മുന്‍ ഏരിയാ സെക്രട്ടറി എന്‍.വി ബാലകൃഷ്ണനെതിരെയുള്ള അച്ചടക്ക നടപടി കൊയിലാണ്ടിയില്‍ സി.പി.ഐ.എമ്മില്‍ പ്രതിസന്ധിയ്ക്ക് ഇടയാക്കുന്നു. ബാലകൃഷ്ണനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന്‍ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ബാലകൃഷ്ണന്റെ ഭാര്യയും കൊയിലാണ്ടി നഗരസഭാധ്യക്ഷയുമായ കെ.ശാന്ത സ്ഥാനം രാജിവെച്ചിരുന്നു.
സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗം കൂടിയായ ശാന്ത സാമാന്യ നീതി പോലും നിഷേധിച്ചു കൊണ്ടാണ് ഭര്‍ത്താവിനെതിരെയുള്ള സംഘടനാ നടപടിയെന്നും മാനസികമായി പ്രയാസം നേരിടുന്നതിനാല്‍ ഏരിയാകമ്മിറ്റി സ്ഥാനത്തും നഗരസഭാ അധ്യക്ഷ സ്ഥാനത്തും തുടരാന്‍ പ്രയാസമുണ്ടെന്നും കാണിച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടറിക്ക് കത്ത് നല്‍കി.
സോളാര്‍ പ്രശ്‌നത്തില്‍ എല്‍.ഡി.എഫ്. നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം പാതിവഴിയില്‍ ഉപേക്ഷിച്ചതിനെ വിമര്‍ശിച്ച് ലേഖനമെഴുതിയതിനാണ് ബാലകൃഷ്ണനെതിരെ നടപടിയെടുത്തത്. എന്നാല്‍, നടപടി ഏകപക്ഷീയമാണെന്നാണ് ബാലകൃഷ്ണനെ അനുകൂലിക്കുന്നവരുടെ വാദം. കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ.കെ. മുഹമ്മദിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ ബാലകൃഷ്ണന്‍ പരാതിയായി ജില്ലാസെക്രട്ടറിക്ക് നല്‍കിയിരുന്നെന്നും ഇതില്‍ യാതൊരു അന്വേഷണവും നടത്താതെ ബാലകൃഷ്ണനെതിരെ മാത്രം നടപടിയെടുത്തുവെന്നാണ് വിമര്‍ശനം.
നടപടിയില്‍ പ്രതിഷേധിച്ച് നഗരസഭയിലെ മറ്റ് ഒന്‍പതു കൗണ്‍സിലര്‍മാര്‍ കൂടി രാജിക്കൊരുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. കൊയിലാണ്ടി നഗരസഭയില്‍ ആകെയുള്ള 44 കൗണ്‍സിലര്‍മാരില്‍ എല്‍.ഡി.എഫിന് 27 ഉം യു.ഡി.എഫിന് 14 ഉം ബി.ജെ.പി.ക്ക് മൂന്നും അംഗങ്ങളാണുള്ളത്. കൂടുതല്‍ പേര്‍ രാജിവെച്ചാല്‍ ഭരണപ്രതിസന്ധി ഉടലെടുത്തേക്കാം. കൊയിലാണ്ടിക്കടുത്തുള്ള കീഴരിയൂരില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹരീന്ദ്രന്‍ സ്ഥാനം രാജിവെച്ചു. കീഴരിയൂരും സമീപ പഞ്ചായത്തായ മൂടാടിയിലും ബാലകൃഷ്ണനെ അനുകൂലിക്കുന്നവര്‍ സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഇതേത്തുടര്‍ന്ന് എല്‍.ഡി.എഫ് കൊയിലാണ്ടി മണ്ഡലം കണ്‍വെന്‍ഷന്‍ മാറ്റിവെച്ചിട്ടുണ്ട്. ബാലകൃഷ്‌ണനെതിരേയുള്ള നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞ ദിവസം കൊയിലാണ്ടിയില്‍ വിളിച്ചു ചേര്‍ത്ത യോഗം വന്‍ ബഹളത്തില്‍ കലാശിച്ചിരുന്നു.