ന്യൂഡല്‍ഹി: ഇറ്റലിയുടെ ഇന്ത്യ സ്ഥാനപതി ദാനിയല്‍ മന്‍സിനിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സ്ഥാനപതി ഇന്ത്യ വിട്ടുപോകരുതെന്നും സുപ്രീം കോടതി. സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷ നല്‍കണമെന്ന വാദവും ചീഫ് ജസ്റ്റീസ് അല്തമാസ് കബീര്‍ അധ്യക്ഷനായ ബഞ്ച് തള്ളി.
സ്ഥാനപതി നല്‍കിയ സത്യവാങ്ങ്മൂലത്തിന്‍ മേലാണ് കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റലിയുടെ രണ്ട് നാവിക സൈനികര്‍ക്ക് സുപ്രീം കോടതി ജാമ്യം നല്‍കിയത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താന്‍ പോയ സൈനികരെ തിരിച്ചയക്കില്ലെന്നു ഇറ്റലി സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. ഇത്തരത്തിലുള്ള പെരുമാറ്റം സ്ഥാനപതിയില്‍ നിന്ന് പ്രതീക്ഷിച്ചില്ലെന്ന് കോടതി പറഞ്ഞു.
ജാമ്യ വ്യവസ്ഥ അനുസരിച്ച് മാര്‍ച്ച് 22ന് മുന്‍പാണ് സൈനികരെ രാജ്യത്ത് തിരിച്ചെത്തിക്കേണ്ടത്. അതുവരെ ഇറ്റലിയുടെ വാദങ്ങള്‍ കേള്‍ക്കില്ലെന്നും കേസ് ഏപ്രില്‍ രണ്ടിന് പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.