തുടര്‍ച്ചയായി രണ്ടാം ദിവസം ജമ്മുവില്‍ ഭീകരാക്രമണം. സാംബയിലെ സൈനിക കേന്ദ്രത്തിന് നേര്‍ക്കാണ് ശനിയാഴ്ച പുലര്‍ച്ചെ ആക്രമണമുണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ കതുവയില്‍ പോലീസ് സ്റ്റേഷന്‍ ആക്രമിക്കപ്പെട്ടിരുന്നു.
81 ആമേഡ് റെജിമെന്റിന്റെ താവളത്തിനു നേര്‍ക്ക് രണ്ടു മുതല്‍ നാല് പേര്‍ വരെ വരുന്ന അക്രമികള്‍ ഗ്രനേഡുകള്‍ എറിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരാള്‍ക്ക് പരിക്കേറ്റതായ റിപ്പോര്‍ട്ടുകള്‍ സൈനിക വക്താവ് നിഷേധിച്ചു.
അതേസമയം, സേനാതാവളത്തിലേക്ക് കടക്കാന്‍ അക്രമികള്‍ക്ക് കഴിഞ്ഞിട്ടില്ല. താവളത്തിനും സമീപത്തെ സൈനിക സ്കൂളിനും ഇടയിലെ കുറ്റിക്കാടുകളില്‍ ഒളിച്ചിരുന്ന്‍ വെടിവെയ്പ് നടത്തുകയാണിവര്‍. സൈന്യം പ്രത്യാക്രമണം നടത്തുന്നുണ്ട്.
കതുവയില്‍ ഇന്നലെ നടന്ന ആക്രമണത്തില്‍ മൂന്ന്‍ പോലീസുകാരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു. അക്രമിസംഘത്തിലെ രണ്ട് പേരെ അഞ്ച് മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ സൈന്യം വധിച്ചു.
ജമ്മു കാശ്മീരില്‍ മാര്‍ച്ച് ഒന്നിന് പി.ഡി.പി-ബി.ജെ.പി സഖ്യസര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടക്കുന്ന ആദ്യ ഭീകരാക്രമണമായിരുന്നു കതുവയിലേത്.