സംസ്ഥാന സമ്മേളനം തുടങ്ങാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ, സി.പി.ഐ.എം നേതൃത്വത്തിലെ തര്‍ക്കം വീണ്ടും പരസ്യവേദിയില്‍. മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ അച്ചടക്ക ലംഘനം തുടരുകയാണെന്നും പാര്‍ട്ടിവിരുദ്ധ മാനസികാവസ്ഥയിലേക്ക് അദ്ദേഹം തരംതാണിരിക്കുകയാണെന്നും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യാഴാഴ്ച ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മൂന്ന്‍ ദിവസം നീണ്ടുനില്‍ക്കുന്ന സി.പി.ഐ.എം സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ വെള്ളിയാഴ്ച ആരംഭിക്കും. സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് പിണറായി മാദ്ധ്യമങ്ങളെ കണ്ടത്.
തനിക്കെതിരെയുള്ള വിമര്‍ശനങ്ങളോട് പ്രതികരിച്ച് കേന്ദ്രനേതൃത്വത്തിന് കത്തയച്ച വി.എസിന്റെ നടപടി അനവസരത്തിലുള്ളതാണെന്ന് പിണറായി വിമര്‍ശിച്ചു. കത്തിലെ വി.എസിന്റെ നിലപാടുകള്‍ സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടറിയേറ്റും നേരത്തെ ഏകകണ്ഠമായി തള്ളിയതാണെന്ന് പിണറായി പറഞ്ഞു. കത്തയച്ച നടപടിയ്ക്കെതിരെ വി.എസിന്റെ സാന്നിധ്യത്തില്‍ സെക്രട്ടറിയേറ്റ് പ്രമേയം പാസാക്കിയതായി പിണറായി അറിയിച്ചു.
ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് വി.എസ് അയച്ച കത്തില്‍ ടി.പി ചന്ദ്രശേഖരന്‍ വധവും ലോകസഭാ സ്ഥാനാര്‍ഥി നിര്‍ണ്ണയവും അടക്കമുള്ള വിഷയങ്ങളില്‍ പിണറായിയുടെ നിലപാടുകളെ വിമര്‍ശിക്കുന്നുണ്ട്.
കത്തിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും പാര്‍ട്ടിവിരുദ്ധവുമാണെന്ന് പിണറായി പറഞ്ഞു. വി.എസ് കെട്ടുകഥകള്‍ പടച്ചുവിടുകയാണെന്നും പാര്‍ട്ടിവിരുദ്ധ മാനസികാവസ്ഥയിലേക്ക് താണതായും പിണറായി ആരോപിച്ചു.
പി.ബിയില്‍ നിന്ന്‍ പുറത്താക്കിയപ്പോള്‍ പാര്‍ട്ടിയ്ക്കെതിരെ പരസ്യവിമര്‍ശനം നടത്തരുതെന്ന് വി.എസിന് നിര്‍ദേശം നല്‍കിയിരുന്നതാണെന്ന് പിണറായി ചൂണ്ടിക്കാട്ടി. എന്നാല്‍, പാര്‍ട്ടി അച്ചടക്കത്തിന്റെ ലംഘനം പിന്നീടും വി.എസ് തുടര്‍ന്നു. ഇപ്പോള്‍ കത്ത് ചോര്‍ന്നതും ഇതാണ് തെളിയിക്കുന്നത്. വിഷയത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്നത് കേന്ദ്രനേതൃത്വമാണ് ഇനി തീരുമാനിക്കേണ്ടതെന്ന്‍ പിണറായി വ്യക്തമാക്കി.