കേരള തീരത്ത് രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രണ്ട് ഇറ്റാലിയന്‍ നാവിക സൈനികരില്‍ ഒരാളായ മാസിമിലിയാനോ ലത്തോരെയ്ക്ക് ചികിത്സയ്ക്കായി നാല് മാസത്തേക്ക് ഇറ്റലിയിലേക്ക് പോകാന്‍ സുപ്രീം കോടതി വെള്ളിയാഴ്ച അനുമതി നല്‍കി. നാല് മാസത്തിന് ശേഷം തിരികെ വരുമെന്ന ഉറപ്പ് വ്യക്തമായി എഴുതി നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ആര്‍.എം ലോധയുടെ നേതൃത്വത്തിലുള്ള ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
ആഗസ്ത് 31-ന് മസ്തിഷ്ക ആഘാതം അനുഭവപ്പെട്ട ലത്തോരെയ്ക്ക് ആഴ്ചയിലൊരിക്കല്‍ ഡല്‍ഹിയിലെ ചാണക്യപുരി പോലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണമെന്ന ജാമ്യനിബന്ധനയില്‍ നിന്ന്‍ സെപ്തംബര്‍ എട്ടിന് രണ്ടാഴ്ചത്തേക്ക് സുപ്രീം കോടതി ഇളവ് നല്‍കിയിരുന്നു.
മുതിര്‍ന്ന അഭിഭാഷകരായ സോളി സോറബ്ജിയും കെ.ടി.എസ് തുള്‍സിയുമാണ് ഇറ്റാലിയന്‍ സൈനികര്‍ക്ക് വേണ്ടി ഹാജരായത്. ലത്തോരെ മടങ്ങിവരുന്നത് സംബന്ധിച്ച് ഏത് തരത്തിലുള്ള ഉറപ്പും നല്‍കാന്‍ ഇറ്റലിയുടെ സ്ഥാനപതി തയ്യാറാണെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.
2012 ഫെബ്രുവരിയിലാണ് എന്രിക ലെക്സി എന്ന ഇറ്റാലിയന്‍ വാണിജ്യ കപ്പലില്‍ സുരക്ഷാ ചുമതല വഹിച്ചിരുന്ന ലത്തോരെയും സാല്‍വത്തോരെ ജിരോണും മത്സ്യബന്ധനതിലേര്‍പ്പെട്ടിരുന്ന ബോട്ടിന് നേരെ വെടിവെച്ച് രണ്ട് പേരെ കൊലപ്പെടുത്തിയത്. കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് വെടിയുതിര്‍ത്തതെന്നാണ് സൈനികരുടെ വാദം. സംഭവം ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയിലാണ് നടന്നതെന്ന്‍ ഇന്ത്യയും അന്താരാഷ്ട്ര സമുദ്രത്തിലാണെന്ന് ഇറ്റലിയും വാദിക്കുന്നു. വിഷയം ഇപ്പോള്‍ സുപ്രീം കോടതിയുടെ മുന്നിലാണ്.