Skip to main content

കെ.പി.സി.സി. പ്രസിഡന്‍റ് രമേശ്‌ ചെന്നിത്തല നയിക്കുന്ന കേരളയാത്ര കാസര്‍ഗോഡ്‌ നിന്ന് വ്യാഴാഴ്ച പര്യടനം തുടങ്ങി. ഒരു മാസം നീണ്ടുനില്‍ക്കുന്ന യാത്രയുടെ മുദ്രാവാക്യം സമൃദ്ധ കേരളം സുരക്ഷിത കേരളം എന്നാണ്. വികസന പാതയില്‍ കുതിക്കുന്ന യു.പി.എ., യു.ഡി.എഫ്. സര്‍ക്കാറുകള്‍ക്ക് ശക്തി പകരാന്‍ ജാനാധിപത്യ വിശ്വാസികളോട് ആഹ്വാനം ചെയ്താണ് യാത്ര. ഉദ്ഘാടന വേളയില്‍ വികസനം സംബന്ധിച്ച് സംസ്ഥാനം നേരിടുന്ന ചില പ്രശ്നങ്ങളും അദ്ദേഹം വിശകലനം ചെയ്തു. അതിങ്ങനെ: കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ പൊലിയുകയാണ്. യൂറോപ്യന്‍ നിലവാരം സൂക്ഷിച്ചിരുന്ന വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ തിരിച്ചടി നേരിട്ടിരിക്കുന്നു. മാനവവിഭവ ശേഷിയുടെ പുന:ക്രമീകരണം ആവശ്യമായിരിക്കുകയാണ്.

 

വികസനം എന്ന ആശയത്തിന്മേല്‍ ഇവിടെ നടക്കുന്ന സംവാദങ്ങളെല്ലാം യൂറോപ്യന്‍/പടിഞ്ഞാറന്‍ നിര്‍വചനങ്ങളെയും നിലവാരങ്ങളേയും കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ചെന്നിത്തലയുടെ വിശകലനവും അതില്‍ നിന്ന് വ്യത്യസ്തമല്ല. സൂചികകളിലെ സ്ഥാനവും കണക്കില്‍ കാണുന്ന വളര്‍ച്ചയുമാണ്‌ ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഈ വികസനത്തിലെ  കേന്ദ്രബിന്ദുക്കള്‍. ജീവിതത്തെ പക്ഷെ, അത് കാണുന്നില്ല. ചെന്നിത്തല ആകുലപ്പെടുന്ന വിദ്യാഭ്യാസ ആരോഗ്യ മേഖലകളെടുക്കുക. കേരള മോഡല്‍ വികസന മാതൃകയുടെ ആരോഗ്യത്തെ സംബന്ധിച്ച നേട്ടം ചിലവു കുറഞ്ഞ ചികിത്സാ സംവിധാനങ്ങള്‍ വ്യാപകമായി ലഭ്യമാക്കി എന്നുള്ളതാണ്. രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്ന ലളിതമായ അര്‍ഥം ശരിയായി മനസ്സിലാക്കിയിരുന്നെങ്കില്‍ വ്യക്തിയുടെ ജീവിത രീതികളും പരിസരവുമായിരുന്നു ആരോഗ്യ പരിപാടികളുടെ മുഖ്യപരിഗണന ആകേണ്ടിയിരുന്നത്. പകരം രോഗം ക്ഷണിച്ചുവരുത്തുന്ന ജീവിത രീതികള്‍ പിന്തുടരുന്ന ഒരു സമൂഹമായി കേരളം മാറിയപ്പോള്‍ എത്ര അടുത്ത് ചികിത്സ ലഭ്യമാക്കിയാലും എത്ര ചിലവിട്ടാലും ആരോഗ്യം മാത്രം അകലെയായി. വിദ്യാഭ്യാസത്തിന്റെ അവസ്ഥയും മറ്റൊന്നല്ല. വ്യക്തിയുടെ സാമൂഹ്യ സ്ഥിതി ഉയര്‍ത്തുന്ന മാര്‍ഗ്ഗമായി  വിദ്യാഭ്യാസത്തെ കണ്ടപ്പോള്‍ ലക്‌ഷ്യം ജോലി നേടുക എന്നത് മാത്രമായി. വ്യക്തിയിലെ മനുഷ്യനെ മിനുക്കിയെടുക്കാനുള്ള വിദ്യാഭ്യാസത്തിന്റെ പ്രാഥമികവും പരമവുമായ ചുമതല വിസ്മരിക്കപ്പെട്ടു. മനുഷ്യനെ തേടി ഗ്രീക്ക് തെരുവുകളില്‍ പട്ടാപ്പകല്‍ കത്തിച്ച റാന്തലുമായി അലഞ്ഞിരുന്ന ഡയോജിനിസ് ഇന്ന്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടേയും ദുരന്തചിത്രമാകും.

 

വ്യവസായ വിപ്ലവാനന്തരം ആധുനിക ശാസ്ത്രത്തിന്റെ കുട പിടിച്ച് യൂറോപ്പില്‍ നിന്ന് വ്യാപിച്ച ഭൗതിക വളര്‍ച്ചയില്‍ അധിഷ്ഠിതമായ വികസന രീതികള്‍ ഇന്നും ലോകമെങ്ങും മനുഷ്യരുടെ ജീവിതത്തെ നിര്‍ണ്ണായകമായി സ്വാധീനിച്ചു കൊണ്ടിരിക്കുന്നു. നേട്ടങ്ങളെ തൃണസമാനമാക്കുന്ന ദുരന്തങ്ങള്‍- കൊളോണിയലിസം, ലോക മഹായുദ്ധങ്ങള്‍, ആണവ ബോംബ്‌, പരിസ്ഥിതി നാശം എന്നിങ്ങനെ- അവശേഷിപ്പിച്ചിട്ടും. എന്നാല്‍ ഇരകളായ മനുഷ്യരുടെ ചിന്തയില്‍ പോലും ഈ വികസന സങ്കല്പം വച്ചുപുലര്‍ത്തുന്ന അധീശത്വമാണ് ഏറ്റവും വലിയ ദുരന്തം. അതുകൊണ്ടാണ്, ആറന്മുളയില്‍ ആദ്യത്തെ വിമാനമിറങ്ങുമ്പോള്‍ ഇപ്പോഴുള്ള എതിര്‍പ്പെല്ലാം ഇല്ലാതാകും എന്ന്‍ പുഞ്ചിരിച്ചുകൊണ്ട് പറയാന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കഴിയുന്നത്. ചാണ്ടിയും ചെന്നിത്തലയും അനിവാര്യമായി തിരിച്ചറിയേണ്ട വസ്തുതയാണ് കേരളീയ സമൂഹം നേരിടുന്ന പ്രശ്നങ്ങളുടെ ഭാഗമാണ്, കാരണം തന്നെയുമാണ്, തങ്ങള്‍ പുലര്‍ത്തുന്ന വികസന സങ്കല്പ്പനങ്ങള്‍ എന്നത്.