പാചകവാതക സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര പെട്രോളിയം ഉത്തരവിറക്കി. പാചകവാതക കണക്ഷനുമായി ആധാര്‍ ബന്ധിപ്പിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും പത്തുദിവസത്തിനുള്ളില്‍ സബ്സിഡി നിരക്കില്‍ പാചകവാതക സിലിണ്ടറുകള്‍ ലഭിക്കുമെന്നാണു വിവരം. എന്നാല്‍, രേഖാമൂലമുള്ള യാതൊരു സന്ദേശവും വെള്ളിയാഴ്ച വൈകിട്ടും കമ്പനികള്‍ക്ക് ലഭിച്ചിട്ടില്ല. ഇതുമൂലം ശനിയാഴ്ച ഗ്യാസ് വിതരണം തടസ്സപ്പെട്ടേക്കും.
ഫെബ്രുവരി 28-നു മുന്‍പ് ആധാര്‍ കാര്‍ഡ് ബാങ്കുമായി ബന്ധിപ്പിക്കാത്ത ഉപഭോക്താക്കള്‍ക്ക് സബ്സിഡി തുക നല്‍കേണ്ടതില്ലെന്നാണ് പെട്രോളിയം കമ്പനികള്‍ തീരുമാനമെടുത്തിരുന്നത്. തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെ കേന്ദ്ര മന്ത്രിസഭ ചേര്‍ന്നാണ് വിഷയം മരവിപ്പിച്ചത്. സര്‍ക്കാര്‍ തീരുമാനം എണ്ണക്കമ്പനികള്‍ക്ക് യഥാസമയം എത്തിക്കുന്നതില്‍ കാലതാമസം വന്നതാണ് അനിശ്ചിതത്വത്തിന് ഇടയാക്കിയത്. ഇത് ഉപഭോക്താക്കളെയും ഏജന്‍സികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തി.
ബില്ലിംഗ് രീതിയില്‍ മാറ്റമുണ്ടാകില്ലെന്നും സബ്സിഡി നിരക്കിലും അല്ലാതെയുമുള്ള ബില്ലിംഗ് തുടരുമെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു ഇനി മുതല്‍ പ്രതിമാസം രണ്ട് സിലിണ്ടറുകള്‍ ലഭിക്കും സബ്സിഡിയോടെ 12 സിലിണ്ടറുകള്‍ 21 ദിവസത്തെ ഇടവേളയില്‍ വാങ്ങാന്‍ കഴിയും. എന്നാല്‍ തിങ്കളാഴ്ച മുതല്‍ ഗ്യാസ് വിതരണ വണ്ടികളിലെ തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. അങ്ങനെ വരുമ്പോള്‍ വരും ദിവസങ്ങളിലും ഉപഭോക്താക്കള്‍ക്ക് കൃത്യമായി ഗ്യാസ് ലഭിക്കാതെ വരും.
പെട്രോള്‍ വില ലിറ്ററിന് 60 പൈസയും ഡീസലിന് 50 പൈസയും വര്‍ധിപ്പിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ വിലവര്‍ധന പ്രാബല്യത്തില്‍ വന്നു. പ്രദേശിക നികുതി അനുസരിച്ച് ഓരോ മേഖലയിലും വിലയില്‍ മാറ്റമുണ്ടാകും. അസംസ്കൃത എണ്ണവില രാജ്യാന്തരവിപണിയില്‍ ഉയര്‍ന്നതും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണു വില വര്‍ധിപ്പിക്കാന്‍ കാരണമെന്നു ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് അറിയിച്ചു.