരി കേസന്വേഷണം. നേരത്തെ, ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പങ്കിനെക്കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ബന്ധപ്പെട്ട ഫയലുകള്‍ കാണാതായതും സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് അന്നത്തെ നിയമമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചതും എല്ലാം ഇപ്പോഴത്തെ സംഭവവികാസത്തോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന അശ്വിനി കുമാറിന്റെ ആ നടപടിയാണ് സി.ബി.ഐയെ കൂട്ടിലടച്ച തത്ത എന്ന്‍ വിശേഷിപ്പിക്കുവാന്‍ കോടതിയെ പ്രേരിപ്പിച്ചത്.   

 

ചുരുക്കത്തില്‍, സി.ബി.ഐയും കുടുക്കിലാണ്. കേസ് തുടര്‍ന്നാല്‍ പ്രധാനമന്ത്രിയെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം. കേസ് പിന്‍വലിച്ചാല്‍ കോടതിയെ ഭയക്കണം.

 

ആരു കുടുങ്ങും?

Tags