ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് 1.40 രൂപ കൂട്ടി. പ്രാദേശിക നികുതി അടക്കം കേരളത്തില്‍ വര്‍ധന 1.73 രൂപയാണ്. വെള്ളിയാഴ്ച അര്‍ധരാത്രി പുതുക്കിയവില നിലവില്‍ വന്നതൊടെ ഇതാദ്യമായി പെട്രോള്‍ ലിറ്ററിന് 73 രൂപ കടന്നു.
രണ്ടാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കൂട്ടുന്നത്. ഫിബ്രവരി 15-ന് പെട്രോളിന് ഒന്നരരൂപയും ഡീസലിന് 45 പൈസയും കൂട്ടിയിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃതഎണ്ണയുടെ വിലയിലുണ്ടായ വര്‍ധനയും രൂപയുടെ മൂല്യത്തകര്‍ച്ചയും കാരണമാണ് വില കൂട്ടിയതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഡീസല്‍ ലിറ്ററിന് 11.26 രൂപ, മണ്ണെണ്ണ 33.43, പാചകവാതകം സിലിണ്ടറിന് 439 രൂപ എന്നിങ്ങനെ നഷ്ടത്തിലാണ് ഇപ്പോള്‍ വില്‍ക്കുന്നതെന്നും എണ്ണക്കമ്പനികള്‍ പറയുന്നു. പെട്രോളിനു പുറമെ, വിമാന ഇന്ധനത്തിന്റെ വിലയും 3.8 ശതമാനം കൂട്ടിയിട്ടുണ്ട്.