നെല്ലിയാമ്പതി ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ നടക്കുന്ന നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. മിന്നാമ്പാറ എസ്റ്റേറ്റുമായി ബന്ധപ്പെട്ട നടപടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ചീഫ് ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹൈക്കോടതിയുടെ നടപടിയില്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എസ്റ്റേറ്റിലെ 200ഏക്കര്‍ ഭൂമി സംബന്ധിച്ച കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ് എന്നാല്‍ എസ്റ്റേറ്റിലെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സീല്‍ ചെയ്തിരുന്നു. ഇതിനെതിരെ എസ്റ്റേറ്റ് അധികൃതര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ഒരേ കാര്യത്തെ സംബന്ധിച്ച് രണ്ടു കോടതികളില്‍ കേസ് നടക്കുന്നത് ശരിയല്ലെന്നു കാണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കൂടാതെ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നടക്കുന്ന നടപടി നിര്‍ത്തി വയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിന് ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസില്‍ ഹൈക്കോടതിയുടെ നിലപാടിന് ശേഷം സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
നെല്ലിയാമ്പതി പ്ലാന്റേഷന്‍സിന് നെല്ലിയാമ്പതി മലനിരയോട് ചേര്‍ന്ന് 200 ഏക്കര്‍ ഭൂമി അളന്ന് തിരിച്ചുനല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് നേരത്തെ സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു.