Skip to main content
തൊടുപുഴ

 

പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ കത്തോലിക്കാ സഭയുടെ ഇടുക്കി രൂപത ഇടയലേഖനമിറക്കി. ഞായറാഴ്ച രൂപതയിലെ പള്ളികളില്‍ വായിച്ച ലേഖനം റിപ്പോര്‍ട്ടിനെതിരെ തെരഞ്ഞെടുപ്പിലൂടെ പ്രതികരിക്കാന്‍ ആഹ്വാനം ചെയ്യുന്നു.

 

പശ്ചിമഘട്ടം നേരിടുന്ന പാരിസ്ഥിതിക ഭീഷണികള്‍ പഠിച്ച് സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന മാധവ് ഗാഡ്ഗില്‍, കെ. കസ്തൂരിരംഗന്‍ കമ്മിറ്റികളുടെ നിര്‍ദ്ദേശങ്ങളെ കത്തോലിക്കാ സഭ തുടക്കം മുതലേ എതിര്‍ക്കുകയാണ്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അടക്കം നിലപാടെടുത്തതോടെയാണ്‌ കേന്ദ്ര പരിസ്ഥിതി-വനം വകുപ്പ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുന:പരിശോധിക്കാന്‍ കസ്തൂരിരംഗന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതായി കേന്ദ്രം കഴിഞ്ഞ മാസം അറിയിച്ചിരുന്നു.

 

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനായി വാദിക്കുന്നവരെ അടുത്ത തെരഞ്ഞെടുപ്പില്‍ സംഘടിതമായി നേരിടണമെന്ന് ഇടയലേഖനം ആഹ്വാനം ചെയ്യുന്നു. പശ്ചിമഘട്ട സംരക്ഷണമെന്ന പേരില്‍ കര്‍ഷകരെ കുടിയിറക്കാനുള്ള ശ്രമത്തെ സര്‍ക്കാര്‍ ചെറുക്കുന്നില്ല എന്ന് ലേഖനം ആരോപിക്കുന്നു. ഇതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ക്കായി നിലകൊള്ളുന്ന ജനപ്രതിനിധികള്‍ രാജിവെച്ചും പാര്‍ട്ടികള്‍ സര്‍ക്കാറില്‍ നിന്ന്‍ പിന്‍വാങ്ങിയും റിപ്പോര്‍ട്ടിനെതിരെ നിലപാടെടുക്കാന്‍ ലേഖനം ആവശ്യപ്പെടുന്നു.

 

ഇടുക്കിയിലെ പട്ടയപ്രശ്നവും ശക്തമായ ഭാഷയിലാണ് ലേഖനത്തില്‍ ഉന്നയിക്കുന്നത്. പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ നേതാക്കളെ തെരുവില്‍ കാണുമെന്നും മന്ത്രിമാരേയും ജനപ്രതിനിധികളേയും ഉപരോധിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കേണ്ടി വരുമെന്നും ലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. വിഷയത്തില്‍ ഒറ്റക്കെട്ടായി നിന്ന്‍ തെരഞ്ഞെടുപ്പിലൂടെ പ്രതികരിക്കാന്‍ വിശ്വാസികളോട് ലേഖനം ആഹ്വാനം ചെയ്യുന്നു.   

Tags