Skip to main content

protest against criminal politicians

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രംഗത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന ഏതാനും വിധികള്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുകയാണ്. പ്രധാനമായും രാഷ്ട്രീയത്തിന്റെ ക്രിമിനല്‍വല്‍ക്കരണത്തെ നിര്‍മ്മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യം ഈ വിധികളുടെ പിന്നില്‍ കാണാം. കോടതി അതിന്റെ ഭരണഘടനാപരമായ പരിധികള്‍ ലംഘിക്കുന്നുവോ എന്ന നിയമവിദഗ്ദരും രാഷ്ട്രീയ പ്രവര്‍ത്തകരും ആശങ്കകള്‍ ഉന്നയിക്കുമ്പോഴും തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ക്കായി വാദിക്കുന്നവര്‍ക്ക് ഏറെ ചാരിതാര്‍ത്ഥ്യജനകമായി മാറുന്നവയാണ് ഈ വിധികള്‍. കോടതിയുടെ ഈ സക്രിയതയുടെ പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച പുറപ്പെടുവിച്ച നിഷേധ വോട്ട് വിധിയെ കാണേണ്ടത്.

 

തെരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് എന്ന ആശയത്തിന്റെ അടിവേരിളക്കുന്നതാണ് എന്ന അതീവ ശക്തമായ നിരീക്ഷണം കഴിഞ്ഞ ജൂലൈ അഞ്ചിന് സുപ്രീം കോടതി നടത്തിയിരുന്നു. ഈ വാഗ്ദാനങ്ങളെ അഴിമതിയായി കണക്കാക്കാന്‍ കോടതി വിസമ്മതിച്ചെങ്കിലും ഇവ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ പിന്നാലെയായിരുന്നു വ്യക്തമായും ക്രിമിനല്‍ പശ്ചാത്തലമുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ജനപ്രാതിനിധ്യ നിയമത്തില്‍ ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ റദ്ദാക്കുന്ന രണ്ട് വിധികള്‍ ജൂലൈ 10, 11 തിയതികളില്‍ കോടതിയില്‍ നിന്നുണ്ടായത്.

 

നിയമാനുസൃത തടവില്‍ കഴിയുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല എന്നായിരുന്നു ആദ്യ കോടതിവിധി. ഇതോടെ, ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും ജയിലിലോ പോലീസ് കസ്റ്റഡിയിലോ കഴിയുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല എന്ന് വന്നു. എന്നാല്‍ കേന്ദ്രം നല്‍കിയ ഹര്‍ജി സ്വീകരിച്ച കോടതി വിധി പുന:പരിശോധനക്ക് വിധേയമാക്കാം എന്ന് സമ്മതിച്ചിരിക്കുകയാണ്. ക്രിമിനല്‍ കേസുകളില്‍ കുറ്റവാളിയായി വിധിക്കപ്പെട്ടാല്‍ ജനപ്രതിനിധികള്‍ക്ക് അംഗത്വം നഷ്ടപ്പെടും എന്ന വിധിയാണ് പിന്നാലെ വന്നത്. ഇത്തരത്തില്‍ ശിക്ഷിക്കപ്പെട്ടാലും അപ്പീല്‍ നല്‍കാന്‍ അനുവദിച്ചിരിക്കുന്ന മൂന്നുമാസക്കാലയളവില്‍ അംഗമായി തുടരാം എന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് ഭരണഘടനാ വിരുദ്ധമെന്നാണ് കോടതി വിധിച്ചത്. ഈ വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് തയ്യാറാക്കി പ്രസിഡന്റിന് അയച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍, മുഖ്യപ്രതിപക്ഷ കക്ഷിയായ ബി.ജെ.പിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഈ ഓര്‍ഡിനന്‍സിനെ എതിര്‍ത്ത് മുന്നോട്ട് വന്ന സമയത്താണ് കോടതിയുടെ പുതിയ വിധി.  

 

null voteഎന്നാല്‍, ഈ വിധിയുടെ സാധ്യത നിയമപരമായി വളരെ പരിമിതമാണ്. നിലവില്‍ ഇല്ലാത്ത ഒരവകാശവും വിധി സമ്മതിദായകന് നല്‍കുന്നില്ല. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ 49-o വകുപ്പനുസരിച്ച് പോളിംഗ് ബൂത്തിലെത്തി ആര്‍ക്കും വോട്ടു ചെയ്യുന്നില്ല എന്ന് നിലവില്‍ രേഖപ്പെടുത്താന് കഴിയും. എന്നാല്‍, ഇത് സമ്മതിദാനം വിനിയോഗിക്കാന്‍ എത്തുന്നവരുടെ പേര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തുന്ന ഫോമില്‍ ഒപ്പിട്ടു നല്‍കുകയാണ് വേണ്ടത്. ഇത് പക്ഷെ, രഹസ്യമായി സമ്മതിദാനം വിനിയോഗിക്കാനുള്ള അവകാശം നഷ്ടപ്പെടുത്തുന്നു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് മുന്‍പ് ബാലറ്റ് പേപ്പറിന്റെ യുഗത്തില്‍ വോട്ട് അസാധുവാക്കുന്നതിലൂടെ ഫലത്തില്‍ നിഷേധ വോട്ട് രഹസ്യമായി ചെയ്യാന്‍ കഴിയുമായിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഇല്ലാതാക്കിയ ഈ സാധ്യത നിയമവിധേയമായി തിരിച്ചുവരികയാണ് നിഷേധ വോട്ടിന് പ്രത്യേക ബട്ടണ്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയിലൂടെ.

 

അതേസമയം, 49-o വകുപ്പനുസരിച്ചുള്ള വോട്ടുകളുടെ നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖപ്പെടുത്തി സൂക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ആരെയും തിരഞ്ഞെടുക്കുന്നില്ല എന്ന് തീരുമാനിച്ചാലും ഏറ്റവും കൂടുതല്‍ വോട്ടു ലഭിക്കുന്ന സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കുകയാണ് ചെയ്യുക. 2008-ല്‍ ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളതുമാണ്. ചീഫ് ജസ്റ്റിസ്‌ പി.സദാശിവം വായിച്ച വിധിയിലെ പ്രസക്ത ഭാഗങ്ങളില്‍ ഈ രീതിയില്‍ മാറ്റം നിര്‍ദ്ദേശിച്ചതായി കാണുന്നില്ല. എന്നാല്‍, ഭൂരിപക്ഷ വോട്ടര്‍മാര്‍ ആര്‍ക്കും വോട്ടു ചെയ്യുന്നില്ല എന്ന് പ്രഖ്യാപിക്കുന്നത് ചോദ്യം ചെയ്യുക, സ്ഥാനാര്‍ഥിയുടെ ജനാധിപത്യ സാധുതയെ തന്നെയാണ്. അതിനാല്‍, ഈ വിധി ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രശ്നം ഗൌരവകരമാണ്. ഓരോ വോട്ടെടുപ്പും റഫറണ്ടം ശൈലിയില്‍ അതെ/അല്ല എന്ന മട്ടില്‍ രൂപാന്തരപ്പെടാനുള്ള സാധ്യതയും ഈ വിധി തുറക്കുന്നുണ്ട്.

 

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രീതി പരിഷ്കരിക്കേണ്ടതിന്റെ അനിവാര്യതയാണ് ഈ വിധികള്‍ ചൂണ്ടിക്കാട്ടുന്നത്. അത് കോടതിയുടെ ചുമതലയല്ല. മുന്നിലെത്തുന്ന പരാതികളില്‍ തീരുമാനങ്ങളെടുക്കുന്ന കോടതിയുടെ പരിധിയില്‍ നില്‍ക്കുന്നതുമല്ല തെരഞ്ഞെടുപ്പ് പരിഷ്കരണം. എന്തായാലും തെരഞ്ഞെടുപ്പ് പരിഷ്കരണങ്ങള്‍ പൊതുചര്‍ച്ചയിലേക്ക് വരുന്നതിനു ഈ വിധി കാരണമായിട്ടുണ്ട്. ആനുപാതിക പ്രാതിനിധ്യം മുതല്‍ സമ്മതിദാനം നിര്‍ബന്ധമാക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ വിധിയോടുള്ള പ്രതികരണമായി ഉയര്‍ന്നു വന്നിട്ടുണ്ട്. ഈ ചര്‍ച്ചകള്‍ അതിന്റെ യുക്തിപരമായ പരിസമാപ്തിയിലേക്ക്, ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് യോജിച്ച തെരഞ്ഞെടുപ്പ് പരിഷ്കരണങ്ങളിലേക്ക് എത്തുന്നു എന്നുറപ്പ് വരുത്തേണ്ട ബാധ്യത ഇവിടത്തെ രാഷ്ട്രീയ നേതൃത്വത്തിനുണ്ട്.

 

കാരണം, സമൂഹത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയം നേരിടുന്ന വിശ്വാസത്തകര്‍ച്ചയുടെ പ്രതിഫലനമാണ് ഈ വിധിയ്ക്ക് ലഭിക്കുന്ന സ്വീകാര്യത. സ്വതവേ നീണ്ട നിയമത്തിന്റെ കരങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തകരുടെ മുന്നില്‍ അനിശ്ചിതമായി നീളുന്ന പ്രവണത ഇപ്പോഴും തുടരുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഈ വിധികളെ മറികടക്കാനോ ഫലശൂന്യമാക്കാനോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞേക്കും. എന്നാല്‍, ഇപ്പോഴുള്ള വിശ്വാസത്തകര്‍ച്ചയുടെ ആഴം കൂട്ടാനേ അതുപകരിക്കൂ. ജനാധിപത്യ സമൂഹത്തില്‍ പ്രാഥമിക സ്ഥാനം ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും തന്നെയാണ് വേണ്ടത്. അതിന് അവശ്യം വേണ്ട ഘടകമാണ് ജനങ്ങളുടെ വിശ്വാസം. ബ്രെഹ്ത് ഓര്‍മ്മിപ്പിച്ചത് പോലെ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാന്‍ നേതാക്കള്‍ക്ക് ജനത്തെ പിരിച്ചുവിട്ടു പുതിയ ജനത്തെ തിരഞ്ഞെടുക്കാനാവില്ല.   

Tags