Skip to main content

സംസ്ഥാനത്ത് ‘വിജിലൻസ് രാജാ’ണോ നടക്കുന്നതെന്ന് ഹൈക്കോടതി. വിജിലൻസ് കോടതികൾ അനാവശ്യ വ്യവഹാരങ്ങൾക്ക് വഴിയൊരുക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. എൻ.ശങ്കർ റെഡ്ഡിയ്ക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകിയതിനെതിരായ ഹർജി പരിഗണിക്കുമ്പോഴായിരുന്നു വിജിലൻസിനും വിജിലൻസ് കോടതികൾക്കുമെതിരെ ഹൈക്കോടതിയുടെ വിമർശനം.

 

മന്ത്രിസഭ യോഗം ചേർന്ന് കൈക്കൊണ്ട തീരുമാനങ്ങൾ പോലും ചോദ്യം ചെയ്യുന്ന വിജിലൻസിന്റെ നടപടി ഉചിതമല്ലെന്ന്‍ കോടതി പറഞ്ഞു. ഇത്തരം തീരുമാനങ്ങൾ പുതിയ സർക്കാർ പുന:പരിശോധിക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

 

മുൻസർക്കാരിന്റെ കാലത്ത് ശങ്കർ റെഡ്ഡി ഉൾപ്പെടെയുള്ളവർക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകിയത് ചട്ടവിരുദ്ധമാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വിജിലൻസ് ഡയറക്ടറായി നിയമിക്കപ്പെട്ട ശങ്കർ റെഡ്ഡിയ്ക്ക് അനർഹമായി സ്ഥാനക്കയറ്റം നൽകിയെന്ന് ആരോപിച്ച് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നല്‍കിയ ഹര്‍ജിയിലാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

 

അതേസമയം, അഴിമതിക്കേസുകളില്‍ കാര്യമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ഭരണ പരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. പാമോയിലും ടൈറ്റാനിയവും ഉൾപ്പെടെയുള്ള കേസുകളിലെ അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്. അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്നവർ അധികാരത്തിലെത്തുമ്പോൾ നടപടിയെടുക്കാൻ മടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് ചിലപ്പോൾ സാങ്കേതിക കാരണങ്ങൾ കൊണ്ടാവാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് ലോ കോളേജിലെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.