Skip to main content
Imphal

dalai-lama

ഭീകരവാദികളില്‍ മുസ്ലീമെന്നോ ക്രിസ്ത്യനെന്നോ വ്യത്യാസമില്ലെന്ന് ആത്മീയ നേതാവ് ദലൈ ലാമ. ഭീകരവാദികള്‍ക്ക് യഥാര്‍ത്ഥത്തില്‍ മതമില്ല. തീവ്രവാദത്തിലേക്ക് എത്തിക്കഴിഞ്ഞാല്‍ പിന്നെ മതത്തിന് സ്ഥാനമില്ലെന്നും ദലൈലാമപറഞ്ഞു. ഇംഫാലിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം, മണിപ്പൂരില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതാണ് ദലൈലാമ. മതവിശ്വാസം പുലര്‍ത്തുന്നതിനും മതപ്രചാരണം നടത്തുന്നതിനും തമ്മില്‍ വ്യത്യാസമുണ്ട്. മതപരിവര്‍ത്തനം ചെയ്യിക്കുന്നത് ശരിയല്ലെന്നും ദലൈലാമ പറഞ്ഞു.

 

ഇന്ത്യയും ചൈനയും മഹത്തായ രണ്ട് രാജ്യങ്ങളാണ്. ദോക്‌ലാം അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഗുരുതരമായ സ്ഥിതിയിലേക്ക് പോകുമെന്ന് താന്‍ കരുതുന്നില്ലെന്നും ദലൈലാമ പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധമുണ്ടാകില്ലെന്നും യുദ്ധത്തിലേക്ക് നീങ്ങിയാല്‍ ഒരു രാജ്യത്തിനും വിജയമുണ്ടാകില്ലെന്നും ദലൈലാമ കൂട്ടിച്ചേര്‍ത്തു. മ്യാന്‍മറിലെ റോഹിങ്ക്യ മുസ്ലീംങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന പീഡനം ദൗര്‍ഭാഗ്യകരമാണെന്നും ദലൈലാമ അഭിപ്രായപ്പെട്ടു.

 

ഇന്ത്യയും ചൈനയും ജപ്പാനുമടക്കമുള്ള രാജ്യങ്ങള്‍ അംഗങ്ങളായി ഒരു ഏഷ്യന്‍ യൂണിയന്‍ രൂപം കൊള്ളുകയെന്നതാണു തന്റെ സ്വപ്‌നമെന്നും മ്യാന്‍മറിലെ മതപരമായ അസഹിഷ്ണുതയും മുസ്‌ലിം വിഭാഗങ്ങള്‍ക്കുനേരെ തുടരുന്ന അതിക്രമങ്ങളും ദൗര്‍ഭാഗ്യകരമാണെന്നും ദലൈലാമ പറഞ്ഞു.