Skip to main content
തിരുച്ചിറപ്പള്ളി

R Umanathമുതിര്‍ന്ന സി.പി.ഐ.എം നേതാവ് ആര്‍ ഉമാനാഥ് അന്തരിച്ചു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ വെച്ച് രാവിലെ 7.50-നായിരുന്നു അന്ത്യം. മുന്‍ പൊളിറ്റ്ബ്യൂറോ അംഗവും ഇപ്പോള്‍ കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവും ആണ്. പരേതയായ പാപ്പാ ഉമാനാഥാണ് ഭാര്യ. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് യു. വാസുകി മകളാണ്. എ.കെ.ജിയാണ് ഉമാനാഥിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്.

 

1922-ല്‍ കാസര്‍കോട് ജില്ലയിലെ കര്‍ണാടക അതിര്‍ത്തിയില്‍ ജനിച്ച ഉമാനാഥ് പിന്നീട് കോഴിക്കോട് സ്ഥിര താമസമാക്കി. ഉന്നത വിദ്യാഭ്യാസം നേടാന്‍ ചിദംബരം അണ്ണാമലൈ യൂണിവേഴ്സിറ്റിയില്‍ ചേരുന്നതിനായാണ് തമിഴ് നാട്ടിലെത്തിയത്. നാല്‍പ്പതുകളുടെ ആദ്യകാലം മുതല്‍ തൊഴിലാളി സമരങ്ങളിലെ മുന്നണിപ്പോരാളിയായിരുന്ന ഉമാനാഥ് തമിഴ്‌നാട് നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

 

സി.ഐ.ടി.യു മുന്‍ അഖിലേന്ത്യ വൈസ് പ്രസിഡന്റ് ആണ്. സി.പി.ഐ.എമ്മിന്റെ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1940-ല്‍ മദ്രാസ് ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. തമിഴ്നാട് നിയമസഭയിലേക്ക് 1970-ലും 77-ലും നടന്ന തെരഞ്ഞെടുപ്പുകളിലേക്ക് നാഗപ്പട്ടണത്തു നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൂന്നു നാലും ലോക്സഭകളില്‍ പുതുച്ചേരി മണ്ഡലത്തെ പ്രതിനിധീകരിച്ചു.