ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണിന് പിന്തുണയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗതെത്തി. ഭരത് ഭൂഷണിന് ഔദ്യോഗികമായി വെളിപ്പെടുത്താത്ത സ്വത്തില്ലെന്നും ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളുടെ വിവരങ്ങള്‍ 2011-ല്‍ സര്‍ക്കാരിനെ അറിയിച്ചതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ സ്വത്തുവിവരം മറച്ചുവച്ചുവെന്നായിരുന്നു വി.എസ്സിന്റെ ആരോപണം. കൂടാതെ മുഖ്യമന്ത്രിക്ക് ചീഫ് സെക്രട്ടറിയെ ഭയമാണെന്നും ചീഫ് സെക്രട്ടറിക്ക് കൊച്ചിയില്‍ മാത്രം 5 കോടി രൂപയുടെ സ്വത്തുണ്ടെന്നും ചീഫ് സെക്രട്ടറി തെറ്റായ സ്വത്ത് വിവരം നല്‍കിയ രേഖകള്‍ സഭയില്‍ വെക്കാന്‍ അനുവദിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. പാറ്റൂര്‍ ഭൂമി ഇടപാടിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോയെന്ന് അദ്ദേഹം വെല്ലുവിളിച്ചു. എന്നാല്‍ വി.എസ് ഉന്നയിച്ച സബ്മിഷന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അനുമതി നിഷേധിച്ചു.
കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഭരത് ഭൂഷണിന് സ്വത്തുക്കളില്ലെന്നും ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളുടെ വിവരങ്ങള്‍ അദ്ദേഹം ഒരിക്കല്‍ സര്‍ക്കാരിനെ അറിയിച്ചതാണെന്നും ഭാര്യയുടെ ബന്ധുക്കളുടെയും സ്വത്തുവിവരം അറിയിക്കണമെന്ന് നിര്‍ബന്ധമില്ലാത്തിനാലാണ് പിന്നീട് അറിയിക്കാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരെ ഒറ്റപ്പെടുത്താനൊ അപകീര്‍ത്തിപ്പെടുത്താനോ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും എന്ത് വിലകൊടുത്തും ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു