ഐസ്ക്രീം പാര്‍ലര്‍കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് വി.എസ് സുപ്രീംകോടതിയെ സമീപിച്ചത്. നിലവിലുള്ള സാഹചര്യത്തില്‍ കേസില്‍ ഇടപെടാനാകില്ലെന്ന് കാണിച്ചാണ് ഹൈക്കോടതി വി.എസ്സിന്റെ ഹര്‍ജി തള്ളിയത്.
മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വ്യവസായിയുമായ കെ.എ റൗഫിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഐസ്ക്രീം കേസ് അട്ടിമറിക്കാനായി ജഡ്ജിമാരെ പണം നല്കി സ്വാധീനിച്ചുവെന്നാണ് റൗഫ് വെളിപ്പെടുത്തിയിരുന്നത്. റൗഫിന്റെ വെളിപ്പെടുത്തല്‍ ശരിയെങ്കില്‍ അത് ആശങ്കാജനകമാണെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ കേസില്‍ അപാകതയുണ്ടെങ്കില്‍ പരിഗണിക്കേണ്ടത് വിചാരണക്കോടതിയാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.
എന്നാല്‍ വിചാരണക്കോടതിക്ക് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാന്‍ അധികാരമില്ലാത്തതിനാലാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്നും വി.എസ് ഹര്‍ജിയില്‍ പറയുന്നു.