Skip to main content
ന്യൂഡല്‍ഹി

oommen chandyഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തോളം പാമോലിന്‍ അഴിമതിക്കേസില്‍ സത്യം എങ്ങനെ പുറത്തുവരുമെന്ന് സുപ്രീം കോടതി. മുഖ്യമന്ത്രിക്കു കീഴിലുള്ള പോലീസിന് എങ്ങനെ കാര്യക്ഷമമായി അന്വേഷണം നടത്താനാവുമെന്നും മുഖ്യമന്ത്രിക്കെതിരെ റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിന് ഭയമുണ്ടാകില്ലേയെന്നും കോടതി ആരാഞ്ഞു. സി.ബി.ഐ പോലെ മറ്റൊരു സ്വതന്ത്ര ഏജന്‍സി അന്വേഷിക്കുന്നതല്ലേ ഉചിതമെന്നും കോടതി ചോദിച്ചു.

 

രണ്ട് തവണ അന്വേഷിച്ചിട്ടും മുഖ്യമന്ത്രിക്കെതിരെ തെളിവ് ലഭിച്ചിക്കാത്തതിനാലാണ് കേസ് അവസാനിപ്പിച്ചതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞപ്പോഴായിരുനു കോടതിയുടെ പ്രതികരണം. ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ കേസില്‍ പ്രതിയായ പാമോലിന്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ശക്തമായ പ്രതികരണം വന്നത്.

 

കേസില്‍ മുഖ്യമന്ത്രിയുടെ നടപടികളേയും ജസ്റ്റിസ് ടി.എസ് താക്കൂര്‍ അദ്ധ്യക്ഷനായ ബഞ്ച് വിമര്‍ശിച്ചു. 2005-06 കാലയളവില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ പാമോലിന്‍ കേസ് പിന്‍വലിക്കാനെടുത്ത തീരുമാനം മുഖ്യമന്ത്രിക്ക് വ്യക്തിപരമായി ഗുണം ചെയ്യുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് പിന്‍വലിക്കാന്‍ തീരുമാനമെടുത്ത മന്ത്രിസഭാ യോഗത്തില്‍ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നിരുന്നോ എന്നും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വി.ഗിരിയോട് കോടതി ചോദിച്ചു.

 

പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തിനെതിരെ ഹൈക്കോടതിയുടെ പരിഗണനയിലുള്ള പുന:പരിശോധനാ ഹര്‍ജിയില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

 

1991-92 കാലഘട്ടത്തില്‍ കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ഉയര്‍ന്ന നിരക്കില്‍ മലേഷ്യയില്‍ നിന്ന് പാമോലിന്‍ ഇറക്കുമതി ചെയ്തതില്‍ അഴിമതി നടന്നു എന്നാണ് ആരോപണം. അന്ന് ധനവകുപ്പ് മന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടി.