സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിലേക്ക് പങ്കെടുക്കാന്‍ തിരികെ വരണം എന്ന പാര്‍ട്ടി നിര്‍ദ്ദേശം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തള്ളി. വാര്‍ത്താകുറിപ്പിലൂടെയാണ് തന്റെ തീരുമാനം വി.എസ് അറിയിച്ചത്. താന്‍ പാര്‍ട്ടി വിരുദ്ധനാണ് എന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതു ശരിയല്ല എന്ന ബോധ്യം കൊണ്ടാണ് താന്‍ സമ്മേളനത്തില്‍ നിന്നു വിട്ടുനിന്നത്. ആ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നതായും അതിനാല്‍ തിങ്കളാഴ്ചത്തെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നിരിക്കുകയാണെന്നും വി.എസ് പറഞ്ഞു. തന്റെ ഈ ‘നിസ്സഹായാവസ്ഥ’ ജനറല്‍ സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
വി.എസ് ഉന്നയിച്ച വിഷയങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും സമ്മേളനത്തിലേക്ക് ഉടന്‍ തിരികെ വരണമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കഴിഞ്ഞ ദിവസം വി.എസിനോട് ടെലിഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച സമ്മേളനവേദിയില്‍ നിന്ന്‍ ഇറങ്ങിയ വി.എസ് ഞായറാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗികവസതിയായ കന്റോണ്മെന്റ് ഹൗസിലേക്ക് പോയിരുന്നു.
പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ തനിക്കെതിരെ ചേര്‍ത്തിരുന്ന വാസ്തവ വിരുദ്ധമായ പരാമര്‍ശങ്ങളില്‍ ചിലത് ഒഴിവാക്കിയത് അത്രത്തോളം നല്ലതെന്നും പി.ബി പരിശോധനയ്ക്കു ശേഷം ബാക്കി ഭാഗങ്ങളും ഒഴിവാക്കപ്പെടുമെന്ന് താന്‍ ആഗ്രഹിക്കുന്നതായി വി.എസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന്‍ വി.എസിന്റെ രാജി തിങ്കളാഴ്ച?
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി ജീവപര്യന്തം തടവിനു ശിക്ഷിച്ച മൂന്നു പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ നടപടി വേണമെന്നു താന്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണെന്ന് വി.എസ് ചൂണ്ടിക്കാട്ടി. എനാല്‍, കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ മൂലം ഇതില്‍ ഒരാള്‍ക്കെതിരെ നടപടിയെടുത്തെങ്കിലും മറ്റു രണ്ടുപേര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല എന്നു മാത്രമല്ല, അവരെ പാര്‍ട്ടി കമ്മിറ്റികളില്‍ നേതാക്കന്മാരായി അവരോധിച്ചിരിക്കുകയുമാണെന്ന് വി.എസ് ചൂണ്ടിക്കാട്ടി. ഇവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും പാര്‍ട്ടിക്കുണ്ടായ ദുഷ്‌പേര് ഇല്ലാതാക്കുകയും ചെയ്യണമെന്നും വി.എസ് ആവശ്യപ്പെട്ടു.