രാഷ്ട്രതന്ത്ര അധ്യാപകന് ഡോ. എന്‍. ജയദേവന്റെ രാഷ്ട്രീയ നിരീക്ഷണ പംക്തി. |
സോളാർ തട്ടിപ്പിൽ രാഷ്ട്രീയ കേരളം ഇളകി മറിയുമ്പോൾ ഉമ്മൻചാണ്ടി അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നത് എന്ത്? അപമാനം സഹിച്ചും താൻ അധികാരത്തിൽ തുടരുമെന്നാണ്. അധികാരം വിട്ടൊരു കളിക്ക് ഉമ്മൻ ചാണ്ടി മുതിരുമെന്ന് കരുതുന്നവർ വെറും മനഃപ്പായസം ഉണ്ണികളാണ്. എത്ര കരിങ്കൊടി കാണിച്ചാലും എത്രകാലം രാപ്പകൽ സത്യാഗ്രഹം നടത്തിയാലും കുഞ്ഞൂഞ്ഞ് അധികാരം ഉപേക്ഷിച്ച് ഓടിപ്പോകുമെന്ന് ആരും കരുതണ്ട. പുറത്ത് ഇറങ്ങാൻ പറ്റാതായാലും പരിപാടികൾ റദ്ദാക്കേണ്ടിവന്നാലും നാണക്കേടെന്ന ഒരു വികാരം കുഞ്ഞൂഞ്ഞിന്റെ മനസ്സിലും ശരീരത്തിലും ഏശാൻ പോകുന്നില്ല. രാജിവെയ്ക്കാതിരിക്കുന്നതിനുള്ള മുൻകൂർ ജാമ്യമാണ് എത്ര അപമാനം പേറേണ്ടിവന്നാലും രാജിവെയ്ക്കില്ലെന്ന പ്രഖ്യാപനം.
ഉമ്മൻ ചാണ്ടി രാജിവെയ്ക്കണമെന്ന് മനസ്സിൽ ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ജനങ്ങളിൽ മഹാഭൂരിപക്ഷവുമെന്നതിൽ സന്ദേഹത്തിന് വകയില്ല. ജനങ്ങളിൽ മഹാഭൂരിപക്ഷമെന്നത് ഒരു കൊട്ടത്താപ്പ് കണക്കോ ഒരു അതിശയോക്തിപരമായ പ്രസ്താവനയോ അല്ല. തികച്ചും വസ്തുതാപരമായ ഒരു വിലയിരുത്തലാണ്. രാജിയും ജുഡീഷ്യൽ അന്വേഷണവും പരസ്യമായി ആവശ്യപ്പെട്ട് നിരന്തരസമരം നടത്തിക്കൊണ്ടിരിക്കുന്ന പ്രതിപക്ഷ ഇടതുജനാധിപത്യമുന്നണി നാല്പതു ശതമാനത്തിലധികം വോട്ടർമാരുടെ പിന്തുണയുള്ള വിഭാഗമാണ്. 8-10 ശതമാനത്തോളം വോട്ടുള്ള ബി.ജെ.പി.യും ഉമ്മൻ ചാണ്ടി രാജിവെയ്ക്കണമെന്ന പക്ഷത്ത് ഉറച്ചുനിൽക്കുകയാണ്. ഒരു പാർട്ടിയോടും സ്ഥായിയായി കൂറുപുലർത്താത്ത, എന്നാൽ സുവ്യക്തമായ രാഷ്ട്രീയ നിലപാടുള്ള പൗരസമൂഹം ഉമ്മൻ ചാണ്ടി രാജിവെക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് ഉറച്ചുവിശ്വസിക്കുന്നതാണ്. യു.ഡി.എഫിലെ പ്രമുഖ ഘടകകക്ഷികളെല്ലാവരും ഉമ്മൻ ചാണ്ടിയുടെ രാജി ഉള്ളംകൊണ്ട് ആഗ്രഹിക്കുവരാണ്. അതവർ, പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിയും മാണിയും ഏതാണ്ട് പരസ്യമായി തന്നെ തങ്ങളുടെ അസംതൃപ്തി പ്രകടിപ്പിച്ചുകഴിഞ്ഞു. ചാണ്ടി രാജിവെക്കേണ്ടതില്ലെന്ന പ്രമേയം പാസ്സാക്കാൻ സാഹചര്യങ്ങളുടെ സമ്മർദത്താൽ നിർബന്ധിതരായെങ്കിലും കോണ്‍ഗ്രസ്സിനുള്ളിലെ പ്രശ്നങ്ങളിലും ഭരണപ്രതിസന്ധിയിലും പ്രതിഛായാനഷ്ടത്തിലും തങ്ങൾക്കുള്ള അസഹ്യത അവർ വ്യക്തമാക്കിയതിലൂടെ, മുഖ്യമന്ത്രി ഒഴിയണമെന്ന് അവർ പറയാതെ പറയുകയായിരുന്നു. കോണ്‍ഗ്രസ് ആരെ മുഖ്യമന്ത്രിയായി നിശ്ചയിച്ചാലും തങ്ങൾ അംഗീകരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞപ്പോൾ ഉള്ളിലിരിപ്പ് വ്യക്തമാകുമല്ലോ. കോണ്‍ഗ്രസ്സിൽ കേരളത്തിലെ കോഗ്രസ്സുകാരുടെ നേർപകുതിപേരുടെ പിന്തുണയുള്ള ഐ വിഭാഗം ഉമ്മൻ ചാണ്ടി രാജിവെയ്ക്കണമെന്ന തങ്ങളുടെ നിലപാട് ഒട്ടൊക്കെ പ്രത്യക്ഷമായും പരോക്ഷമായും എന്നേ വ്യക്തമാക്കികഴിഞ്ഞു. ഇതൊക്കെ അനിഷേധ്യ യാഥാർത്ഥ്യമാണെങ്കിൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെന്ന് ആഗ്രഹിക്കുവർ കേരളീയരിൽ എത്ര ശതമാനമുണ്ട് - കേരളത്തിന്റെ ജനസംഖ്യയിൽ ഏറിയാൽ 10 ശതമാനം പേരുടെ പിന്തുണയുള്ള എ കോണ്‍ഗ്രസുകാർ. കോഗ്രസ്സിലെ എ-ക്കാർ എല്ലാവരും ഉമ്മൻചാണ്ടിയെ പിന്തുണക്കുന്നവരോണോ? അല്ലെന്ന് തീർത്തുപറയാൻ കാരണം എ-ക്കാരിലെ ആന്റണി പക്ഷക്കാർ, സുധീരൻ പക്ഷക്കാർ, എൻ.എസ്.എസ്- എസ്.എൻ.ഡി.പി പക്ഷക്കാർ തുടങ്ങിയവരെല്ലാം ഉമ്മൻ ചാണ്ടി രാജിവെയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിന്റെ അർത്ഥം എ കോണ്‍ഗ്രസ്സിലെ ഒരു സൂക്ഷ്മ ന്യൂനപക്ഷമൊഴികെയുള്ള ഒരു കേരളീയന്റെയും പിന്തുണ ചാണ്ടിക്കില്ലെന്നാണ്. ഈ യാഥാർത്ഥ്യം ബോധ്യമാകാത്ത ഏക മലയാളിയും ഉമ്മൻ ചാണ്ടി മാത്രമാണ്.
ഉമ്മൻ ചാണ്ടി രാജിവെയ്ക്കണമെന്ന വികാരം മുകളിൽ പറഞ്ഞവരെല്ലാം പങ്കുവെയ്ക്കുന്നുണ്ടെങ്കിലും അതിനുള്ള ന്യായങ്ങൾ, ഓരോരുത്തർക്കും വ്യത്യസ്തമാണ്. പ്രതിപക്ഷത്തിന്, നേരിയ ഭൂരിപക്ഷത്തിന്റെ ബലത്തിൽ എല്ലാ രാഷ്ട്രീയ സദാചാരത്തെയും ധാർമികമൂല്യങ്ങളെയും അവഗണിച്ച് അധികാരത്തിൽ കടിച്ചുതൂങ്ങുന്ന ഉമ്മൻ ചാണ്ടിയെ താഴെയിറക്കി അധികാരം തിരിച്ചുപിടിക്കണം. ഭരണമുണി ഘടകകക്ഷികൾക്ക് തങ്ങളും ജനരോഷത്തിന് പാത്രമാകുമെന്നും തൻമൂലം അടുത്തുവരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കൈയിലുള്ള സീറ്റുകളും നഷ്ടപ്പെടുമെന്ന ഭീതി. ഐ ഗ്രൂപ്പിന് ഭരണത്തിൽ തങ്ങൾ അനുഭവിക്കുന്ന അവഗണനയിലുള്ള പ്രതിഷേധം. എ ഗ്രൂപ്പിലെ ആന്റണി പക്ഷക്കാർക്ക് പണ്ട് ഉമ്മൻചാണ്ടി ആന്റണിയെ കാലുവാരിയതിലുള്ള പ്രതികാരം. എ ഗ്രൂപ്പിലുള്ള ജാതി - സമുദായ വികാരക്കാർക്ക് ക്രൈസ്തവ - ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഭരണത്തിലുള്ള അമിത സ്വാധീനത്തിലുള്ള പ്രതിഷേധം.
എന്നാൽ ഒരു കക്ഷിയോടും പ്രത്യക്ഷ രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിക്കാത്ത പ്രബുദ്ധ പൗരസമൂഹം ഉമ്മൻ ചാണ്ടിയുടെ രാജി ആഗ്രഹിക്കുന്നത് രാഷ്ട്രീയത്തിൽ ധാർമികമൂല്യങ്ങളും സദാചാരസംഹിതകളും നീതിസാരങ്ങളും പുലരണമെന്ന താത്പര്യം കൊണ്ടാണ്. ഏതൊരു സർക്കാർ സ്ഥാപനത്തിലും നടക്കുന്ന ക്രമക്കേടുകൾക്കും അഴിമതികൾക്കും നിയമലംഘനങ്ങൾക്കും പൊതുസമൂഹത്തോട് സമാധാനം പറയേണ്ടത് പ്രസ്തുത ഓഫീസിന്റെ അധിപന്റെ ഉത്തരവാദിത്വവും ധാർമികബാധ്യതയുമാണ്. ഈ ഉത്തരവാദിത്വവും ധാർമികതയുമാണ് ഉമ്മൻ ചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അധിപൻ ലംഘിച്ചിരിക്കുന്നത്. തന്റെ പി.എമാരും സഹചാരികളുമായിരുന്ന ടെന്നി ജോപ്പൻ, സലിംരാജ്, ജിക്കു ജേക്കബ്ബ് എന്നിവർ സരിതയെന്ന തട്ടിപ്പുകാരിയുമായി നിരന്തരം നേരിട്ടും ഫോണ്‍വഴിയും സമ്പർക്കം പുലർത്തിയിരുന്നുവെന്ന് അവർ മൂവരും തുറന്നു സമ്മതിക്കുന്നു. അതിൽ ഒരാൾ തട്ടിപ്പിലെ പങ്കാളിയായതിന്റെ പേരിൽ ഇരുമ്പഴിക്കുള്ളിലാകുകയും ചെയ്തു. ഈ മൂവരുടെയുമൊക്കെ മൊബൈൽ ഫോണുകൾ മാറിമാറി ഉപയോഗിച്ചിരുന്ന ഉമ്മൻ ചാണ്ടി തന്നെ സരിതയുമായി പലപ്പോഴും സംസാരിച്ചിട്ടുണ്ടാകുമെന്ന് പൊതുജനം സംശയിക്കുന്ന സാഹചര്യമുണ്ട്. എന്നിട്ടും ഞാനൊന്നുറിഞ്ഞില്ലേ രാമനാരായണ എന്ന കീർത്തനവും പാടി ധാർമിക ഉത്തരവാദിത്വത്തിൽ നിന്നും ഒഴിയുന്ന ഉമ്മൻ ചാണ്ടിയോളം ചർമബലവും അധികാരാർത്തിയും കേരള രാഷ്ട്രീയ ചരിത്രത്തിൽ മുമ്പാർക്കും ഉണ്ടായിട്ടില്ല. സോളാർ തട്ടിപ്പ് കേസിൽ സർക്കാർ ചിലതെല്ലാം മറച്ചുവെയ്ക്കാൻ ശ്രമിക്കുന്നതായും ഉമ്മൻ ചാണ്ടിയെ ചോദ്യം ചെയ്യാത്തതെന്ത് തുടങ്ങിയ മാരകമായ പരാമർശങ്ങൾ സർക്കാരിനെതിരെ ഹൈക്കോടതി നടത്തിയിട്ടും ഉമ്മൻ ചാണ്ടി സ്വയം ന്യായീകരിക്കുകയാണ്. ഇത്രയും നാണംകെട്ട് അധികാരത്തിനുവേണ്ടി അസത്യങ്ങൾ മാത്രം പുലമ്പുന്ന ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയകുതന്ത്രങ്ങൾക്ക് മുന്നിൽ ആചാര്യനായ മാക്യവെല്ലി പോലും സാഷ്ടാംഗം പ്രണമിച്ചുപോകും. ഇതെല്ലാം അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കുന്നത് അധികാര കേന്ദ്രീകൃതം മാത്രമാണ് രാഷ്ട്രീയം എന്ന മൂല്യനിരാസ അവസരവാദ പ്രയോഗികതയാണ് ഉമ്മൻ ചാണ്ടിയെ നയിക്കുന്നതെന്നാണ്. രാഷ്ട്രീയത്തിൽ നന്മ, മൂല്യം, സദാചാരം തുടങ്ങിയ സങ്കല്പനങ്ങൾക്ക് സ്ഥാനമില്ലെന്ന് പറഞ്ഞ മാക്യവെല്ലി പോലും ഭരണാധികാരി സത്യസന്ധനായിരിക്കണമെന്ന് എഴുതിയിട്ടുണ്ട്. സത്യസന്ധതയില്ലായ്മയും കള്ളം പറയാനുള്ള ചാതുര്യവുമാണ് ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയ നേതാവിന്റെ മുഖമുദ്ര. രാഷ്ട്രീയ സദാചാരവും ധാർമിക സങ്കല്പനങ്ങളും ഉമ്മൻ ചാണ്ടിയുടെ നിഘണ്ടുവിലെ അപരിചിതമുഖങ്ങളാണ്. ഉമ്മൻ ചാണ്ടി സമം അധികാരം മൈനസ് രാഷ്ട്രീയ സദാചാരം എന്നതാണ് ഉമ്മൻചാണ്ടിയൻ രാഷ്ട്രീയത്തിന്റെ സമവാക്യം.
ഉമ്മൻ ചാണ്ടി ഒരു കാര്യം പറഞ്ഞിട്ടുണ്ട്, പാർട്ടി പറഞ്ഞാൽ രാജിവെയ്ക്കുമെന്ന്. അതു പറയാനുള്ള ധാർമിക യോഗ്യത റോബർട്ട് വധേരയുടെ അമ്മായിയമ്മയായ സോണിയാ ഗാന്ധിയും ലക്ഷംകോടികളുടെ കുംഭകോണ ചെളിക്കുഴിയിൽ നീന്തിക്കുളിക്കുന്ന മൻമോഹൻ സിങ്ങും ഉൾപ്പെടുന്ന കോണ്‍ഗ്രസ് ഹൈക്കമാന്റിന് ഇല്ലെന്ന് ഉമ്മൻ ചാണ്ടിക്ക് ഉറപ്പുണ്ട്. കേന്ദ്രനേതൃത്വത്തിന്റെ ഈ ദൗർബല്യമാണ് ഉമ്മൻ ചാണ്ടിയുടെ കരുത്ത്.