ന്യൂഡല്‍ഹി: മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷാപദവി നല്‍കാന്‍ വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ സംസ്‌കൃതം, തമിഴ്, കന്നഡ, തെലുങ്ക് എന്നിവക്ക് പിന്നാലെ ഈ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയായി മലയാളം.
ഭാഷയുടെ വികാസത്തിനായി വിപുലമായ കേന്ദ്രസഹായത്തിന് അവസരമൊരുക്കുന്നതാണ് പദവി. മലയാളത്തിനായി ദേശീയകേന്ദ്രം സ്ഥാപിക്കാനും കേന്ദ്രസര്‍വകലാശാലകളില്‍ മലയാളപഠനവിഭാഗം രൂപവത്കരിക്കാനുമൊക്കെ ഇത് സഹായകമാവും.
ശ്രേഷ്ഠഭാഷാപദവി നല്‍കണമെന്ന കഴിഞ്ഞ ഇടതുസര്‍ക്കാറിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധസമിതി ഡിസംബര്‍ 19-ന് കേരളത്തിന്റെ ആവശ്യം അംഗീകരിച്ചിരുന്നു. മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍, ഭാഷാവിദഗ്ധരായ പ്രൊഫ. നടുവട്ടം ഗോപാലകൃഷ്ണന്‍, പ്രൊഫ. ബി. ഗോപിനാഥന്‍ എന്നിവരായിരുന്നു സംസ്ഥാനത്തിന്റെ പ്രതിനിധികള്‍. കേന്ദ്രസാഹിത്യ അക്കാദമിയുടെ ക്ഷണിതാവായി കേരളത്തില്‍നിന്ന് ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അംഗമായിരുന്നു.