Skip to main content
തിരുവനന്തപുരം

 

ലോക് തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പേരില്‍ എം.എല്‍.എ സ്ഥാനം രാജിവെയ്ക്കാനുള്ള സന്നദ്ധത പാര്‍ട്ടിയെ അറിയിച്ചുവെന്ന് എം.എ ബേബി. ടി.വി. ചാനലുകളുമായി നടത്തിയ അഭിമുഖത്തിലാണ് പാര്‍ട്ടി ഘടകത്തില്‍ തന്റെ രാജിസന്നദ്ധത അറിയിച്ചതായി എം.എ. ബേബി പറഞ്ഞത്. അതേസമയം എം.എ ബേബി ധാര്‍മികതയുടെ പേരില്‍ രാജിവെയ്‌ക്കേണ്ട ആവശ്യമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

 

രാജിക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും ലോക്‌സഭയിലും നിയമസഭയിലും തദ്ദേശ സ്ഥാപനങ്ങളിലേക്കുമുള്ള വോട്ടിങ് രീതി ഓരോ തരത്തിലായതിനാല്‍  അതുവെച്ച് തീരുമാനം എടുക്കുന്നത് ശരിയല്ലെന്നും പിണറായി പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ ബേബി നേരത്തെ രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം മറ്റ് നേതാക്കള്‍ പരസ്യമായി തള്ളിയിരുന്നു.

 

കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ പരാജയത്തെക്കാള്‍ ബേബി നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന കുണ്ടറ മണ്ഡലത്തില്‍ ഏറെ പിന്നില്‍ പോയതാണ് അദ്ദേഹത്തെക്കൊണ്ട്രാജി തീരുമാനം എടുപ്പിച്ചത്. എന്നാല്‍ രാജിവെച്ചാല്‍ ഉടനെയൊരു ഉപതിരഞ്ഞെടുപ്പ് വരുമെന്നതിനാല്‍  പാര്‍ട്ടിരാജി പരിഗണിക്കുമോ എന്നകാര്യത്തില്‍ തീരുമാനം ആയിട്ടില്ല. നിയമസഭാ സമ്മേളനം ജൂണ്‍ ഒമ്പതിന് തുടങ്ങുകയാണ്. അതിനുമുമ്പുതന്നെ തീരുമാനം ഉണ്ടാകുമെന്നാണ് പാര്‍ട്ടി അറിയിച്ചത്.